വയനാട്, പാലക്കാട്, ചേലക്കര; തീയതിയും തിരക്കഥയും റെഡി, ഇനിയറിയേണ്ടത് കഥാപാത്രങ്ങളെ

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ കെട്ടടങ്ങും മുമ്പ് ഒരു ഉപതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് കേരളത്തിലെ മുന്നണികള്‍. കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളില്‍ വി.ഐ.പി. സ്റ്റാറ്റസുള്ള വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട് വെച്ചൊഴിയുകയും ഷാഫി പറമ്പില്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ ലോക്‌സഭയിലേക്ക് എത്തുകയും ചെയ്തതാണ് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.
ഏറ്റവും ആവേശമുള്ള ഉപതിരഞ്ഞെടുപ്പ് വയനാട്ടിലേത് ആയിരിക്കുമെന്നതില്‍ സംശയമില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിത്വം കൊണ്ട് വയനാട് ശ്രദ്ധേയമായിരുന്നു. ഇന്ത്യയില്‍ തന്നെ കോണ്‍ഗ്രസിന്റെ മുഖമായ രാഹുല്‍ ഗാന്ധിയെ യു.ഡി.എഫ്. മത്സരരംഗത്ത് ഇറക്കിയപ്പോള്‍, സി.പി.ഐയുടെ ദേശീയ നേതാവായ ആനി രാജയെയാണ് എല്‍.ഡി.എഫ്. കളത്തിലിറക്കിയത്. എന്‍.ഡി.എയും ഒട്ടും പിന്നിലായിരുന്നില്ല. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെയാണ് ഇവരും വയനാട്ടിലെ കളത്തിലിറക്കിയത്.
വയനാട്ടിലെ ദേശീയ പോരാട്ടം
മാസങ്ങള്‍ക്കിപ്പുറം ഉപതിരഞ്ഞെടുപ്പിലേക്ക് വരുമ്പോഴും സാധ്യത കല്‍പ്പിക്കുന്നത് അത്രയും സ്റ്റാര്‍ സ്ഥാനാര്‍ഥികള്‍ക്ക് തന്നെയാണ്. യു.ഡി.എഫ്. പ്രിയങ്ക ഗാന്ധിയെയായിരിക്കും മത്സരരംഗത്തേക്ക് പരിഗണിക്കുകയെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മണ്ഡലം നിലനിര്‍ത്തിയത്. അതിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷമാണ് പ്രിയങ്ക ഗാന്ധിക്ക് വയനാട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലേത് പോലെ ആനി രാജയെപ്പോലെയുള്ള ദേശീയനേതാക്കളെയിറക്കി മത്സരം കടുപ്പിക്കാമെന്നാണ് സി.പി.ഐ.യില്‍ ഉയര്‍ന്ന പ്രാഥമിക ചര്‍ച്ച. എന്നാല്‍, മുന്‍ എം.എല്‍.എയും സി.പി.ഐയുടെ മുതിര്‍ന്ന നേതാവുമായ ഇ.എസ്. ബിജിമോളുടെയും മുൻ എം.എൽ.എ സത്യൻ മൊകേരിയുടെ പേരും വയനാട് സീറ്റിലേക്കായി എല്‍.ഡി.എഫ്. പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇതിനെല്ലാം പുറമെ, പൊതുസ്വതന്ത്രനെ നിര്‍ത്തുന്നതും ഇടതുമുന്നണിയുടെ പരിഗണനയിലുണ്ടെന്നാണ് വിവരം. ബി.ജെ.പി.യാകട്ടെ അവരുടെ പോരാളിയായി ശോഭാ സുരേന്ദ്രനെ രംഗത്തിറക്കിയേക്കും. സന്ദീപ് വാരിയര്‍ ഉള്‍പ്പെടെയുള്ള ചില പേരുകളും ഉയര്‍ന്നുവരുന്നുണ്ട്.
തുടരാനും തടയാനും ചേലക്കര
കെ. രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ് ആലത്തൂർ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്കുപോയ സാഹചര്യത്തിലാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇടതുമാറിയും വലത് തിരിഞ്ഞും ശീലമുള്ള മണ്ഡലമാണ് ചേലക്കര. 1996 മുതല്‍ ഇങ്ങോട്ടുള്ള രണ്ട് പതിറ്റാണ്ടുകള്‍ മാത്രമാണ് സി.പി.എമ്മിന് മണ്ഡലത്തിന്റെ കുത്തക അവകാശപ്പെടാന്‍ സാധിക്കുന്നത്. 1965-ല്‍ നിലവില്‍ വന്ന ചേലക്കര മണ്ഡലം ഇടത്-വലത് പക്ഷങ്ങള്‍ മാറിമാറി കൈവശം വെച്ചിരുന്നു. എന്നാല്‍, 1996-ല്‍ കെ.രാധാകൃഷ്ണന്‍ ഈ മണ്ഡലത്തില്‍ വിജയിച്ചതില്‍ പിന്നെ മറ്റ് പാര്‍ട്ടികള്‍ക്ക് വേരോട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. 1996, 2001, 2006, 2021 എന്നീ വര്‍ഷങ്ങളിലാണ് രാധാകൃഷന്‍ ഈ മണ്ഡലത്തിന്റെ പ്രതിനിധിയായത്. ഇതിനിടെയില്‍ 2016-ല്‍ അദ്ദേഹം യു.ആര്‍.പ്രദീപിന് വേണ്ടി സീറ്റൊഴിഞ്ഞ് കൊടുത്തിരുന്നു.
ഇപ്പോള്‍, ഉപതിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോഴും യു.ആര്‍. പ്രദീപിന്റെ പേരിനാണ് ഇടതുപക്ഷം കൂടുതല്‍ പ്രധാന്യം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചേലക്കരയുടെ മുന്‍ എം.എല്‍.എ, ചേലക്കര ഏരിയ കമ്മിറ്റി അംഗം, ദേശമംഗലം പഞ്ചായത്ത് മുന്‍പ്രസിഡന്റ് എന്നീ മേഖലയിലെ പ്രവൃത്തി പരിചയമാണ് അദ്ദേഹത്തിന് മുതല്‍ക്കൂട്ടാവുന്നത്. യു.ഡി.എഫ്. പാളയത്തിലെ ചര്‍ച്ചകള്‍ മുന്‍ എം.പി. രമ്യ ഹരിദാസിനെ ചുറ്റിപ്പറ്റിയാണ്. പ്രദേശികമായി നിലനില്‍ക്കുന്ന ഏതാനും എതിര്‍പ്പുകള്‍ മറികടന്നാല്‍ രമ്യയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കാനിറങ്ങിയ ഡോ. ടി.എന്‍. സരസുവിനെ ആയിരിക്കും ബി.ജെ.പി. ചേലക്കരയിലേക്കും പരിഗണിക്കുകയെന്നാണ് കണക്കുകൂട്ടുന്നത്.
ത്രികോണപ്പോരിന് പാലക്കാട്
ഈ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് പാലക്കാട് മണ്ഡലമായിരിക്കും എന്നതില്‍ തര്‍ക്കമില്ല. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവസാനഘട്ടം വരെ യു.ഡി.എഫും എന്‍.ഡി.എയും കട്ടയ്ക്ക് ഏറ്റുമുട്ടിയ മണ്ഡലമാണിത്. മെട്രോമാന്‍ ശ്രീധരനെ മത്സരരംഗത്ത് ഇറക്കിയത് ബി.ജെ.പിക്ക് കൂടുതല്‍ മൈലേജ് നല്‍കിയിരുന്നു. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് ക്യാമ്പിന്റെ നെഞ്ചിടിപ്പ് കൂടിയെങ്കിലും അവസാന റൗണ്ടിൽ ഷാഫി പറമ്പില്‍ കടന്നുകൂടുകയായിരുന്നു. ഷാഫി, പാലക്കാട് വിട്ട് വടകരയിൽ നിന്ന് ലോക്സഭാംഗമായതോടെ പാലക്കാട് വീണ്ടും തിരഞ്ഞെടുപ്പിന്റെ സസ്‌പെന്‍സിലേക്ക് നീങ്ങുകയാണ്.
യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ആദ്യം മുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേര് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റേതാണ്. ഷാഫി പറമ്പിലിന്റെ നോമിനിയാണ് രാഹുല്‍ മാങ്കൂട്ടത്തിൽ എന്നായിരുന്നു പൊതുവേയുള്ള പ്രചാരണം. എന്നാല്‍, ഷാഫി തന്നെ ഇത് തിരുത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ നോമിനിയായിരിക്കും സ്ഥാനാര്‍ഥി എന്നാണ് അദ്ദേഹം പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് ഷാഫിക്ക് പകരമായി ഉയര്‍ന്നെങ്കിലും പ്രാദേശിക പരിഗണനകള്‍ക്ക് മുന്നില്‍ വെട്ടിപ്പോയേക്കുമെന്ന് കരുതുന്നവരുണ്ട്. രാഹുലിന്റെ പേരിന് പുറമെ, കെ.പി.സി.സി. സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ഡോ.പി. സരിന്‍, കെ.പി.സി.സി. വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായി വി.ടി. ബല്‍റാം എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.
പാലക്കാടിനെ സംബന്ധിച്ച് കോണ്‍ഗ്രസിന്റെ എതിരാളി ബി.ജെ.പിയാണ്. അതുകൊണ്ടുതന്നെ പൊതുസ്വീകാര്യനായ സ്ഥാനാര്‍ഥിയെ എത്തിക്കാന്‍ മാത്രമേ ബി.ജെ.പി. ക്യാമ്പ് ശ്രമിക്കൂ. ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാറിന്റെ പേരിനാണ് കൂടുതൽ സാധ്യത കല്‍പ്പിക്കുന്നത്. എന്നാൽ, സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനോ ശോഭ സുരേന്ദ്രനോ വരാനുള്ള സാധ്യതയും മുന്നിൽ കാണുന്നുണ്ട്. ഇവർക്ക് പുറമെ, നഗരസഭാ വൈസ് ചെയര്‍മാന്‍ കൂടിയായ ഇ. കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് കെ.എ. ഹരിദാസ്, നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരന്‍ തുടങ്ങിയ പേരുകളും സ്ഥാനാര്‍ഥി പരിഗണനയ്ക്കായി ഉയരുന്നുണ്ട്.
എല്‍.ഡി.എഫ്. തുടര്‍ച്ചയായി മൂന്നാംസ്ഥാനത്തേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന മണ്ഡലമാണ് പാലക്കാട്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ നിന്നുള്ള ഒരാളെ തന്നെ മത്സരിപ്പിച്ച മുന്നേറ്റമുണ്ടാക്കുകയാണ് പാര്‍ട്ടിയിലും മുന്നണിയിലും ശ്രമങ്ങള്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ ഉയര്‍ന്ന സാധ്യത കല്‍പ്പിക്കുന്ന പേരുകളില്‍ ഒന്ന് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ.ബിനുമോള്‍ക്കാണ്. സി.പി.എം. നേതാവായിരുന്ന ഇമ്പിച്ചി ബാവയുടെ മകളായ ബിനുമോള്‍ എസ്.എഫ്.ഐ. വിദ്യാര്‍ഥി രാഷ്ട്രിയത്തിലൂടെ പൊതുരംഗത്തേക്ക് എത്തിയ ഇവര്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ്. മറ്റൊരി പേര് കൂടി ഇടതുപാളയത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സഫ്ദര്‍ ഷെരീഫിന്റേതാണിത്. അഭിഭാഷകന്‍ കൂടിയായ സഫ്ദര്‍ ഡി.വൈ.എഫ്.ഐ. പാലക്കാട് ബ്ലോക്ക് ജോയില്‍ സെക്രട്ടറിയുമാണ്.
Content Highlights: Kerala gears up for by elections in Wayanad, Palakkad and Chelakkara, figures from UDF,LDF,BJP