പുതുജീവന്റെ പ്രത്യാശ നൽകി അമൽ വിടചൊല്ലി: അജ്മലിന്റെ നെഞ്ചിൽ ഇനി അമലിന്റെ ‘ഹൃദയതാളം’

അമലിന്റെ ഹൃദയം അജ്മലില്‍ സ്പന്ദിച്ചു തുടങ്ങി. മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അമല്‍ ബാബുവിന്റെ (25) ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം അറിയിച്ചതിനെത്തുടര്‍ന്നാണ് അജ്മലിന് പുതുജീവന്‍ ലഭിച്ചത്. 12-ാം തീയതിയാണ് അമല്‍ ബാബുവിന് വാഹനാപകടം സംഭവിച്ചത്. ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു.
ഈ വര്‍ഷം ജനുവരിയിലാണ് തന്റെ പ്രവാസ ജീവിതത്തിനിടയില്‍ മലപ്പുറം സ്വദേശി അജ്മലിന് (33) ഗുരുതരമായ ഹൃദയാഘാതമുണ്ടാകുന്നത്. തുടര്‍ന്ന് ഹൃദയപരാജയം സംഭവിക്കുയായിരുന്നു. ചികിത്സിച്ച ഡോക്ടര്‍മാര്‍ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അജ്മല്‍ ലിസി ആശുപത്രിയില്‍ എത്തി ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു കടവിലില്‍ എന്നിവരെ കണ്ടത്. ബുധനാഴ്ച രാത്രിയോടെയാണ് കെസോട്ടോയില്‍നിന്ന് അവയവദാനത്തിന്റെ സന്ദേശം ലിസി ആശുപത്രിയില്‍ എത്തുന്നത്. തുടര്‍ന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ മന്ത്രി പി രാജീവ് മുഖേന മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും വളരെ വേഗം തന്നെ ഹെലികോപ്റ്റര്‍ സേവനം ലഭ്യമാവുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ച രണ്ടു മണിയോടെ ലിസി ആശുപത്രിയില്‍നിന്ന് ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. അരുണ്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം കിംസ് ആശുപത്രിയിലേക്ക് പുറപ്പെടുകയും അവിടെയെത്തി ഹൃദയം എടുക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു.
ഉച്ചയ്ക്ക് 1.30-ന് ഹൃദയം വഹിച്ചുകൊണ്ടുള്ള ഹെലിക്കോപ്റ്റര്‍ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 2.10-ന് ഗ്രാന്‍ഡ് ഹയാത്തില്‍ എത്തി. പോലീസ് സേനയുടെ സഹയത്തോടെ ഗ്രീന്‍ കോറിഡോര്‍ സ്യഷ്ടിച്ച് കേവലം നാലുമിനിറ്റുകൊണ്ട് ലിസി ആശുപത്രിയില്‍ എത്തിച്ചേരുകയും ഉടന്‍തന്നെ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. അമല്‍ ബാബുവില്‍നിന്നെടുത്ത ഹൃദയം മൂന്ന് മണിക്കൂറിനുള്ളില്‍ അജ്മലില്‍ സ്പന്ദിച്ചു തുടങ്ങി. വൈകീട്ട് ആറുമണിയോടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
അജ്മലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഡോ. ഭാസ്‌കര്‍ രംഗനാഥന്‍, ഡോ. പി മുരുകന്‍, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോര്‍ജ്, ഡോ. ആയിഷ നാസര്‍, രാജി രമേഷ്, സൗമ്യ സുനീഷ് എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായിരുന്നു.
Content Highlights: Amal's Gift of Life Through Heart Donation