‘ഉറപ്പുകളൊന്നും പാലിക്കുന്നില്ല, ശരിയായ ഏകോപനമില്ല’; ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ വീഴ്ചയെന്ന് ഹൈക്കോടതി

#ബിനിൽ/മാതൃഭൂമി ന്യൂസ്
Photo: PTI
Photo: PTI

കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ ഉണ്ടായ വീഴ്ചയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കുന്നതിൽ വേണ്ടത്ര ഏകോപനം ഉണ്ടാകുന്നില്ലെന്നും ദേവസ്വം ബോർഡ് പറഞ്ഞതൊന്നും നടന്നില്ലെെന്നും കോടതി വിമർശിച്ചു.

തിരക്ക് നിയന്ത്രിക്കുന്ന കാര്യത്തിൽ ദേവസ്വംബോർഡ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൃത്യമായ ഏകോപനം ശബരിമലയിൽ ഉണ്ടായില്ല. മുന്നൊരുക്കങ്ങൾ ആറുമാസം മുമ്പെങ്കിലും തുടങ്ങേണ്ടതായിരുന്നെന്നും കോടതി പറഞ്ഞു. ശാസ്ത്രീയമായാണ് തിരക്ക് നിയന്ത്രിക്കേണ്ടത്. അത് ശബരിമലയിൽ സംഭവിച്ചിട്ടില്ലെന്നാണ് ഇപ്പോൾ ബോധ്യപ്പെട്ടിട്ടുള്ളത്. പരമാവധി ആളുകളെ ശബരിമല സന്നിധാനത്തേക്ക് കയറ്റിവിട്ടിട്ട് എന്തുകാര്യമെന്നും കോടതി ചോദിച്ചു.

സന്നിധാനം, പമ്പ, നിലക്കലിനും പമ്പയ്ക്കുമിടയിലുള്ള ഭാഗം, കാനന പാത തുടങ്ങിയിടങ്ങളിൽ എത്രപേരെ ഉൾക്കൊള്ളാൻ കഴിയും എന്നതിന്റെ കൃത്യമായ കണക്ക് ദേവസ്വം ബോർഡിന്റെ കൈയിൽ ഇല്ല. ഒരു ദിവസം 90,000 പേർക്ക് ദർശനമൊരുക്കാൻ കഴിയുമെന്ന കണക്കുമാത്രമാണ് ദേവസ്വം ബോർഡിന് മുമ്പിലുള്ളത്. ഈ മേഖലകൾ ഓരോ സെക്ടറായി തിരിക്കാൻ കോടതി നിർദേശിച്ചു.

നിലക്കൽ മുതൽ സന്നിധാനംവരെ നാലോ അഞ്ചോ സെക്ടർ ആയി തിരിക്കാനാണ് നിർദേശം. ഇവിടെ എത്രപേരെ ഉൾക്കൊള്ളാനാകും എന്ന് ശാസ്ത്രീയമായി കണക്കാക്കണം. ഇതിനുശേഷം അതിനനുസരിച്ചുമാത്രമേ ആളുകളെ മുകളിലേക്ക് കയറ്റിവിടാവൂ എന്ന് സർക്കാരിനോടും ദേവസ്വം ബോർഡിനോടും ഹൈക്കോടതി നിർദേശിച്ചു. ആളുകളെ കയറ്റിവിടുക എന്നതല്ല പ്രധാനം. കയറിപ്പോകുന്നവർക്ക് കൃത്യമായി ദർശനമൊരുക്കുക, അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും കോടതി ചൂണ്ടിക്കാട്ടി.

Content Highlights: Kerala High Court Slams Sabarimala Crowd Management: "No Coordination, No Plan"