മെഡിക്കൽ കോളേജിലെ അധ്യാപക ക്രൂരത അവസാനിപ്പിക്കാൻ സംവിധാനം വേണം-ഹൈക്കോടതി

കൊച്ചി: മെഡിക്കൽ വിദ്യാർഥികളെ ദ്രോഹിക്കുകയും അപമാനിക്കുകയും സമ്മർദത്തിലാക്കുകയും ചെയ്യുന്ന ക്രൂരരായ അധ്യാപകർ മെഡിക്കൽ കോളേജുകളിൽ ഉണ്ടെന്നും ഇതിന് പരിഹാരം കാണേണ്ട സമയം അതിക്രമിച്ചെന്നും ഹൈക്കോടതി. അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം.
ഇന്റേണൽ മാർക്ക് ലഭിക്കില്ലെന്ന ഭീതിയിൽ കുട്ടികൾ എല്ലാം മൗനമായി സഹിക്കുകയാണ്. ഭൂരിപക്ഷം അധ്യാപകരും നല്ലവരും വിദ്യാർഥികളെ ശരിയായി പരിശീലിപ്പിക്കുന്നവരുമാണ്. പക്ഷേ, മറിച്ചുള്ള ചെറുവിഭാഗം ഉണ്ട്. ദ്രോഹങ്ങൾ സഹിക്കാനാകാതെ പഠനം അവസാനിപ്പിക്കുന്നതും ആത്മഹത്യ ചെയ്യുന്നതും അപൂർവമല്ല.
ഉറങ്ങാനും ഭക്ഷണം കഴിക്കാനും അനുവദിക്കാതെ രാവും പകലും നിരന്തരം ജോലിചെയ്യാൻ ഹൗസ് സർജൻമാരെയും പി.ജി. വിദ്യാർഥികളെയും നിർബന്ധിപ്പിക്കുന്നുണ്ട്. അപകടകരമായ അവസ്ഥയും സമൂഹത്തിന് വലിയ ഭീഷണിയുമാണിത്. ഇതിന് പരിഹാരം കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും നാഷണൽ മെഡിക്കൽ കമ്മിഷനും സർവകലാശാലകളും നടപടി സ്വീകരിക്കണം. കുട്ടികളുടെ പരാതികൾക്ക് പരിഹാരം കാണാൻ കഴിയുന്ന സ്വതന്ത്ര കമ്മിഷനോ മറ്റ് നടപടികളോ ആണ് വേണ്ടത് -കോടതി പറഞ്ഞു.
മാധ്യമങ്ങൾ ഇല്ലെങ്കിൽ ജനാധിപത്യം ഇല്ല
ജനാധിപത്യത്തിൽ മാധ്യമങ്ങൾക്ക് വലിയ പങ്കാണുള്ളതെന്നും മാധ്യമങ്ങളുടെ അവകാശങ്ങൾക്കു നേരേയുള്ള ഏതൊരു അടിച്ചമർത്തലും പൊതുജന താത്പര്യത്തിനും ജനാധിപത്യത്തിന്റെ സ്ഥിരതയ്ക്കും ഹാനികരമായിരിക്കുമെന്നും കോടതി പറഞ്ഞു.
വ്യക്തികളുടെ അവകാശങ്ങൾ നിഷേധിക്കുമ്പോൾ മാധ്യമ ഇടപെടലിലാണ് അതിന് പരിഹാരം ഉണ്ടാകുന്നത്. മാധ്യമ ഇടപെടൽ ഇല്ലെങ്കിൽ ഇതിനൊന്നും പരിഹാരവും ഉണ്ടാകില്ല. പോരായ്മകൾ മാധ്യമങ്ങൾക്കും ഉണ്ടാകാം, പക്ഷേ, ജനാധിപത്യത്തെ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമപ്രവർത്തകർ പ്രവർത്തിക്കുന്നതെന്നും കോടതി പറഞ്ഞു.
ഹർജിക്കാരനെതിരേ മാധ്യമ വിചാരണയാണ് ഉണ്ടായതെന്ന വാദം തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. നീതിയുക്തമായ അന്വേഷണം ഉറപ്പാക്കുന്നതിന് ഹർജിക്കാരനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.
ലോൺ ആപ്പിൽ നിന്നെടുത്ത 15,000 രൂപ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ മാത്രമാണ് നിതിൻ ജീവനൊടുക്കിയതെന്ന് കരുതാനാകില്ല. ഹർജിക്കാരനായ അധ്യാപകൻ നിതിനെ ക്ലാസിലുള്ള പട്ടികളിൽ ഏറ്റവും മോശം പട്ടിയാണെന്ന് അധിക്ഷേപിച്ചതിനും വിഡ്ഢിയെന്നു വിളിച്ചതിനും ഉത്തരക്കടലാസ് പരസ്യമായി വായിപ്പിച്ച് അസംബന്ധമാണെന്ന് പറഞ്ഞതിനും സഹപാഠികളുടെ മൊഴിയുണ്ട്. ഹർജിക്കാരനെതിരേ പട്ടികജാതി/വർഗ പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഏപ്രിൽ 10-നാണ് നിതിൻ രാജിനെ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
Content Highlights: High Court denies anticipatory bail to Dr. M.K. Ram in the Nitin Raj suicide case., Court highlights systemic harassment of medical students by a minority of abusive faculty., Urgent call for independent grievance redressal commissions by government bodies., Court defends the role of media in democracy and exposing institutional failures., Evidence suggests verbal abuse and humiliation contributed to the student's death.