ദാതാവും സ്വീകർത്താവും വ്യത്യസ്ത മതക്കാർ; വൃക്കദാനത്തിനുള്ള അപേക്ഷ നിരസിച്ചു, ഇടപെടലുമായി ഹൈക്കോടതി

കേരള ഹൈക്കോടതി | Photo: PTI
കേരള ഹൈക്കോടതി | Photo: PTI

കൊച്ചി: വൃക്കദാനത്തിന് തയ്യാറായ വ്യക്തിയുടെയും സ്വീകർത്താവിന്റെയും മതം രണ്ടാണെന്നതടക്കമുള്ള കാരണത്താൽ പരോപകാരത്തിന് കാരണമായ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി വൃക്കദാനത്തിനുള്ള അപേക്ഷ നിരസിച്ചതിനെതിരായ അപ്പീലിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് നിർദേശം നൽകിയിരിക്കുന്നത്.

അവയവദാനത്തിനുള്ള അപേക്ഷ എറണാകുളം ജില്ലാതല ഓതറൈസേഷൻ സമിതി നിഷേധിച്ചതിനെതിരേ ദാതാവായ അമ്പലപ്പുഴ സ്വദേശിനി നൽകിയ അപ്പീലിൽ തീരുമാനമെടുക്കാനാണ് ജസ്റ്റിസ് പി. കൃഷ്ണകുമാർ നിർദേശിച്ചിരിക്കുന്നത്. അവയവദാനത്തിന് അനുമതി നൽകാൻ സമിതിക്ക് നിർദേശം നൽകുകയോ അപ്പീൽ ഉടൻ തീർപ്പാക്കാൻ ഉത്തരവിടുകയോ വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. എറണാകുളം പുത്തൻകുരിശ് സ്വദേശിക്ക് അമ്പലപ്പുഴ സ്വദേശിനി വൃക്ക നൽകാൻ തയ്യാറായതിനെത്തുടർന്ന് നൽകിയ സംയുക്ത അപേക്ഷ നേരത്തേ എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ചെയർമാനായ ഓതറൈസേഷൻ സമിതി തള്ളിയിരുന്നു. സ്വീകർത്താവ് ക്രിസ്തുമതവിശ്വാസിയും ദാതാവ് മുസ്ലിംമതവിശ്വാസിയുമാണ്. അപേക്ഷ നിരസിച്ചതിനെതിരേ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് അപ്പീൽ നൽകിയത്.

Content Highlights: High Court intervenes in a kidney donation case rejected by the authorization committee., The primary reason for rejection was the different religious faiths of the donor and recipient., Court orders the Principal Secretary of Health to resolve the appeal within two weeks., The case involves a donor from Ambalapuzha and a recipient from Puthencruz.