കോടതിഹാളിലെത്തി കുട്ടിക്ക് അനധികൃത സന്ദേശം; അലോസരപ്പെടുത്തുന്ന സംഭവം, അഭിഭാഷകനെ കണ്ടെത്തണം-ഹൈക്കോടതി

#ന്യൂസ് ഡെസ്ക്
കേരള ഹൈക്കോടതി | Photo: PTI
കേരള ഹൈക്കോടതി | Photo: PTI

കൊച്ചി: ആറുവയസ്സുകാരനായ മകന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ തമ്മിലുള്ള കേസിൽ കോടതിഹാളിൽ ഇരിക്കുകയായിരുന്ന കുട്ടിയുടെ അരികിൽ അനധികൃതമായി എത്തി സന്ദേശം കൈമാറിയ അഭിഭാഷകനെ കണ്ടെത്താൻ ഉത്തരവിട്ട് ഹൈക്കോടതി. അഭിഭാഷകനെ തിരിച്ചറിഞ്ഞിട്ടില്ല. ജസ്റ്റിസ് നിഷ ബാനു, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

ആരോടൊപ്പം പോകാനാണ് താത്പര്യം എന്ന് ചോദിച്ചറിയാനായി കോടതിയുടെ നിർദേശപ്രകാരമാണ് അമ്മ കുട്ടിയെ കോടതിയിൽ എത്തിച്ചത്. നേരത്തേ കുട്ടി അച്ഛനോടൊപ്പമായിരുന്നു. രാവിലെ കോടതി ഹാളിൽ ഹാജരായപ്പോൾ കുട്ടി ഏറെ ഉത്സാഹിയായിരുന്നു എന്നത് കോടതി ശ്രദ്ധിച്ചിരുന്നു. എന്നാൽ ചേംബറിൽ വെച്ച് കുട്ടിയോട് മാത്രം സംസാരിക്കാനായി അമ്മയോട് പുറത്തുനിൽക്കാൻ നിർദേശിച്ചപ്പോൾ കുട്ടിക്ക് പരിഭ്രാന്തിയായി.

വിവരം തിരക്കിയപ്പോഴാണ് കോടതിഹാളിൽ അഭിഭാഷകയോടൊപ്പം ഇരിക്കുമ്പോൾ ഒരു അഭിഭാഷകൻ അരികിലെത്തി അച്ഛൻ താഴെ കാത്തിരിപ്പുണ്ടെന്ന് കുട്ടിയോട് പറഞ്ഞെന്നും വിവരം തിരക്കിയപ്പോൾ ഇയാൾ തിടുക്കത്തിൽ പുറത്തേക്ക് പോയെന്നും അറിയിച്ചു. ഇതോടെയാണ് കുട്ടി പരിഭ്രാന്തിയിലായതെന്നും അറിയിച്ചു. ഭയന്നുപോയ കുട്ടിയോട് കോടതിക്ക് ആരോടൊപ്പം പോകാനാണ് താത്പര്യം എന്ന് ചോദിച്ചറിയാനും സാധിച്ചില്ല.

പിതാവിനോട് കോടതിയിൽ എത്തരുതെന്ന് കോടതി നേരത്തേ നിർദേശിച്ചിരുന്നു. പക്ഷേ, പിതാവ് കോടതി അങ്കണത്തിൽ ഉണ്ടായിരുന്നുവെന്ന് പിന്നീടുള്ള അന്വേഷണത്തിൽ വ്യക്തമായി. പക്ഷേ, കോടതിയിലേക്ക് കടത്തിവിട്ടിരുന്നില്ല. അഭിഭാഷകൻ ആരെന്ന് കണ്ടെത്താനായി കോടതിയിലെ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും തിരിച്ചറിയാനായില്ല.

അലോസരപ്പെടുത്തുന്ന സംഭവമാണ് ഉണ്ടായതെന്ന് കോടതി പറഞ്ഞു. അനധികൃതമായി കോടതിഹാളിലെത്തി കുട്ടിയോട് സംസാരിക്കാൻ ധൈര്യം കാട്ടിയ അഭിഭാഷകൻ കോടതിയോടും കുട്ടിയോടും നീതികേടാണ് കാട്ടിയത്. തുടർന്നാണ് രജിസ്ട്രിയോട് ആ അഭിഭാഷകനെ കണ്ടെത്താൻ ഉത്തരവിട്ടത്. ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ, ബാർ കൗൺസിൽ തുടങ്ങിയ സംഘടനകളുടെ സഹായം തേടാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഹർജിക്കാരായ മാതാപിതാക്കളോട് മീഡിയേഷൻ സെന്ററിൽ ഹാജരാകാനും നിർ‍ദേശിച്ചു. വിഷയം 19-ന് വീണ്ടും പരിഗണിക്കും.

Content Highlights: A lawyer illegally approached a child during a custody hearing in the Kerala High Court., The incident caused distress to the child, preventing the court from conducting a private interview., The Division Bench directed the Registry to identify the lawyer using CCTV footage and association support., The court mandated mediation for the parents and scheduled the next hearing for the 19th.