‘രാഹുൽ ഗാന്ധിക്കുനേരെയുള്ള അക്രമത്തെ ജീവന്‍കൊടുത്തും പ്രതിരോധിക്കും; സര്‍ക്കാര്‍ ബിജെപി നേതാവിനെ സംരക്ഷിക്കുന്നു’

സതീശൻ
സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കുന്നവരെ അറസ്റ്റു ചെയ്യുന്ന സര്‍ക്കാരാണ് രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട പായിക്കുമെന്നു പറഞ്ഞ ബി.ജെ.പി നേതാവിനെ സംരക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നെഞ്ചില്‍ നിറയൊഴിക്കുമെന്ന് പറഞ്ഞത് നിസാര സംഭവമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട ഉതിര്‍ക്കുമെന്ന് ഒരു ബി.ജെ.പി നേതാവ് പ്രഖ്യാപിച്ചിട്ടും അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത വിഷയമാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയമായി കൊണ്ടുവന്നത്. വിഷയം വളരെ നിസാരമെന്ന മട്ടിലാണ് സ്പീക്കര്‍ സര്‍ക്കാരിനു വേണ്ടി അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാതിരുന്നത്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട പായിക്കുമെന്ന് ബി.ജെ.പി നേതാവ് പരസ്യമായി വെല്ലുവിളിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും ഇന്നലെ വൈകിട്ട് മാത്രമാണ് പേരിന് ഒരു എഫ്.ഐ.ആര്‍ ഇട്ടത്. അറസ്റ്റു ചെയ്യാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല' സതീശന്‍ പറഞ്ഞു.

കേരളത്തിലെ മുഖ്യമന്ത്രിയെ ആരെങ്കിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചാല്‍ അറസ്റ്റു ചെയ്യുകയും വീടും ഓഫീസും റെയ്ഡ് ചെയ്യുകയും ചെയ്യുന്ന സര്‍ക്കാരാണ് രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട പായിക്കുമെന്നു പറഞ്ഞ ബി.ജെ.പി നേതാവിനെ സംരക്ഷിക്കുന്നത്. ബി.ജെ.പിയെ ഭയന്നാണ് അയാളെ അറസ്റ്റു ചെയ്യാതിരിക്കുന്നത്. കേരളത്തിലെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും അവിശുദ്ധ ബാന്ധവത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണിത്. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഇന്നലെ നടത്തിയ പ്രക്ഷോഭം യു.ഡി.എഫും ഏറ്റെടുക്കുകയാണ്. ബി.ജെ.പി നേതാവിനെ സംരക്ഷിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായ സമരവുമായി യു.ഡി.എഫ് മുന്നോട്ട് പോകും. സി.പി.എം- ബി.ജെ.പി ബന്ധം കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടും. രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണത്തെ ജീവന്‍ കൊടുത്തും പ്രതിരോധിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ ഭയക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് കേസ്, കൊടകര കുഴല്‍പ്പണ കേസ്, പൂരം കലക്കിയ കേസ്, എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ട കേസ് എന്നിവ ഒതുക്കിതീര്‍ത്തില്ലേ. തൃശൂര്‍ പൂരം കലക്കാന്‍ ബി.ജെ.പി ഒത്താശ ചെയ്തു കൊടുത്തില്ലേ. കുറ്റാരോപിതനായ എ.ഡി.ജി.പിയെ ഇപ്പോഴും സംരക്ഷിക്കുകയല്ലേ. എല്ലാ തെളിവുകളുമുണ്ടായിട്ടും കൊടകര കുഴല്‍പ്പണ കേസില്‍ ഒരു ബി.ജെ.പിക്കാരന്‍ പോലും അറസ്റ്റിലായില്ലല്ലോ. മഞ്ചേശ്വരം കേസില്‍ കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിക്കാത്തതു കൊണ്ടാണ് കേസ് തള്ളിപ്പോയത്.

ഒരുപാട് കാര്യങ്ങള്‍ മറച്ചുവയ്ക്കാനുള്ളതു കൊണ്ടാണ് നോട്ടീസ് പരിഗണിക്കാനോ ചര്‍ച്ചയ്ക്കോ സര്‍ക്കാര്‍ തയാറാകാതിരുന്നത്. ചര്‍ച്ച നടത്തിയാല്‍ ബി.ജെ.പി- സി.പി.എം അവിശുദ്ധ ബാന്ധവം കൂടുതല്‍ പുറത്തുവരുമെന്നും സതീശന്‍ പറഞ്ഞു.

Content Highlights: Opposition leader VD Satheesan criticizes Kerala government for protecting a BJP leader who threatened Rahul Gandhi