മൂന്നാമൂഴത്തിന് സാധ്യതയുണ്ടോ? ജനമനസ്സറിയാൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സർവേ

Photo: PTI
Photo: PTI

കണ്ണൂർ: എൽഡിഎഫ് സർക്കാരിന് മൂന്നാമൂഴത്തിന് സാധ്യതയുണ്ടോയെന്നറിയാൻ പോലീസ് രഹസ്യാന്വേഷണ വിഭാഗം സർവേ തുടങ്ങി. തുടർഭരണ സാധ്യതയെക്കുറിച്ച് ജനങ്ങളുടെ മനസ്സിലിരിപ്പെന്താണെന്നും പെൻഷൻ 2000 രൂപയാക്കി ഉയർത്തിയതുൾപ്പെടെ ഈയിടെ പ്രഖ്യാപിച്ച ജനക്ഷേമപദ്ധതികളിൽ അഭിപ്രായമെന്താണെന്നും അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോയെന്നും വോട്ടായി മാറുമോയെന്നുമാണ് അന്വേഷിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഓരോ ബൂത്തിലെയും വിജയസാധ്യത തിരിച്ചറിയാനും അന്വേഷണം നടക്കുന്നുണ്ട്. സാധാരണയായി തിരഞ്ഞെടുപ്പിന് മുൻപ് രഹസ്യാന്വേഷണവിഭാഗം രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകാറുണ്ട്. എന്നാൽ ഇത്തവണ സൂക്ഷ്മവിലയിരുത്തലാണ് നടക്കുക.

നിഷ്പക്ഷ നിലപാടുകളുള്ളവരുടെ വോട്ട് അനുകൂലമാകുമോയെന്ന കാര്യവും മനസ്സിലാക്കണം. ശബരിമലയിൽ ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളി കടത്തിയത് വിശ്വാസികൾക്കിടയിൽ അവമതിപ്പുണ്ടായിട്ടുണ്ടോയെന്നും സർക്കാരിന്റെ പ്രതിച്ഛായ തകർന്ന വിഷയങ്ങൾ എന്തെങ്കിലുമുണ്ടോയെന്നും ചോദിച്ചറിയുന്നുണ്ട്. സർക്കാരിന്റെ പ്രവർത്തനം ഇനിയും മെച്ചപ്പെടുത്താനുള്ള നിർദേശവും ശേഖരിക്കുന്നുണ്ട്. പൊതുജനങ്ങളെ ബാധിക്കുന്ന പൊതുവായ പ്രശ്‌നങ്ങളും പ്രാദേശിക പ്രശ്‌നങ്ങളും മനസ്സിലാക്കി സർക്കാരിനെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യം ഭരണമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾക്കൊള്ളിക്കാനും നീക്കമുണ്ട്.

തൊഴിലാളികൾ, ബസ് ജീവനക്കാർ, ഓട്ടോറിക്ഷാ തൊഴിലാളികൾ, യുവജനങ്ങൾ, വിദ്യാർഥികൾ, വയോജനങ്ങൾ, വനിതകൾ, കച്ചവടക്കാർ എന്നിവരിൽനിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഈ മാസം 15-നുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

Content Highlights: Kerala Police intelligence surveys public opinion on a potential third term for the LDF government, welfare schemes, and local election prospects. Get insights