ആരോഗ്യമേഖലയിൽ കൂടുതൽ കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു

#രാജേഷ് രവീന്ദ്രൻ
പ്രതീകാത്മക ചിത്രം | ഫോട്ടോ Canva
പ്രതീകാത്മക ചിത്രം | ഫോട്ടോ Canva

ആലപ്പുഴ: സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ കൂടുതൽ ഇടതുപക്ഷ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സർക്കാർ. ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻ.എച്ച്.എം.) പിന്നാലെ കേരള സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റം റിസോഴ്‌സ് സെന്റർ (എസ്.എച്ച്.എസ്.ആർ.സി.-കെ.) ജീവനക്കാരെയാണു പിരിച്ചുവിടുക. കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരാണിവർ.

ഇതിന്റെ ഭാഗമായി നിലവിലുള്ളവരുടെ കരാർ കാലാവധി ഒരുവർഷത്തിൽനിന്ന് രണ്ടുമാസമാക്കി ചുരുക്കി. ഇതിനകം പുതിയ ഉദ്യോഗാർഥികളുടെ പാനൽ തയ്യാറാക്കി ഒരുവർഷത്തേക്കു നിയമിക്കും.

മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും നിയമനമെന്നാണ് അവകാശവാദമെങ്കിലും ഭരണപക്ഷ അനുഭാവികളെ ഉൾപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണു വിവരം. അപേക്ഷ ക്ഷണിക്കൽ, പാനൽ തയ്യാറാക്കൽ, യോഗ്യരായവരെ തിരഞ്ഞെടുക്കൽ, നിയമനം എന്നിവയുൾപ്പെടെയുള്ള മുഴുവൻ നടപടിയും രണ്ടുമാസത്തിനകം പൂർത്തിയാക്കും. സ്ഥാപനത്തിന്റെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാനാണ് നിലവിലുള്ളവരുടെ കാലാവധി രണ്ടുമാസത്തേക്കുകൂടി നീട്ടിയത്.

ആരോഗ്യനയം രൂപവത്കരിക്കൽ, ആരോഗ്യസംവിധാനം മെച്ചപ്പെടുത്തുന്നതിനും പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സാങ്കേതികസഹായം നൽകൽ, പദ്ധതികളെക്കുറിച്ചുള്ള പഠനവും ഗവേഷണവും തുടങ്ങി ആരോഗ്യമേഖലയിലെ നിർണായക പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന സ്ഥാപനമാണിത്. ഇവിടെ ഇടത് അനുഭാവികളായവർ ജോലിചെയ്യുന്നത് യു.ഡി.എഫ്. സർക്കാരിനു ഗുണകരമല്ലെന്നാണ്‌ വിലയിരുത്തൽ.

എൻ.എച്ച്.എം. ജീവനക്കാരുടെ കരാർ കാലാവധി നേരത്തേ രണ്ടുമാസമാക്കി ചുരുക്കിയിരുന്നു. നിലനിർത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ജീവനക്കാരുടെ പട്ടിക തയ്യാറാക്കൽ എൻ.എച്ച്.എമ്മിൽ നടന്നുവരുകയാണ്. ആയുഷ് മിഷനിൽ നേരത്തേതന്നെ പിരിച്ചുവിടൽ തുടങ്ങിയിരുന്നു.

Content Highlights: Kerala government reduces contract tenure for SHSRC-K employees from one year to two months., New recruitment panel will be prepared based on merit, raising political interference concerns., Similar contract reductions and terminations are underway in NHM and Ayush Mission., SHSRC-K plays a vital role in health policy formulation and technical assistance.