തച്ചങ്കരിയുടെ ജയിൽ ആശുപത്രിവാസം സൂത്രപ്പണിയോ?; പരിശോധിക്കാനൊരുങ്ങി ഹൈക്കോടതി, വിദേശ ജോലിയാവശ്യം കുരുക്കായി

കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിലെത്തിയ ദിവസംമുതൽ ജാമ്യംകിട്ടി പുറത്തുവരും വരെ മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് സൂത്രപ്പണിയായിരുന്നോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി. ജോലിക്ക് വിദേശത്തുപോകാൻ അനുവദിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യത്തെത്തുടർന്നാണ് കോടതിയുടെ നീക്കം.
തച്ചങ്കരിയുടെ ഹർജി വിശദവാദത്തിനായി ജസ്റ്റിസ് എ. ബദറുദ്ദീൻ നവംബർ 12-ലേക്ക് മാറ്റി. ഹൃദ്രോഗം, ശ്വാസതടസ്സം, സോറിയാസിസ് തുടങ്ങിയവയുള്ളതിനാലാണ് ജയിൽ ആശുപത്രിയിലാക്കിയതെന്നാണ് ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. ശ്വസന ഉപകരണങ്ങളുടെ സഹായം തേടുന്നുണ്ടെന്ന് തച്ചങ്കരിയുടെ അഭിഭാഷകനും അറിയിച്ചു.
‘‘ജയിലിലായിരുന്നപ്പോൾ പതിനായിരം രോഗം. ഒരുദിവസംപോലും ജയിലിൽ കിടന്നിട്ടില്ല. എല്ലാ ദിവസവും ആശുപത്രിയിൽ. ഇപ്പോൾ ദുബായിൽ പോയി ജോലിചെയ്യണം. ഇതാണ് രീതിയെങ്കിൽ ജാമ്യംതന്നെ റദ്ദാക്കുന്നത് പരിഗണിക്കും’’ -കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ഇത്രയും അസുഖമുള്ളയാൾ എങ്ങനെ ജോലി ചെയ്യുമെന്നും ചോദിച്ചു. കോടതിയിൽ നുണപറയുന്നത് ആവർത്തിക്കരുത്. ഇതിനെ ഗൗരവത്തിൽ കാണുമെന്നും കോടതി പറഞ്ഞു.
ഷാർജയിൽ സ്വർണവ്യാപാര സ്ഥാപനത്തിൽ മാനേജരായി ജോലിയുണ്ടെന്നും തിരികെപ്പോയില്ലെങ്കിൽ അത് നഷ്ടപ്പെടുമെന്നുമാണ് തച്ചങ്കരി ഉപഹർജിയിൽ പറയുന്നത്. ഒക്ടോബർ 15-നാണ് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
Content Highlights: High Court questions if Tomin J. Thachankary's jail hospital stay was a ploy., Thachankary seeks permission to travel abroad for a job in Sharjah., Court warns that bail might be cancelled if medical claims are found to be false., Case adjourned to November 12 for detailed arguments.