മസാലബോണ്ട്: മുഖ്യമന്ത്രിക്കടക്കം തിരിച്ചടി, തുടർനടപടിക്കുള്ള സ്റ്റേ ഹൈക്കോടതി ഡിവിഷൻബെഞ്ച് നീക്കി

തോമസ് ഐസക്, മുഖ്യമന്ത്രി പിണറായി വിജയന്‍ |ഫോട്ടോ:മാതൃഭൂമി
തോമസ് ഐസക്, മുഖ്യമന്ത്രി പിണറായി വിജയന്‍ |ഫോട്ടോ:മാതൃഭൂമി

കൊച്ചി: മസാലബോണ്ടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽനിന്ന് തിരിച്ചടി. മുഖ്യമന്ത്രി, തോമസ് ഐസക്, കിഫ്ബി തുടങ്ങിയവർക്കെതിരെയുള്ള നടപടികൾ തടഞ്ഞ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.

ഇ.ഡി. അജുഡിക്കേറ്റിങ് അതോറിറ്റി മുഖ്യമന്ത്രിക്ക് നൽകിയ കാരണംകാണിക്കൽ നോട്ടീസിലെ തുടർനടപടിയും കിഫ്ബി വൈസ് ചെയർമാനായിരുന്ന മുൻ ധനമന്ത്രി തോമസ് ഐസക്, സിഇഒ ഡോ. കെ.എം. എബ്രഹാം എന്നിവർക്കെതിരായ നടപടികളുമാണ് സിംഗിൾ ബെഞ്ച് തടഞ്ഞിരുന്നത്. ഇതിനെതിരെ ഇഡി നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്.

കാരണം കാണിക്കൽ നോട്ടീസിന് സ്‌റ്റേ നൽകുന്നത് ശരിയായ നടപടിയല്ലെന്നടക്കമുള്ള വാദമാണ് ഇഡി കോടതിയിൽ ഉന്നയിച്ചത്. ഇതോടെ മസാല ബോണ്ട് കേസിൽ തുടർ നടപടിക്കുള്ള തടസ്സം നീങ്ങിയിരിക്കുകയാണ്.

മുഖ്യമന്ത്രിയടക്കം നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റിസ് വി.ജി. അരുണാണ് തുടർനടപടികൾ തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവിറക്കിയത്ത്. ഇ.ഡി. അടക്കം എതിർകക്ഷികൾക്ക് നോട്ടീസിനും നിർദേശിച്ചിരുന്നു. നേരത്തേ കിഫ്ബിക്കെതിരായ തുടർനടപടിക്കും കോടതി സ്റ്റേ അനുവദിച്ചിരുന്നു. ഇതിനെതിരേ അപ്പീൽ നൽകിയത് ഇ.ഡി. അഭിഭാഷകൻ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അത് കോടതിയുടെ പരിഗണനയ്ക്ക് എത്തിയിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കായി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്.

മസാലബോണ്ടിൽനിന്നുള്ള ഫണ്ട് ഭൂമി വാങ്ങാൻ ഉപയോഗിച്ചതിലൂടെ ഫെമ നിയമലംഘനം നടത്തിയെന്ന ഇ.ഡി.യുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അജുഡിക്കേറ്റിങ് അതോറിറ്റി നോട്ടീസ് നൽകിയത്. ഇ.ഡി.യുടെ പരാതിയും നോട്ടീസും നിയമപരമായും വസ്തുതാപരമായും നിലനിൽക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

Content Highlights: Kerala High Court Division Bench Stays Order Protecting CM Pinarayi Vijayan in Masala Bond Case