സാമ്പത്തിക ഞെരുക്കത്തെ അതിജീവിച്ച് തുടങ്ങി, നാടിന് മുന്നേറ്റമുണ്ടാക്കുന്ന ബജറ്റായിരിക്കും-ധനമന്ത്രി

കെ.എന്‍. ബാലഗോപാല്‍ | ഫോട്ടോ: മാതൃഭൂമി (ഫയല്‍ ഫോട്ടോ)
കെ.എന്‍. ബാലഗോപാല്‍ | ഫോട്ടോ: മാതൃഭൂമി (ഫയല്‍ ഫോട്ടോ)

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്ന് (വെള്ളിയാഴ്ച) അവതരിപ്പിക്കുകയാണ്. ബജറ്റ് അവതരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. 

ധനകാര്യ മന്ത്രി എന്ന നിലയില്‍ തന്റെ അഞ്ചാമത്തെ സംസ്ഥാന ബജറ്റ് അവതരണത്തിനാണ് ഒരുങ്ങുന്നത്‌. ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന നേരിട്ട കാലഘട്ടമായിരുന്നു ഇതെന്നും സംസ്ഥാനത്തിന്റെ തനത് വരുമാനം വര്‍ധിപ്പിച്ചപ്പോഴും കേന്ദ്ര വിഹിതം വെട്ടിക്കുറച്ച് സാമ്പത്തികമായി നമ്മളെ ഞെരുക്കിയ കാലഘട്ടമാണിതെന്നാണ് അദ്ദേഹം പറയുന്നത്. 

എന്നാല്‍, സംസ്ഥാനത്തിന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി ക്ഷേമപ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ പല അഭിമാന പദ്ധതികളും മുടക്കം കൂടാതെ നടത്തുന്നതിനൊപ്പം നിര്‍ണായകമായ പല പദ്ധകള്‍ക്കും തുടക്കം കുറിക്കാനും സാധിച്ചതായും ധനമന്ത്രി അവകാശപ്പെടുന്നു. 

സാമ്പത്തിക ഞെരുക്കത്തിന്റെ തീഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ച് തുടങ്ങുകയാണ്. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ കഴിയുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് ബജറ്റിന് മുന്നോടിയായി പങ്കുവയ്ക്കാനുള്ളതെന്നും നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പല പദ്ധതികളും ഈ ബജറ്റില്‍ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കുന്നു. 

ധനമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. സവിശേഷമായ ഒരു ഘട്ടത്തിലാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന കേരളം ഇക്കാലത്ത് നേരിട്ടു. സംസ്ഥാനത്തിന്റെ തനത് വരുമാനത്തില്‍ മികച്ച നിലയില്‍ വര്‍ദ്ധനവുണ്ടാക്കിയിട്ടും കേന്ദ്രവിഹിതത്തില്‍ വരുത്തിയ വെട്ടിക്കുറവ് മൂലം നമുക്ക് സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടിവന്നു.

സാമ്പത്തിക ഞെരുക്കം വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. നിര്‍ണായകമായ പല വികസന പദ്ധതികള്‍ക്കും ഇക്കാലയളവില്‍ തുടക്കം കുറിച്ചു. മുന്‍ സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടുപോയി. സാമൂഹ്യ ക്ഷേമരംഗത്തും മെച്ചപ്പെട്ട നിലയില്‍ പണം ചെലവഴിച്ചു.

ഇപ്പോള്‍ സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ കഴിയുന്നു എന്ന സന്തോഷ വര്‍ത്തമാനമാണ് ബജറ്റിന് മുന്നോടിയായി പങ്കുവെക്കാനുള്ളത്.

നമ്മുടെ നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടാകും.

Content Highlights: Kerala Finance Minister presents the final budget of the Pinarayi Vijayan government