സ്വകാര്യ നഴ്സറികളിൽനിന്ന് വാങ്ങിനട്ട തേക്കിൻതൈകൾ കൂട്ടത്തോടെ നശിച്ചു; കെ.എഫ്.ഡി.സി.ക്ക് നഷ്ടം ലക്ഷങ്ങൾ

#രതീഷ് രവി
പാലോട് കല്ലണയിൽ നാലുവർഷംമുൻപ്‌ കെ.എഫ്.‍‍ഡി.സി. നട്ട തേക്കിൻതൈകൾ വളർച്ച മുരടിച്ചനിലയിൽ | കുളത്തൂപ്പുഴ ഡാലിയിൽ മലയോര ഹൈവേയോട് ചേർന്നുള്ള വനംവകുപ്പിന്റെ തേക്കിൻതൈകൾ തഴച്ചുവളരുന്നു
പാലോട് കല്ലണയിൽ നാലുവർഷംമുൻപ്‌ കെ.എഫ്.‍‍ഡി.സി. നട്ട തേക്കിൻതൈകൾ വളർച്ച മുരടിച്ചനിലയിൽ | കുളത്തൂപ്പുഴ ഡാലിയിൽ മലയോര ഹൈവേയോട് ചേർന്നുള്ള വനംവകുപ്പിന്റെ തേക്കിൻതൈകൾ തഴച്ചുവളരുന്നു

കൊല്ലം: സ്വകാര്യ നഴ്സറികളിൽനിന്നു വാങ്ങി, കേരള വനം വികസന കോർപ്പറേഷൻ (കെ.എഫ്.ഡി.സി.) കാടിനുള്ളിലെ തോട്ടങ്ങളിൽ നട്ട നാടൻ തേക്കിൻതൈകളിൽ ഭൂരിഭാഗവും നശിച്ചു. തൃശ്ശൂർ ജില്ലയിലെ മായന്നൂർ, തിരുവനന്തപുരം പാലോട് കല്ലണ എന്നിവിടങ്ങളിലായി 100 ഹെക്ടർ സ്ഥലത്ത് 2022-23 കാലത്ത് നട്ട തേക്കിൻതൈകൾ നശിക്കുകയും മുരടിക്കുകയും ചെയ്തതുവഴി കോർപ്പറേഷന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.

പാലോട് കല്ലണയിൽ നട്ട തൈയുടെ 20 ശതമാനംപോലും വളർന്നില്ല. നാലുവർഷം പ്രായമായ തേക്കിൻതൈകൾക്ക് മൂന്നടി ഉയരംപോലുമില്ല. തേക്കിൻതോട്ടം കൂട്ടത്തോടെ മുരടിച്ചതിനു കാരണം ഗുണനിലവാരമില്ലാത്ത തൈകൾ നട്ടതാണെന്ന് വനംവകുപ്പ് ഉന്നതർതന്നെ വ്യക്തമാക്കുന്നു. കുളത്തൂപ്പുഴ ഡാലിയിൽ, മലയോര ഹൈവേയോട് ചേർന്നുള്ള വനംവകുപ്പിന്റെ തേക്കിൻതോട്ടമാണ് അവർ താരതമ്യപഠനത്തിനു വയ്ക്കുന്നത്. ഇവിടെ തൈകൾ തഴച്ചുവളരുകയാണ്.

കെ.എഫ്.ഡി.സി.യുടെ ആനക്കുളം, കുടപ്പനക്കുളം നഴ്‌സറികൾ പ്രവർത്തിപ്പിക്കാതെ അടച്ചിട്ടിട്ട്, രണ്ടരലക്ഷം തേക്കിൻതൈകൾ പുറമേയുള്ള നഴ്സറികളിൽനിന്നു വാങ്ങുകയായിരുന്നു. അഞ്ച്‌ രൂപയിൽ താഴെ മുടക്കി, ഒരു തൈ ഉത്പാദിപ്പിക്കാമായിരുന്ന സ്ഥാനത്ത് 20 രൂപ നൽകിയാണ് ഇവ വാങ്ങിയത്. ഒന്നും രണ്ടും വർഷത്തെ പരിപാലനത്തിന് തിരുവനന്തപുരത്തുമാത്രം 41.15 ലക്ഷം രൂപ ചെലവഴിച്ചു.

ഫോറസ്റ്റ് മാനേജ്മെന്റ് പ്ലാൻ അനുസരിച്ച്, വനഭൂമിയിൽ തൈകൾ നടണമെന്ന നിബന്ധന പാലിച്ചില്ല. മരങ്ങൾ മുറിക്കുന്ന സമയത്തുതന്നെ നഴ്സറി തയ്യാറാക്കണമെന്നാണ് വ്യവസ്ഥ. പ്ലാന്റേഷൻ ജേണൽ തയ്യാറാക്കുകയും വേണം. എവിടെനിന്നാണ് വിത്ത് ശേഖരിച്ചത്, എങ്ങനെയാണ് പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം പ്ലാന്റേഷൻ ജേണലിൽ ഉണ്ടാകണമെന്നാണ് ചട്ടം. ഇതെല്ലാം മറികടന്നാണ് തൈകൾ നട്ടത്.

2019-ൽ കല്ലണയിൽ നട്ട തേക്ക് കൂട്ടത്തോടെ നശിച്ചതിനാൽ കോർപ്പറേഷന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഇവിടം തേക്ക് നടുന്നതിന് അനുയോജ്യമല്ലെന്ന റിപ്പോർട്ട് മറികടന്നാണ് വീണ്ടും തൈ വെച്ചത്. അന്ന് നഷ്ടമുണ്ടാക്കിയതിനു പരിഹാരമായി സ്വന്തം കൈയിൽനിന്നു പണമടച്ച ഉദ്യോഗസ്ഥനടക്കമാണ് സ്വകാര്യ നഴ്സറിയിൽനിന്ന് തൈ വാങ്ങാൻ തീരുമാനിച്ചതെന്നാണ് വിവരം.

സ്വന്തം നഴ്സറി പൂട്ടിയിട്ട് പുറമേനിന്ന് തൈ വാങ്ങിയതു സംബന്ധിച്ച് 2022 ജൂൺ 17-ന് മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെ കെ.എഫ്.ഡി.സി. നഴ്സറികൾ തുറക്കുകയും ചെയ്തു.

Content Highlights: The Kerala Forest Development Corporation (KFDC) faced significant losses as most teak saplings planted in forest plantations from private nurseries failed to thrive, particularly in Thrissur, Mayannur, and Palode Kallan, due to poor quality saplings. Despite spending substantial amounts on saplings and maintenance, the plantations did not adhere to the Forest Management Plan, which mandates proper nursery preparation and documentation, leading to further inefficiencies and losses. Previous failures in teak planting at Kallan were ignored, resulting in repeated losses, and the decision to purchase saplings from private nurseries was made after closing KFDC's own nurseries, which have since been reopened following media reports.