പെണ്‍കുട്ടി വാതിൽക്കൽനിന്ന് മാറാത്തത് പ്രകോപനം, ട്രെയിനില്‍നിന്ന് ചവിട്ടിത്തള്ളിയിട്ട് കൊല്ലാന്‍ശ്രമിച്ചു; സുരേഷ്‌കുമാറിനെതിരേ എഫ്‌ഐആര്‍

സുരേഷ് കുമാര്‍
സുരേഷ് കുമാര്‍

തിരുവനന്തപുരം: കേരള എക്‌സ്പ്രസില്‍നിന്ന് പെണ്‍കുട്ടിയെ ചവിട്ടിത്തള്ളിയിട്ട സംഭവത്തില്‍ പ്രതിയായ തിരുവനന്തപുരം പനച്ചമൂട് സ്വദേശി സുരേഷ്‌കുമാറി(50)നെതിരേ വധശ്രമത്തിനുള്ള വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. തിരുവനന്തപുരം റെയില്‍വേ പോലീസാണ് സുരേഷ്‌കുമാറിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തത്. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും അന്വേഷണത്തിനും ചോദ്യംചെയ്യലിനുശേഷം പ്രതിക്കെതിരേ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും പോലീസ് അറിയിച്ചു.

ആക്രമണത്തിനിരയായ പേയാട് സ്വദേശിനി ശ്രീക്കുട്ടി(20) ട്രെയിനിലെ വാതിലിന് സമീപത്തുനിന്ന് മാറികൊടുത്തില്ല എന്നതിന്റെ വിരോധത്തിലാണ് സുരേഷ്‌കുമാര്‍ പെണ്‍കുട്ടിയെ നടുവിന് ചവിട്ടിത്തള്ളിയിട്ടതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്‌സ്പ്രസിന്റെ എസ്എല്‍ആര്‍ കോച്ചില്‍ വര്‍ക്കല സ്‌റ്റേഷന്‍ കഴിഞ്ഞപ്പോളായിരുന്നു സംഭവം.

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ട് സുരേഷ്‌കുമാര്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് എഫ്‌ഐആറിലുള്ളത്. ഇതുകണ്ട് നിലവിളിച്ച ശ്രീക്കുട്ടിയുടെ സുഹൃത്ത് അര്‍ച്ചനയെ കൈകൊണ്ടും കാലുകൊണ്ടും പിടിച്ച് തള്ളിയിട്ടെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.

യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ശ്രീക്കുട്ടിയെ ചവിട്ടിത്തള്ളിയിട്ടതെന്ന് ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ച്ചന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശൗചാലയത്തില്‍ പോയി പുറത്തുവന്നപ്പോള്‍ പ്രതി ശ്രീക്കുട്ടിയുടെ നടുവിന് ചവിട്ടി തള്ളിയിട്ടെന്നാണ് അര്‍ച്ചനയുടെ മൊഴി. ഇതുകണ്ട് നിലവിളിച്ച അര്‍ച്ചനയെയും പ്രതി ചവിട്ടിയിട്ടു. എന്നാല്‍, അര്‍ച്ചന വാതിലിന്റെ കമ്പിയില്‍ പിടിച്ചുതൂങ്ങി. ഇതോടെ ഓടിയെത്തിയ മറ്റുയാത്രക്കാരാണ് അര്‍ച്ചനയെ ട്രെയിനിനുള്ളിലേക്ക് പിടിച്ചുകയറ്റിയത്. തുടര്‍ന്ന് പ്രതി സുരേഷ്‌കുമാറിനെ യാത്രക്കാര്‍ തടഞ്ഞുവെയ്ക്കുകയും കൊച്ചുവേളി സ്റ്റേഷനില്‍വെച്ച് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പരിക്കേറ്റ് ട്രാക്കില്‍ കിടന്ന ശ്രീക്കുട്ടിയെ കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മെമു ട്രെയിനില്‍ കയറ്റിയാണ് രക്ഷിച്ചത്. തുടര്‍ന്ന് വര്‍ക്കല സ്റ്റേഷനില്‍ ഇറക്കി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്ക് ഗുരുതരപരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അക്രമിയായ സുരേഷ് കുമാര്‍ തിരുവനന്തപുരം വെള്ളറട പനച്ചമൂട് സ്വദേശിയാണ്. സ്ഥിരം മദ്യപാനിയായ ഇയാള്‍ ഭാര്യയുമായി ദീര്‍ഘനാളായി പിണക്കത്തില്‍ കഴിയുകയാണെന്നാണ് വിവരം. പെയിന്റിങ് ജോലി ചെയ്തിരുന്ന പ്രതിക്ക് കഴിഞ്ഞദിവസങ്ങളില്‍ കോട്ടയം ഭാഗത്തായിരുന്നു ജോലി. കോട്ടയത്തുനിന്നാണ് ഇയാളും സുഹൃത്തും കേരള എക്സ്പ്രസില്‍ കയറിയത്.

Content Highlights: Man booked for attempted murder after shoving a young woman off Kerala Express train in Thiruvananthapuram. She sustained serious head injuries and is in hospital.