'ഷീല സണ്ണിയെ കുടുക്കിയത് വിഷലിപ്തമായ പ്രവൃത്തി', പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരേ ഹൈക്കോടതി. വിഷലിപ്തമായ പ്രവൃത്തിയാണ് പ്രതികളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
കേസിലെ മുഖ്യപ്രതി നാരായണ ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഏഴു ദിവസത്തിനകം നാരായണ ദാസ് കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു.
ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍ മയക്കുമരുന്നിന് സമാനമായ വസ്തുവെച്ച് എക്‌സൈസിന് വിവരം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന്, ഷീലയ്ക്ക് 72 ദിവസം ജയിലില്‍ കഴിയേണ്ടിവന്നു. ഷീലയുടെ ബന്ധുവായ പെണ്‍കുട്ടിയുടെ നിര്‍ദേശപ്രകാരം നാരായണദാസാണ് സ്‌കൂട്ടറില്‍ ഒളിപ്പിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കള്ളക്കേസിനു പിന്നിലുള്ളവരെ കണ്ടെത്താന്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന് ഹൈക്കോടതി പറഞ്ഞു. മൂന്നു മാസത്തിനകം അന്വേഷണവും കുറ്റപത്രം സമര്‍പ്പിച്ച് നാലു മാസത്തിനകം വിചാരണയും പൂര്‍ത്തിയാക്കണം. കള്ളക്കേസുകളുടെ കാര്യത്തില്‍ നിലവിലുള്ള ശിക്ഷ പര്യാപ്തമാണോ എന്ന് പാര്‍ലമെന്റ് പരിശോധിക്കണം. ഷീല സണ്ണി കേസ് കേന്ദ്ര സര്‍ക്കാരിന് അയക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlights: Kerala HC Orders Arrest in Beauty Parlour Owner`s False Case