1100 കോടിയുടെ ജിഎസ്ടി തട്ടിപ്പ്, സംസ്ഥാനത്തിന് 200 കോടി നഷ്ടം; സിബിഐ അന്വേഷണം വേണം- പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്
പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടിയുമായി ബന്ധപ്പെട്ട് 1100 കോടി രൂപയുടെ ഞെട്ടിക്കുന്ന തട്ടിപ്പ് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഒരു തട്ടിപ്പ് സംഘം മാത്രം വ്യാജ പേരുകളില്‍ 1100 കോടി രൂപയുടെ ട്രാന്‍സാക്ഷന്‍സ് (സര്‍ക്കുലര്‍ ട്രേഡിങ്) നടത്തിയതായി പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സാധാരണക്കാരായ ആളുകളുടെ പേരില്‍, അവര്‍ അറിയാതെയാണ് ജി.എസ്.ടി. രജിസ്‌ട്രേഷന്‍ എടുത്തിരിക്കുന്നത്. ചില പോര്‍ട്ടലുകളില്‍നിന്ന്, (ഉദാഹരണത്തിന് എല്‍എസ്ടിഡിയുടെ സഞ്ജയ പോര്‍ട്ടല്‍) വിവരങ്ങള്‍ ദുരുപയോഗം ചെയ്താണ് ഇത് ചെയ്യുന്നത്. വ്യാജ കച്ചവടത്തിന്റെ മുഴുവന്‍ ട്രാന്‍സാക്ഷനും തട്ടിപ്പുകാരന്റെ ബാങ്ക് അക്കൗണ്ടിലാണ് നടന്നതെങ്കിലും ജിഎസ്ടി ബാധ്യതയും ഇന്‍കം ടാക്‌സിന്റെ ബാധ്യതയും വരുന്നത് ഇരകളായ സാധാരണക്കാര്‍ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന് 200 കോടി രൂപയുടെ ജിഎസ്ടി നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും പുണെ ജിഎസ്ടി ഇന്റലിജന്‍സ് ഈ തട്ടിപ്പ് കണ്ടെത്തി 2025 ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചെങ്കിലും സര്‍ക്കാര്‍ ആകെ ചെയ്തത് ഈ രജിസ്‌ട്രേഷനുകള്‍ ക്യാന്‍സല്‍ ചെയ്യുക മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനു പിന്നിൽ പ്രവര്‍ത്തിച്ച തട്ടിപ്പുകാരെക്കുറിച്ചോ നഷ്ടപ്പെട്ട 200 കോടി രൂപ തിരിച്ചു കിട്ടാനുള്ള നടപടികളോ ഇതുവരെ സ്വീകരിച്ചിട്ടില്ല. ജിഎസ്ടി ഉദ്യോഗസ്ഥരിലെ ഒരു വിഭാഗത്തിന് തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതുകൊണ്ടാണ് ഇത്രയും ഗുരുതരമായ വിവരം ലഭിച്ചിട്ടും അത് മൂടിവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ ജിഎസ്ടി ടാക്‌സ് അഡ്മിനിസ്‌ട്രേഷന്‍ പരിതാപകരമായ നിലയിലാണെന്നും ഇത് കേവലം നികുതിവെട്ടിപ്പ് മാത്രമല്ല ഡാറ്റാ മോഷണം കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിബിഐ അന്വേഷണം നടത്തണമെന്നും ഇരകളായി മാറിയവര്‍ക്ക് നിയമസംരക്ഷണവും അറിവും നല്‍കണമെന്നും ശ്രദ്ധിക്കാതെ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയിലെ സ്വര്‍ണ്ണപ്പൂശല്‍ വിവാദത്തില്‍ കോടതി ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ തട്ടിപ്പുകള്‍ പുറത്തുവരില്ലായിരുന്നു. 1999-ല്‍ 40 വര്‍ഷത്തെ വാറണ്ടിയോടെ സ്വര്‍ണ്ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ 2019-ല്‍ വീണ്ടും പൂശാന്‍ കൊണ്ടുപോയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.  വിജിലന്‍സിന്റെ സാന്നിധ്യത്തില്‍ ഭാരം പരിശോധിക്കാതിരുന്നത് ഭാരക്കുറവ് പുറത്തുവരാതിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.

കോടതിയുടെ അനുമതിയില്ലാതെയും മുഴുവന്‍ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ടും ചെന്നൈയിലേക്ക് അയച്ചു. സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പങ്ക് ദുരൂഹമാണ്. ഇദ്ദേഹം ആരുടെ ബിനാമിയാണെന്ന് വ്യക്തമാക്കണം. സ്‌പോണ്‍സര്‍മാരുടെ ബന്ധുവീട്ടില്‍നിന്ന്  കണ്ടെത്തിയിട്ടും എന്തുകൊണ്ടാണ് ആളെ പ്രതിയാക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സര്‍ക്കാരും ഈ വിഷയത്തില്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Content Highlights: Opposition leader alleges ₹1100 crore GST fraud in Kerala, with fraudsters using common people`s names for fake transactions. Rs 200 crore GST loss to the state.