എസ്ഐആർ നീട്ടിവെക്കണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ, സുപ്രീംകോടതിയെ സമീപിക്കുന്നതാകും ഉചിതമെന്ന് കോടതി

കൊച്ചി: എസ്ഐആർ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ഈ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുന്നതാകും ഉചിതമെന്ന് ഹൈക്കോടതി പറഞ്ഞു. സർക്കാരിന്റെ ഹർജിയിൽ ഹൈക്കോടതി വൈള്ളിയാഴ്ച വിധി പറയും.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടർപട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടർ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നുമാണ് സംസ്ഥാന സർക്കാർ ആരോപിക്കുന്നത്. കേരളത്തിൽ വോട്ടർ പട്ടികയുടെ തീവ്ര പരിശോധന നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയോഗത്തിൽ തീരുമാനമുണ്ടായിരുന്നു. യോഗത്തിൽ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികൾ സർക്കാർ തീരുമാനത്തെ പൂർണമായും പിന്തുണക്കുകയായിരുന്നു ചെയ്തത്. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. അടിയന്തരമായി നിർത്തിവെക്കണമെന്നും ഡിസംബർ 20ന് ശേഷം മാത്രമേ നടപ്പിലാക്കാൻ പാടുള്ളൂവെന്നുമാണ് ആവശ്യം.
ഒരു ലക്ഷത്തി എഴുപത്തിയെട്ടായിരത്തോളം ജീവനക്കാരെ തിരഞ്ഞെടുപ്പ് ജോലികൾക്കും അറുപത്തി അയ്യായിരത്തോളം സുരക്ഷാജീവനക്കാരേയും വിട്ട് നൽകുന്നു. ഇതിനിടെ വലിയൊരു വിഭാഗത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് കൂടി മാറ്റിവെച്ചാൽ സർക്കാർ ഓഫീസുകളിലെ പ്രവർത്തനങ്ങളുടെ താളം തെറ്റുമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അതേസമയം ഇരുപത്തി അയ്യായിരം ജീവനക്കാരെ മാത്രമേ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനായി ഉപയോഗിക്കുന്നുള്ളൂവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം.
2002 ലെ തിരഞ്ഞെടുപ്പ് പട്ടിക ആധാരമാക്കി വോട്ടർ പട്ടിക പരിഷ്ക്കരിക്കുമ്പോഴുള്ള പ്രയാസങ്ങൾ നിരവധിയാണെന്നും എസ്ഐആർ പ്രത്യേക ഉദ്ദേശ്യത്തോടെ നടപ്പാക്കുന്നതാണെന്നുമുള്ള ആശങ്ക രാഷ്ട്രീയ പാർട്ടികൾ സർവ്വകക്ഷിയോഗത്തിലും ഉന്നയിച്ചിരുന്നു.
Content Highlights: Kerala Govt approaches High Court seeking a stay on the intensive voter list revision amid local body elections. HC suggests approaching Supreme Court. Verdict on Friday.