'പൊതുഖജനാവിലെ പണമെടുക്കുന്നത് എന്തിന്?, കപ്പല്‍ കമ്പനിയിൽ നിന്ന് ഈടാക്കണം'; സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: കൊച്ചി തീരത്തിനടുത്ത് ലൈബീരിയന്‍ ചരക്കുകപ്പലായ എല്‍സ-3 മുങ്ങിയ സംഭവത്തില്‍ ഇടപെടലുമായി ഹൈക്കോടതി. കപ്പല്‍ കമ്പനിക്കെതിരെ നടപടിയെടുക്കുന്നതില്‍ ഉപേക്ഷ പാടില്ലെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അപകടം നടന്ന് ദിവസങ്ങള്‍ പിന്നിട്ട ശേഷമായിരുന്നു കപ്പല്‍ കമ്പനിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസെടുക്കാന്‍ തയ്യാറായത്. അതും ഒരു മത്സ്യത്തൊഴിലാളി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുമായിരുന്നു.
കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്നുണ്ടായ മലിനീകരണം നിയന്ത്രിക്കുന്നതിന് പൊതുഖജനാവില്‍നിന്ന് എന്തിനാണ് പണം ചെലവാക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി കപ്പല്‍ കമ്പനിയില്‍നിന്ന് പണം ഈടാക്കണമെന്നും നിര്‍ദേശിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിലവില്‍ കോടികള്‍ ചെലവിട്ടാണ് ഓയില്‍ ചോര്‍ച്ചയടക്കമുള്ള നടപടികള്‍ തടയുന്നതും മലിനീകരണം നിയന്ത്രിക്കുന്നതും. കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍ നടത്തിയത്. രണ്ട് കപ്പലപകടങ്ങളുടെയും പശ്ചാത്തലത്തില്‍ കൃത്യമായ നടപടികളെടുക്കണം.
ഏതൊക്കെ തരത്തില്‍ കപ്പല്‍ കമ്പനിയില്‍നിന്ന് സര്‍ക്കാരിന് നഷ്ടപരിഹാരം ഈടാക്കാമെന്ന കാര്യം അറിയിക്കണം. മത്സ്യമേഖലയ്ക്കും സാമ്പത്തിക പരിസ്ഥിതി മേഖലയ്ക്ക് ഉണ്ടാക്കുന്ന നഷ്ടങ്ങളും കമ്പനിയില്‍നിന്ന് ഈടാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനും സംസ്ഥാനത്തിനും സംഭവത്തില്‍ കേസെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Kerala High Court directs action against the ship company responsible msc elsa 3