സഹോദരങ്ങളുടെ മക്കൾ തമ്മിൽ തർക്കം, 71-കാരന്റെ മൃതദേഹം ഒന്നരവർഷമായി വിദേശ മോർച്ചറിയിൽ; സംസ്കാരം ഉറപ്പാക്കാൻ ഇടപെട്ട് ഹൈക്കോടതി

കൊച്ചി: സഹോദരങ്ങളുടെ മക്കൾ തമ്മിലുള്ള തർക്കം കാരണം ഒന്നരവർഷമായി യു.എ.ഇ.യിലെ അജ്മാനിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന 71-കാരന്റെ മൃതദേഹം അന്തസ്സോടെ സംസ്കരിക്കാൻ ഇടപെട്ട് ഹൈക്കോടതി. കൊല്ലം സ്വദേശിയായ റോബർട്ട് ഫ്രാൻസിസ് സഹായന്റെ മൃതശരീരം നാട്ടിലെത്തിച്ച് ശാസ്താംകോട്ട സെയ്ന്റ് ആൻഡ്രൂസ് പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കാനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടിരിക്കുന്നത്. ഇതിന് തടസ്സം ഉണ്ടാകാതിരിക്കാൻ ആവശ്യമായ പോലീസ് സംരക്ഷണം നൽകാനും നിർദേശിച്ചു.
അവിവാഹിതനായ റോബർട്ട് ഫ്രാൻസിസിന്റെ സ്വത്തായിരിക്കും മരുമക്കളുടെ ലക്ഷ്യം. അതിനായി അവർക്ക് കോടതിയിൽ പോരാടാം. എന്നാൽ അതിന്റെ പേരിൽ മൃതശരീരത്തോട് ഇത്തരത്തിൽ അനാദരം കാട്ടാനാകില്ല. അന്തസ്സോടെ ജീവിക്കാൻ ഭരണഘടന ഉറപ്പുനൽകുന്ന അവകാശം ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല, മരണശേഷവും ഉണ്ട്-കോടതി പറഞ്ഞു.
മൃതശരീരം മാന്യമായി സംസ്കരിക്കേണ്ടത് ബന്ധുക്കളുടെയും സമൂഹത്തിന്റെയും സർക്കാരിന്റെയും കടമയാണെന്നും കോടതി പറഞ്ഞു. 2025 മാർച്ച് 26-നാണ് യു.എ.ഇ.യിൽ വെച്ച് റോബർട്ട് ഫ്രാൻസിസ് മരിച്ചത്. ആത്മഹത്യയായിരുന്നു. അന്നുമുതൽ മൃതദേഹം അജ്മലിൽ ഫൊറൻസിക് ലബോറട്രിയിലാണ്.
മൃതദേഹം എവിടെ സംസ്കരിക്കണം എന്നതിലായിരുന്നു തർക്കം. നാട്ടിലെത്തിച്ച് കുടുംബ കല്ലറയിൽ സംസ്കരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സഹോദരിയുടെ മകൾ കൊല്ലം സ്വദേശി മേരി വിക്ടോറിയയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ജോൺസൺ ഫിലിപ്പ്സ് എന്ന മരുമകന് മൃതദേഹം യു.എ.ഇ.യിൽതന്നെ സംസ്കരിക്കണം.
ഈ തർക്കം കാരണം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ കഴിയുന്നില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. എന്നാൽ കോടതിയിൽ വിഷയം വന്നപ്പോൾ നാട്ടിലേക്ക് മൃതദേഹം കൊണ്ടുവരുന്നതിൽ തർക്കം ഇല്ലെന്ന് ഇരുവരും അറിയിച്ചു. തുടർന്ന് ഇക്കാര്യത്തിൽ നിർദേശം നൽകി 22-ന് ഇടക്കാല ഉത്തരവിട്ടു. ഇതിനിടയിൽ വീണ്ടും തർക്കം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനാണ് പോലീസ് സംരക്ഷണമടക്കം നൽകാൻ വിഷയം വീണ്ടും പരിഗണിച്ച് വിശദമായ ഉത്തരവിട്ടത്. മൃതദേഹത്തിന് ദരിദ്രനെന്നോ ധനികനെന്നോ വ്യത്യാസമില്ലെന്നും മരണം എല്ലാ വേർതിരിവുകളെയും ഇല്ലാതാക്കുന്നുവെന്നും കോടതി പറഞ്ഞു.
വിദേശകാര്യ മന്ത്രാലയവും യു.എ.ഇ. ഇന്ത്യൻ കോൺസുലേറ്റും ചേർന്ന് മൃതദേഹം നാട്ടിലെത്തിക്കണം. ഹർജിക്കാരി മൃതദേഹം ഏറ്റുവാങ്ങി നാലുദിവസത്തിനകം മതാചാരപ്രകാരം സംസ്കരിക്കണം. ഇതിനിടയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെന്ന് തെക്കുംഭാഗം, ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ.മാർ ഉറപ്പാക്കണം. മൃതദേഹം സൂക്ഷിക്കാനുള്ള ക്രമീകരണങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ സ്വീകരിക്കണം. സംസ്കാര ച്ചടങ്ങിൽ തർക്കം ഉന്നയിച്ച മരുമകനടക്കം പങ്കെടുക്കാം.