ഭരണം മാറി; സർക്കാർ വകുപ്പുകളിൽ കൂട്ട സ്ഥലംമാറ്റം തുടങ്ങി

ആലപ്പുഴ: പുതിയ സർക്കാർ അധികാരമേൽക്കും മുൻപേ വിവിധ വകുപ്പുകളിൽ തിടുക്കത്തിൽ കൂട്ട സ്ഥലംമാറ്റം തുടങ്ങി. 350-ൽ അധികം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കഴിഞ്ഞു. തിങ്കളാഴ്ച മുതൽ കൂടുതൽ ഉത്തരവുകളിറങ്ങുമെന്നാണു സൂചന. ഓൺലൈനായി മാറ്റം നടന്നിരുന്ന വകുപ്പുകളിൽപ്പോലും വകുപ്പുമേധാവികളുടെ നേരിട്ടുള്ള ഉത്തരവുകളിറങ്ങിയിട്ടുണ്ട്.
ഭരണസൗകര്യാർഥമുള്ള മാറ്റമെന്നാണ് ഉത്തരവുകളിൽ വ്യക്തമാക്കിയിരിക്കുന്നത്. സഹകരണം, രജിസ്ട്രേഷൻ വകുപ്പ് ഓഫീസുകളിലാണ് സ്ഥലംമാറ്റത്തിനു തുടക്കമിട്ടത്. കൊല്ലത്തെ സഹകരണ ഓഫീസുകളിൽനിന്നു മാത്രം 52 പേരെ മാറ്റി. റവന്യൂവകുപ്പിൽ അൻപതോളം പേരെ മാറ്റി. ആരോഗ്യം, തദ്ദേശസ്വയംഭരണ വകുപ്പുകളിലും ഉത്തരവുകളിറങ്ങിയിട്ടുണ്ട്.
മറ്റു വകുപ്പുകളിൽ സ്ഥലംമാറ്റിയവരുടെ എണ്ണം: ഓഡിറ്റ് വകുപ്പ്- 31, ജലസേചനം- 35, സാങ്കേതിക വിദ്യാഭ്യാസം- 34, സ്ഥിതിവിവരക്കണക്ക്- 22, ലാൻഡ് റവന്യൂ കമ്മിഷണറേറ്റ്- 20, ജി.എസ്.ടി.- 14.
ഭരണാനുകൂല സംഘടനകളുടെ നിർദേശപ്രകാരമാണ് സ്ഥലംമാറ്റമെന്നാണു സൂചന. മന്ത്രിമാരെ നിശ്ചയിക്കും മുൻപേ സംഘടനാ നേതാക്കൾ ഭരണം തുടങ്ങിയെന്ന് ആരോപണമുയർന്നിട്ടുണ്ട്.
എന്നാൽ, 10 വർഷംവരെ ഒരേസ്ഥലത്തു ജോലിചെയ്യുന്നവരെ മാറ്റുന്നതിന്റെ ഭാഗമായും ഭരണസൗകര്യം പരിഗണിച്ചുമാണ് മാറ്റമെന്നാണ് എൻ.ജി.ഒ. അസോസിയേഷൻ നേതാക്കൾ പറയുന്നത്.
ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ സ്ഥലംമാറ്റത്തിനെതിരേ പ്രതിഷേധം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ആലപ്പുഴ കളക്ടറേറ്റിൽ ഉൾപ്പെടെ സമരം നടത്തും. ഭരണസൗകര്യത്തിനായി ജീവനക്കാരെ മാറ്റുന്നതിനെ എതിർക്കില്ലെന്നും ചട്ടവിരുദ്ധമായ മാറ്റങ്ങളിലാണു പ്രതിഷേധമെന്നും ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഹരിദാസ് ഇറവുങ്കര പറഞ്ഞു.
പുതിയ സർക്കാർ ഭരണമേറ്റെടുക്കും മുൻപേ 350-ൽ അധികം പേരെ സ്ഥലംമാറ്റിയെന്ന് എൻ.ജി.ഒ. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. ശശിധരൻ വ്യക്തമാക്കി. ഇപ്പോഴത്തെ സ്ഥലംമാറ്റത്തിനു പിന്നിൽ എൽ.ഡി.എഫ്. അനുകൂല സംഘടനകളുടെ കള്ളക്കളിയുണ്ടെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ ആരോപിച്ചു. ഭരണം മാറുന്ന സാഹചര്യത്തിൽ ഇഷ്ടസ്ഥലത്തേക്കു പോകുന്നതിനു ഗൂഢനീക്കമുണ്ട്. അതിനു ഭരണാനുകൂല സംഘടനകളെ കരുവാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Over 350 government employees transferred across multiple departments., Transfers initiated in Cooperation, Registration, Revenue, and Health departments., Allegations of political influence by ruling-aligned organizations., Protests scheduled by the Joint Council against alleged illegal transfers., Official stance claims transfers are for administrative convenience.