ചുട്ടുപൊള്ളി കേരളം: പാലക്കാട്ടും തൃശൂരും താപനില 41 ഡിഗ്രി കടന്നേക്കും; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂട് കഠിനമാകുന്നു. തൃശൂർ, പാലക്കാട് ജില്ലകളിൽ വെള്ളിയാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പാലക്കാട് ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് സാധാരണ താപനിലയെക്കാൾ നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ്.
ഏപ്രിൽ 25, 26 തീയതികളിൽ പാലക്കാട് 40 ഡിഗ്രി സെൽഷ്യസും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയർന്നേക്കാം. കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. കോട്ടയം, തൃശ്ശൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കാം.
ഉയർന്ന താപനിലയോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പമുള്ള വായുവും ചേരുന്നതിനാൽ മലയോര മേഖലകളിലൊഴികെ സംസ്ഥാനത്തുടനീളം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഏപ്രിൽ 26- വരെ ഈ സാഹചര്യം തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
Content Highlights: Orange alert issued for Thrissur and Palakkad on April 24, 2026., Palakkad expected to reach 41°C and Thrissur 40°C., High humidity expected to cause discomfort across the state., Heatwave conditions predicted to persist until April 26, 2026., Public advised to take necessary precautions against heat-related illnesses.