കെ-ഫോൺ കണക്ഷൻ: കൈയൊഴിഞ്ഞ് സർക്കാർ, ബില്ല് സ്കൂളുകൾതന്നെ അടയ്ക്കണമെന്ന് നിർദേശം

ഏച്ചൂർ (കണ്ണൂർ): സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ കെ-ഫോൺ ഇന്റർനെറ്റ് കണക്ഷന്റെ ബിൽ ഇനി ബന്ധപ്പെട്ട സ്കൂൾ അടയ്ക്കണമെന്ന് നിർദേശം. കണക്ഷന്റെ കാലാവധി പുതുക്കേണ്ട ഘട്ടത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉപവിദ്യാഭ്യാസ ഡയറക്ടർമാർക്ക് ഇതുസംബന്ധിച്ച കത്ത് അയച്ചിരിക്കുന്നത്. തുടർന്നും കെ-ഫോൺ കണക്ഷൻ ആവശ്യമുണ്ടോയെന്ന് സ്കൂളുകൾ അറിയിക്കണമെന്നും ആവശ്യമുള്ള സ്ഥാപനങ്ങൾ കണക്ഷൻ പുതുക്കി ബിൽ സ്വയം അടച്ച് സേവനം തുടരണമെന്നുമാണ് നിർദേശം.
സംസ്ഥാനത്ത് 6000-ത്തിലധികം സർക്കാർ സ്കൂളുകളിലാണ് കെ-ഫോൺ കണക്ഷൻ നിലവിലുള്ളത്. സൗജന്യ സേവനമല്ലെങ്കിലും ഇതുവരെ സ്കൂളുകൾ കെ-ഫോൺ ബിൽ അടച്ചിരുന്നില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിൽ വ്യക്തമാക്കുന്നു. കേരളത്തിൽ കെ-ഫോൺ പദ്ധതി 2023 ജൂൺ അഞ്ചിന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതോടെയാണ് സ്കൂളുകൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കിത്തുടങ്ങിയത്.
ഡിജിറ്റലിൽനിന്നുള്ള തിരിഞ്ഞുനടപ്പോ?
ഡിജിറ്റൽ വിദ്യാഭ്യാസം ശക്തിപ്പെടുത്തുക, സമഗ്ര, സാംഖ്യ, സ്പാർക്ക്, ഇ-ഓഫീസ്, വിദ്യാർഥി പ്രവേശനം, പരീക്ഷാനടപടികൾ, വിവിധ സർക്കാർ പോർട്ടലുകളിലെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യൽ തുടങ്ങി അക്കാദമികവും ഭരണപരവുമായ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. നിലവിൽ സ്കൂളുകളുടെ വിവിധ ആവശ്യങ്ങൾക്കായി അധ്യാപകർ സ്വന്തം കൈയിൽനിന്ന് ഗണ്യമായ തുക ചെലവഴിക്കുന്നുണ്ട്. പഠനസാമഗ്രികൾ, ഓഫീസ് ആവശ്യങ്ങൾ, ചെറുകിട അറ്റകുറ്റപ്പണി, വിവിധ സർക്കാർ പദ്ധതികളുടെ നടത്തിപ്പ് എന്നിവയ്ക്കായി പലപ്പോഴും അധ്യാപകർ വ്യക്തിപരമായി പണം ചെലവഴിക്കേണ്ടിവരുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിനുപുറമെ കെ-ഫോൺ കണക്ഷൻ പുതുക്കലിന്റെയും ബിൽ അടയ്ക്കുന്നതിന്റെയും ബാധ്യതകൂടി വരുന്നതോടെ അധ്യാപകർക്ക് മറ്റൊരു സാമ്പത്തിക ഇരുട്ടടിയായിരിക്കുമെന്നാണ് ആക്ഷേപം. കെ-ഫോൺ സേവനം നിലച്ചാൽ സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.
കണക്ഷനിൽ മുന്നിൽ മലപ്പുറം
ബി.പി.എൽ. കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്ത് ഇതുവരെ 1,47,485 കെ-ഫോൺ കണക്ഷനുകൾ നൽകിയിട്ടുണ്ട്. ഇതിൽ 1,16,360 കണക്ഷനുകൾ സാധാരണ ഉപഭോക്താക്കൾക്കും ബി.പി.എൽ. കുടുംബങ്ങൾക്കുമാണ്. മലപ്പുറം (31,352) ജില്ലയാണ് കണക്ഷനുകളുടെ എണ്ണത്തിൽ മുന്നിൽ. തുടർന്ന് കോട്ടയം (13,000), കോഴിക്കോട് (12,792), എറണാകുളം (11,879) ജില്ലകളാണ്. ഇതുകൂടാതെ 30,897 സർക്കാർ ഓഫീസുകളിലും കെ-ഫോൺ കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. സ്കൂളുകളുടെ ഡിജിറ്റൽ പ്രവർത്തനങ്ങൾ പൂർണമായും ഇന്റർനെറ്റ് സംവിധാനത്തെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ബില്ലടയ്ക്കൽ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യമാണുയരുന്നത്.
Content Highlights: The Kerala General Education Department has directed over 6,000 government schools in the state to renew and pay for their own K-FON internet connections, sparking concerns over financial strain on teachers and potential disruption of digital school administration.