'ഞാൻ മന്ത്രിയായതുകൊണ്ടാണോ ആന നാട്ടിലേക്ക് ഇറങ്ങുന്നതെന്ന് ചോദിക്കുന്ന വനംമന്ത്രിയാണ് നമുക്കുള്ളത്'

തിരുവനന്തപുരം: കോതമംഗലത്ത് ആനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം കേരളത്തിന്റെ വനാതിർത്തികളിൽ ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചിട്ടും സമരം ചെയ്തിട്ടും വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. സമീപ വർഷങ്ങളിൽ ആയിരത്തോളം പേരാണ് വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വ്യാപകമായി കൃഷിയിടങ്ങളും നശിപ്പിക്കപ്പെടുന്നു. വനാതിർത്തികളിലുള്ളവരുടെ ഉപജീവനം പോലും ഇല്ലാതായിരിക്കുകയാണ്. ഫെൻസിങ് ഉൾപ്പെടെയുള്ളവ സ്ഥാപിക്കാൻ സർക്കാർ തയാറായിട്ടില്ല. വനംവകുപ്പ് ഇത്രത്തോളം നിസംഗമായ ഒരു കാലഘട്ടം കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും വി.ഡി.സതീശൻ വിമർശിച്ചു.
വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും സാധാരണക്കാരെ രക്ഷിക്കാത്ത അതേ സർക്കാരാണ് വീണ്ടും കർഷകരെയും ആദിവാസികളെയും ബുദ്ധിമുട്ടിക്കുന്നതിനു വേണ്ടി വനനിയമം ഭേദഗതി ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു. ജനങ്ങളെ പരിഗണിക്കാതെ സർക്കാരും സർക്കാരിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥർ എഴുതിക്കൊടുക്കുന്നതാണ് നിയമമാക്കുന്നത്. ഈ നിയമഭേദഗതി വനത്തിനുള്ളിലെ ആദിവാസികളെയും വനത്തിന് പുറത്തുള്ള സാധാരണ കർഷകരെയും ഗുരുതരമായി ബാധിക്കും. പുതിയ നിയമത്തിലൂടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരമാണ് നൽകുന്നത്. പിഴ അഞ്ചിരട്ടിയായാണ് വർധിപ്പിച്ചിരിക്കുന്നത്. വനാതിർത്തികളിലുള്ള കർഷകരോടുള്ള വെല്ലുവിളിയാണ് ഈ നിയമ ഭേദഗതി. വനസംരക്ഷണത്തിന് പ്രതിപക്ഷം പൂർണ പിന്തുണ നൽകും. എന്നാൽ 29 ശതമാനത്തിൽ അധികം വനം മേഖലയുള്ള സംസ്ഥാനത്ത് ജനവാസ പ്രദേശങ്ങൾ കൂടി വനമാക്കി മാറ്റാനുള്ള ശ്രമത്തെ പ്രതിപക്ഷം എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാർഷിക മേഖലയെയും കർഷകരെയും ആദിവാസികളെയും ഗുരുതരമായി ബാധിക്കുന്ന വനനിയമ ഭേദഗതി ഉപേക്ഷിക്കാൻ സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. "വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകുന്ന അമിതാധികാരം ആദിവാസികളുടെയും കർഷകരുടെയും ജീവിതത്തെ ഗൗരവതരമായി ബാധിക്കും. ആരുടെ വീട്ടിലും സെർച്ച് വാറണ്ടില്ലാതെ റെയ്ഡ് നടത്താൻ അധികാരം നൽകിയിരിക്കുകയാണ്. ഇത് സ്വകാര്യതയ്ക്ക് എതിരെയുള്ള വെല്ലുവിളിയായിരിക്കും. കർഷകരും ആദിവാസികളുമായിക്കും ഇതിന്റെ ഇരകളായി മാറുന്നത്. കാർഷിക മേഖല വനമാക്കുന്നത് എവിടുത്തെ നീതിയാണ്? വനനിയമവും നീർത്തട സംരക്ഷണ നിയമവും തീരദേശ പരിപാലന നിയമവും കഴിഞ്ഞാൽ കുറച്ചു ഭൂമി മാത്രമാണ് കേരളത്തിലുള്ളത്. സി.എച്ച്.ആറിന്റെ പേരിലും ആയിരക്കണക്കിന് ഹെക്ടർ സ്ഥലമാണ് നഷ്ടമാകുന്നത്. വനാതിർത്തികളിലുള്ളവരുടെ ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിലാണ്. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് വേണ്ടി സംസ്ഥാനത്ത് ഒരു നടപടികളുമില്ല. ഞാൻ മന്ത്രിയായതു കൊണ്ടാണോ ആന നാട്ടിലേക്ക് ഇറങ്ങുന്നതെന്ന് ചോദിക്കുന്ന വനം മന്ത്രിയാണ് നമുക്കുള്ളത്. ജനങ്ങളെ വീണ്ടും ദ്രോഹിക്കുന്നതിനു വേണ്ടിയുള്ളതാണ് വനഭേദഗതി. സംസ്ഥാനത്തിന്റെ പ്ലാൻ അലോക്കേഷനിൽ നിന്നും സംസ്ഥാനം എത്ര പണം ചെലവഴിച്ചു. കേന്ദ്ര ഫണ്ട് കിട്ടുന്നില്ലെന്ന് പറഞ്ഞ് ഒന്നും ചെയ്യാതിരിക്കുന്നത് ശരിയല്ല. എല്ലാ വകുപ്പുകളിലും സർക്കാരില്ലായ്മയാണ്. ജനങ്ങളെ രക്ഷിക്കാൻ സർക്കാർ ഇല്ലാത്ത അവസ്ഥയാണ്.
സർക്കാരിനെതിരായ സമരം കോൺഗ്രസും യു.ഡി.എഫും ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വൈദ്യുതി ബോർഡിലെ അഴിമതിയുടെയും അനാസ്ഥയുടെയും പരിണിതഫലമാണ് നിരക്ക് വർധനവിലൂടെ സാധാരണക്കാരുടെ തലയിൽ കെട്ടിവയ്ക്കുന്നത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് വൈദ്യുതി ബോർഡിനെ ലാഭത്തിലാക്കുകയും യൂണിറ്റിന് 20 പൈസ കുറയ്ക്കുകയും ചെയ്തതാണ്. 4 രൂപ 14 പൈസ മുതൽ 4 രൂപ 29 പൈസയ്ക്ക് യു.ഡി.എഫ് സർക്കാർ 25 വർഷത്തേക്ക് ഉണ്ടാക്കിയ കരാർ ഈ സർക്കാർ റദ്ദാക്കി. 4 രൂപ 29 പൈസയ്ക്കുള്ള കരാർ റദ്ദാക്കി എട്ട് രൂപ മുതൽ 12 രൂപ 30 പൈസ വരെ വില നൽകിയാണ് ഇപ്പോൾ വൈദ്യുതി വാങ്ങുന്നത്. ഇതിലൂടെ പ്രതിദിനം 15 മുതൽ 20 കോടി രൂപയുടെ വരെ നഷ്ടമാണ് വൈദ്യുതി ബോർഡിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതോടെ ബോർഡിന്റെ കടം 1083 കോടിയായിരുന്നത് ഇന്ന് 45000 കോടിയായി ഉയർന്നു. ഇതേത്തുടർന്നാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നിരക്ക് വർധന അടുത്ത മാർച്ചിലേക്ക് കൂടിയുള്ളതാണ്. ഇതിനിടയിലാണ് മണിയാർ പദ്ധതി കരാർ അവസാനിച്ചിട്ടും 25 വർഷത്തേക്ക് കൂടി സ്വകാര്യ കമ്പനിക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. പദ്ധതി കിട്ടിയാൽ വൈദ്യുതി ബോർഡിന് 18 മുതൽ 20 കോടിയുടെ അധിക ലാഭമുണ്ടാക്കാം. എന്നാൽ ആരുമായും കൂടിയാലോചന നടത്താതെയാണ് പദ്ധതി അടുത്ത 25 വർഷത്തേക്ക് കൂടി സ്വകാര്യ കമ്പനിക്ക് നൽകാനുള്ള കൊള്ള നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും കേന്ദ്രീകരിച്ചുള്ള ഉപജാപങ്ങളുടെ ഭാഗമായാണ് ഈ കൊള്ളയും നടന്നത്. മണിയാർ പദ്ധതി സ്വകാര്യ കമ്പനിക്ക് വിട്ടു നൽകാൻ സർക്കാർ തീരുമാനിച്ചാൽ അതിനെ രാഷ്ട്രീയമായും നിയമപരമായും പ്രതിപക്ഷം ചോദ്യം ചെയ്യും." വി.ഡി.സതീശൻ പറഞ്ഞു.
ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിലും അദ്ദേഹം രൂക്ഷവിമർശനമുന്നയിച്ചു. ഭരണകക്ഷി അധ്യാപക സംഘടനയിൽ ഉൾപ്പെട്ടവരെ ചോദ്യം ചെയ്താൽ ചോദ്യ പേപ്പർ എവിടെ നിന്നാണ് ചോർന്നതെന്ന് അറിയാം. ഭരണപക്ഷ സർവീസ് സംഘടകൾക്കുള്ള അപ്രമാദിത്തമാണ് ചോർച്ചയ്ക്കുള്ള പ്രധാന കാരണം. സാമൂഹിക സുരക്ഷാ പെൻഷൻ തട്ടിയെടുത്ത 1400 പേരുടെ പേരുവിവരങ്ങൾ സർക്കാർ പുറത്തു വിടാത്തത് എന്തുകൊണ്ടാണ്? ധൈര്യമുണ്ടെങ്കിൽ പേര് വിവരങ്ങൾ പുറത്തുവിടണം. പേരുകൾ പുറത്തു വന്നാൽ ചോദ്യപേപ്പർ ചോർച്ച പോലെയാകും. സ്വന്തം സംഘടനയിൽപ്പെട്ടവരായതു കൊണ്ടാണ് പെൻഷൻ തട്ടിയെടുത്ത ഉദ്യോഗസ്ഥരെക്കൊണ്ട് പണം തിരിച്ചടയ്പ്പിക്കാൻ ശ്രമിക്കുന്നത്. വേണ്ടപ്പെട്ടവരായതു കൊണ്ടാണ് പേരുകൾ പുറത്തു വിടാത്തത്.
അമിതമായ ജോലി സമ്മർദ്ദമാണ് പൊലീസ് സേനയിൽ. ക്രൂരമായാണ് മേലുദ്യോഗസ്ഥർ പെരുമാറുന്നത്. അസുഖം വന്നാൽ പോലും വീട്ടിൽ പോകാനാകാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന മാനസിക സംഘർഷം സംബന്ധിച്ച വിഷയം പ്രതിപക്ഷം അടിയന്തിര പ്രമേയമായി നിയമസഭയിൽ കൊണ്ടുവന്നത്. അരീക്കോട് ക്യാമ്പിലെ മൂന്നാമത്തെ ആത്മഹത്യയാണ് നടന്നത്. എന്നിട്ടും മേലുദ്യോഗസ്ഥർ ഇടപെടുന്നില്ലെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.
Content Highlights: Opposition leader VD Satheesan criticizes Kerala`s new forest law, citing human-wildlife conflict