ഏഴ് റിപ്പോർട്ട്, ഏഴ് കണക്ക്; തലയിൽ കൈവെച്ച് കേന്ദ്രസമിതികൾ: സത്യം പറയാമോ, കേരളത്തിൽ എത്ര വനമുണ്ട്?

#കെ.ആർ. പ്രഹ്ലാദൻ
പ്രതീകാത്മക ചിത്രം | Photo: AP
പ്രതീകാത്മക ചിത്രം | Photo: AP

കോട്ടയം: പരിസ്ഥിതിലോലമേഖലയുടെ കാര്യത്തിൽ ഏറ്റവും അടിസ്ഥാനവിവരമായ വനവിസ്തൃതിയിൽ കൃത്യതയില്ലാതെ വലിയ വ്യത്യാസത്തിൽ പല കണക്കുകൾ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് നൽകി കേരളം സ്വയം വെട്ടിലായി. 2012 മുതൽ 2026 വരെ 14 വർഷത്തിനിടെ ഏഴുതരം കണക്കാണ് നൽകിയത്.

• 448 വില്ലേജിൽ വനഭൂമിയുണ്ടെന്നാണ് ഏറ്റവും ഒടുവിൽ, 2026 ഓഗസ്റ്റിൽ പുറത്തുവന്ന 2024 കേരള വനം സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നത്. ആകെ വനവിസ്തൃതി 11536.251 ചതുരശ്രകിലോമീറ്ററും. മുൻ റിപ്പോർട്ടുകളിൽ കാണിച്ചിട്ടുള്ള 123 ഇ.എസ്.എ. വില്ലേജുകളിലെ മാത്രം വനവിസ്തൃതി 9107 ചതുരശ്ര കിലോമീറ്റർ ആണെന്ന വനംവകുപ്പിന്റെ കണക്ക് തെറ്റാണെന്ന് സമ്മതിക്കലാണിത്.

• ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന കാലത്ത് കേരള ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്‌സ്, 2012-ലെ വനവിസ്തൃതി 11309.47 ചതുരശ്ര കിലോമീറ്ററാണ്. റിസർവ് വനം 9176.3026 ചതുരശ്ര കിലോമീറ്റർ, നിർദിഷ്ട റിസർവ് വനം 295.378 ച.കി.മീറ്റർ, നിക്ഷിപ്തവനം 1837.75 ച.കി.മീറ്റർ. ഇതിനും അടിസ്ഥാനവിവരങ്ങളുടെ പിൻബലമില്ല. അളവിന്റെ കൃത്യതയിൽ സംശയം.

• ഒരു പ്രദേശത്തെ വനമായി കണക്കാക്കണമെങ്കിൽ വിജ്ഞാപനം വേണം. അതിലെ അളവായിരിക്കണം വനവിസ്തൃതി. 1800 മുതൽ 1902 വരെയുള്ള പല വിജ്ഞാപനങ്ങൾ വന്നു. പക്ഷേ, അവയിൽ പലതും ജനമേഖലകളാണ്.

• കസ്തൂരിരംഗൻ റിപ്പോർട്ട് പുറത്തുവന്നശേഷം വനവിസ്തൃതി സർക്കാർ വീണ്ടും വിലയിരുത്തി. ഡോ. ഉമ്മൻ വി.ഉമ്മൻ സമിതിയെ നിയോഗിച്ചതിനൊപ്പം വനം, റവന്യൂ, കൃഷി, തദ്ദേശസ്വയംഭരണം, സർവേ വകുപ്പ് ഉദ്യോഗസ്ഥരടങ്ങിയ പഞ്ചായത്തുതല കമ്മിറ്റി രൂപവത്കരിച്ചു. കമ്മിറ്റി തയ്യാറാക്കിയ 123 ഇ.എസ്.എ. വില്ലേജുകളിലെ ഭൂവിവരങ്ങളും മാപ്പുകളും കേരള സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൺവയോൺമെന്റ് സെന്ററിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തു. 123 വില്ലേജുകളിലെ വനം 7595.67 ചതുരശ്ര കിലോമീറ്ററും വനംപ്ലാന്റേഷൻ 887.38 ചതുരശ്ര കിലോമീറ്ററും അടക്കം വനവിസ്തൃതി 8483.05 ചതുരശ്ര കിലോമീറ്റർ.

• പക്ഷേ 2014-ൽ 123 ഇ.എസ്.എ. വില്ലേജുകളിൽ വനം 9993.7 ച.കി.മീ. ആണെന്ന് വനംവകുപ്പ് മേധാവി സർക്കാരിന് വിവരം നൽകി. രേഖകളുടെ പിൻബലമില്ല.

• വനംവകുപ്പ് മേധാവി സംസ്ഥാന പരിസ്ഥിതിവകുപ്പ് സെക്രട്ടറിക്ക് 2015 ജൂണിൽ അയച്ച കത്തിൽ 123 ഇ.എസ്.എ. വില്ലേജുകളിലെ വനവിസ്തൃതി 9107 ചതുരശ്രകിലോമീറ്ററാണ്.

• പഞ്ചായത്തുതല സമിതി 123 വില്ലേജുകളിൽ കണ്ടെത്തിയത് 7129.57 ചതുരശ്ര കിലോമീറ്റർ. വൈരുധ്യം തിരുത്തുന്നതിന് ജി.പി.എസ്. സഹായത്തോടെ പഠിച്ച് വിസ്തൃതി കണ്ടെത്താൻ തീരുമാനിച്ചു. റിസർവ് നോട്ടിഫിക്കേഷനിലെ അതിർത്തിപ്രകാരം 123 വില്ലേജുകളിലെ വനവിസ്തൃതി 9741.4 ചതുരശ്രകിലോമീറ്ററാണ്‌.

• 9741.4 ചതുരശ്രകിലോമീറ്റർ വനം എന്നത് കൈയേറ്റം, പാട്ടം വനഭൂമി, സ്വകാര്യ എസ്റ്റേറ്റുകൾ, 1977-ന് മുമ്പ് വനത്തിൽ കൃഷിചെയ്തവർക്ക് 1970-ലെ പതിവു ചട്ടപ്രകാരം പതിച്ചുനൽകിയ ഭൂമി, കാർഡമം ഹിൽ റിസർവിൽപെട്ട 995.13 ചതുരശ്ര കിലോമീറ്റർ ഭൂമി എന്നിവ ഉൾപ്പെടെയാണെന്നും വേറൊരു റിപ്പോർട്ടിൽ വനംമേധാവി, പരിസ്ഥിതി വകുപ്പ് സെക്രട്ടറിയെ അറിയിച്ചിരുന്നു.