മണ്ണെണ്ണയില്ല, സബ്സിഡിയും; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | മണ്ണെണ്ണ | (file image)
പ്രതീകാത്മകചിത്രം | മണ്ണെണ്ണ | (file image)

ആലപ്പുഴ: മീൻപിടിത്ത വള്ളത്തിലെ മണ്ണെണ്ണയന്ത്രം മാറ്റി പെട്രോൾയന്ത്രമാക്കാൻ സർക്കാർ പ്രഖ്യാപിച്ച സബ്സിഡി 50,000 രൂപ ഒരുവർഷം കഴിഞ്ഞിട്ടും നൽകിയില്ല. മണ്ണെണ്ണ പെർമിറ്റ് റദ്ദാക്കുകയും ചെയ്തതോടെ ഒട്ടേറെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ.

ആഗോളതലത്തിൽ, കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി മണ്ണെണ്ണ ഉപയോഗം കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ മണ്ണെണ്ണവിതരണം കുറച്ചത്. ഇതു മത്സ്യത്തൊഴിലാളികളെ ബാധിക്കുമെന്നതിനാൽ സംസ്ഥാനസർക്കാർ മണ്ണെണ്ണയന്ത്രങ്ങളെല്ലാം പെട്രോളിലേക്കു മാറ്റാൻ നിർദേശിച്ചു. ഇതിനു ചെലവിടേണ്ട 1,10,000 രൂപയിൽ 50,000 രൂപ സബ്സിഡിയായി നൽകാനും തീരുമാനിച്ചു. ഇതുപ്രകാരമാണ് മണ്ണെണ്ണയന്ത്രങ്ങൾ പെട്രോളിലേക്കു മാറ്റിത്തുടങ്ങിയത്.

ആകെ 36,000 മണ്ണെണ്ണ യന്ത്രങ്ങളാണ് മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്നത്. ഇതു ഘട്ടംഘട്ടമായി മാറ്റുകയായിരുന്നു ലക്ഷ്യം. ആദ്യഘട്ടം 500 മത്സ്യത്തൊഴിലാളികൾക്ക് സബ്സിഡി നൽകാനായിരുന്നു തീരുമാനം. മത്സ്യഫെഡ് വഴി പദ്ധതി നടപ്പാക്കിയതോടെ തൊഴിലാളികൾ പെട്രോൾ യന്ത്രത്തിലേക്കു മാറി. സബ്സിഡി കിട്ടുന്നതിനായി മത്സ്യഫെഡിൽ അപേക്ഷ നൽകുകയും ചെയ്തു. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും സബ്സിഡി കിട്ടിയില്ല.

മണ്ണെണ്ണ കരിഞ്ചന്തയിൽ നിന്നാണെങ്കിലും കടംവാങ്ങി ഉപയോഗിക്കാൻ സാധിക്കുമായിരുന്നു. പെട്രോൾ പുറമേനിന്നു കിട്ടില്ല. അതിനാൽ മത്സ്യത്തൊഴിലാളിക്കു കടം കിട്ടാത്ത സാഹചര്യമാണെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ നേതാവ് ആന്റണി കുരിശിങ്കൽ പറഞ്ഞു.

പണയപ്പെടുത്തിയതും നഷ്ടമാകുന്ന സ്ഥിതി

സർക്കാർ മുൻകൂർ പണം നൽകാത്തതിനാൽ ഭാര്യയുടെ സ്വർണം പണയപ്പെടുത്തിയാണ് പെട്രോൾയന്ത്രം വാങ്ങിയത്. ഇപ്പോൾ ഒരു വർഷവും നാലു മാസവും കഴിഞ്ഞു. വായ്പത്തിരിച്ചടവിന് ബാങ്കുകാർ നിർബന്ധിക്കുന്നു. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയാണ്.

കുഞ്ഞുമോൻ അർത്തുങ്കൽ

മത്സ്യത്തൊഴിലാളി

സർക്കാർ പണം നൽകാത്തതാണു പ്രശ്നം

സർക്കാർ പ്രഖ്യാപിച്ച സബ്സിഡിത്തുക നൽകാത്തതാണു പ്രശ്നം. മത്സ്യത്തൊഴിലാളികൾ തുകയ്ക്കായി വരുന്നുണ്ടെങ്കിലും കൊടുക്കാനാകുന്നില്ല. പുതിയ സർക്കാർ ബജറ്റിൽ നീക്കിവെച്ച പണം ലഭിക്കുന്ന മുറയ്ക്ക് കൊടുത്തു തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

ഡോ. പി. സഹദേവൻ

മാനേജിങ് ഡയറക്ടർ, മത്സ്യഫെഡ്

Content Highlights: Government failed to disburse 50,000 INR subsidy for engine conversion after one year., Kerosene permits cancelled, forcing fishermen to switch to petrol engines., Over 36,000 engines need conversion, but initial phase of 500 beneficiaries remains unpaid., Fishermen are facing financial distress, with many having pledged gold to fund the conversion., Matsyafed cites lack of government fund allocation as the primary reason for delay.