മർദനമേറ്റ പോലീസുകാരനെതിരേ കേസ്, ഒപ്പമുണ്ടായിരുന്ന സഹോദരിയും പ്രതി; എന്തൊരു നീതിനിർവഹണമാണിത്?- സതീശൻ

#ന്യൂസ് ഡെസ്ക്
വി.ഡി സതീശന്‍| ഫയല്‍ ഫോട്ടോ: പി.ടി.ഐ
വി.ഡി സതീശന്‍| ഫയല്‍ ഫോട്ടോ: പി.ടി.ഐ

തിരുവനന്തപുരം: ക്രിമിനലുകൾക്ക് സംരക്ഷണം ഒരുക്കുന്ന മാഫിയാസംഘമായി ആഭ്യന്തര വകുപ്പും സർക്കാർ സംവിധാനങ്ങളും അധഃപതിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ട് പോലീസുകാരാണ് ഇന്നലെ സംസ്ഥാനത്ത് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ഷോപ്പിങ് മാളിൽ പൊലീസുകാരനെ എസ്.എഫ്.ഐ ക്രിമിനൽ സംഘം ആക്രമിച്ചപ്പോൾ കോഴിക്കോട് മറ്റൊരു പൊലീസുകാരനെ പട്ടാപ്പകൽ ഒരു ക്രിമിനൽ കുത്തിപ്പരിക്കേൽപ്പിച്ചു. വടിവാളുകൾക്ക് ഇടയിലൂടെ നടന്നെന്നും ഇരട്ടച്ചങ്കെന്നും പി.ആർ. ഏജൻസികൾ ഊതി വീർപ്പിച്ച അതേ പിണറായി വിജയൻ തന്നെയാണ് ഇപ്പോഴും കേരളത്തിന്റെ ആഭ്യന്തരമന്ത്രിയെന്നത് ഓർക്കണം, സതീശൻ പരിഹസിച്ചു. 

തിരുവനന്തപുരത്തെ ഷോപ്പിങ് മാളിൽ എസ്.എഫ്.ഐ പ്രവർത്തകർ പോലീസുകാരനെ പിന്നാലെ നടന്ന് പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മർദ്ദിക്കുന്നതും മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാണ്. എന്നിട്ടും മർദനത്തിന് ഇരയായ പോലീസുകാരനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഒപ്പമുണ്ടായിരുന്ന സഹോദരിയെയും പ്രതിയാക്കി. ഇരുവരും ചേർന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചു എന്നതാണ് കേസ്. അതേസമയം പിന്നാലെ നടന്ന് ആക്രമിച്ച എസ്.എഫ്.ഐ സംഘത്തിനെതിരെ നിസാര വകുപ്പുകൾ മാത്രം. അറസ്റ്റും ഇല്ല. എന്തൊരു നീതി നിർവഹണമാണിത്? പ്രതികളാകുന്ന സ്വന്തക്കാരെയും സി.പി.എം ക്രിമിനൽ സംഘങ്ങളെയും ആഭ്യന്തരമന്ത്രിയുടെ കസേരയിൽ ഇരിക്കുന്ന പിണറായി വിജയൻ ചേർത്ത് പിടിക്കുന്ന ആദ്യ സംഭവമല്ല ഇത്, എന്നും സതീശൻ ആരാഞ്ഞു. 

അയ്യപ്പന്റെ സ്വർണം പോലും തട്ടിയെടുത്ത കൊള്ളസംഘമാണ് സംസ്ഥാനം ഭരിക്കുന്നത്. സ്വർണക്കൊള്ളയിൽ ജയിലിലായ നേതാക്കളെ സംരക്ഷിക്കുക, രക്തസാക്ഷി ഫണ്ടിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടിയ ആളെ പുറത്താക്കുക എന്ന കാട്ടുനീതി നടപ്പാക്കുന്ന പാർട്ടിയാണ് ഭരണത്തിന് നേതൃത്വം നൽകുന്നത്. സി.പി.എം പതിറ്റാണ്ടുകൾ ഭരിച്ച പശ്ചിമ ബംഗാളിൽ ഭരണത്തിന്റെ അന്ത്യനാളുകളിൽ സംഭവിച്ചതൊക്കെയും കേരളത്തിലും ആവർത്തിക്കുകയാണ്. ക്രിമിനലുകളെ വളർത്തിയും സംരക്ഷിച്ചും നാടുകൊള്ളയടിച്ചും നടത്തുന്ന ഈ ഭരണം ജനം അവസാനിപ്പിക്കുക തന്നെ ചെയ്യും. കേരളം അതിനായി കാത്തിരിക്കുകയാണെന്നത് സർക്കാരും സി.പി.എമ്മും മറക്കേണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. 

Content Highlights: Opposition slams Kerala govt for shielding criminals and alleged police brutality, citing recent SFI attacks and inaction against perpetrators. Details here.