സർക്കാരിന് ആശ്വാസം; മസാല ബോണ്ട് കേസിൽ തുടർനടപടി തടഞ്ഞ് ഹൈക്കോടതി

#ബിനില്‍ | മാതൃഭൂമി ന്യൂസ്
കേരള ഹെെക്കോടതി
കേരള ഹെെക്കോടതി

കൊച്ചി: മസാല ബോണ്ട് കേസിൽ ‘ഫെമ’ ലംഘനം കണ്ടെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) റിപ്പോർട്ടിലെ തുടർനടപടികൾ തടഞ്ഞ് ഹൈക്കോടതി. നാലുമാസത്തേക്കാണ് സ്‌റ്റേ. മുഖ്യമന്ത്രിക്കും കേരള സർക്കാരിനും കിഫ്ബിക്കും ആശ്വാസം നൽകുന്ന തീരുമാനമാണ് ഹൈക്കോതിയിൽനിന്ന് ഉണ്ടായിരിക്കുന്നത്. കിഫ്ബിയുടെ ഹർജിയിൽ വിശദമായ വാദം കേൾക്കേണ്ട കാര്യങ്ങളുണ്ടെന്നാണ് കേസിലെ തുടർനടപടികൾ താൽകാലികമായി തടഞ്ഞുകൊണ്ട് ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കിയത്.

കിഫ്ബിയുടെ മസാല ബോണ്ടിൽ ‘ഫെമ’ നിയമലംഘനം കണ്ടെത്തിയതിന് പിന്നാലെ തുടർ നടപടികൾക്കായി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് ഇഡി റിപ്പോർട്ട് കൈമാറിയിരുന്നു. ഈ റിപ്പോർട്ടിന്മേൽ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അതിലെ തുടർ നടപടികളാണ് ഇപ്പോൾ ഹൈക്കോടതി നാലുമാസത്തേക്ക് സ്‌റ്റേ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബിയും ഇനി അടിയന്തരമായി കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകേണ്ടി വരില്ല.

കിഫ്ബിയുടെ ഹർജിയിൽ വിശദമായ വാദം കേൾക്കേണ്ട കാര്യങ്ങളുണ്ടെന്നു പറഞ്ഞ ഹൈക്കോടതി ഇതിനായി കിഫ്ബിയുടെ ഹർജി ഫയലിൽ സ്വീകരിച്ചു. ഇഡി അടക്കമുള്ള, കേസിലെ എതിർ കക്ഷികൾക്ക് കോടതി ഇതുസംബന്ധിച്ച നോട്ടീസ് അയച്ചിട്ടുണ്ട്. ഈ നോട്ടീസിലെ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷമായിരിക്കും ഹൈക്കോടതി ഇനി ഈ കേസിൽ വാദം കേൾക്കുക.

അഡീഷണൽ സോളിസിറ്റർ ജനറലും കോടതിയിൽ ഹാജരായിരുന്നു. കേസിലെ എല്ലാ നടപടികളും തടഞ്ഞുകൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും അത് അഡ്ജുഡിക്കേറ്റീവ് അതോറിറ്റിയുടെ തുടർനടപടികളെ ബാധിക്കുമെന്നും കേന്ദ്രത്തിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. അതിനാൽ സ്റ്റേ അനുവദിക്കരുതെന്ന വാദം അദ്ദേഹം മുന്നോട്ടുവെച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.

രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള കേസാണ് കിഫ്ബി മസാല ബോണ്ട് കേസ്. കോൺഗ്രസും ബിജെപിയും കേരള സർക്കാരിനെ ഒരുപോലെ മുൾമുനയിൽ നിർത്തിയ കേസാണിത്. കേന്ദ്രത്തിൽ കോൺഗ്രസ് ഇഡിയെ എതിർക്കുമെങ്കിലും ഈ കേസിൽ കേരളത്തിൽ പൂർണമായ പിന്തുണ നൽകിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഇടതുസർക്കാരിന് ലഭിച്ചിരിക്കുന്ന ഈ നാലുമാസത്തെ സാവകാശം രാഷ്ട്രീയപരമായി ഏറെ ആശ്വാസം നൽകുന്നതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. 

Content Highlights: Kerala High Court stays further proceedings in the KIIFB Masala Bond case for four months, providing significant relief to CM, Kerala Govt, and KIIFB. ED`s actions halted.