സുരക്ഷാമാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നോക്കുന്നത് ഔദ്യോഗികചടങ്ങുകള്‍ക്ക് മാത്രം

#ഹരി ആര്‍.പിഷാരടി
.
.

കോട്ടയം: സ്വകാര്യ പരിപാടികള്‍ക്കും സ്റ്റേജ് പ്രോഗ്രാമുകള്‍ക്കും സുരക്ഷ ഉറപ്പാക്കേണ്ടത് ആര്. അധികൃതര്‍ ഒറ്റമനസ്സോടെ പറയും, സംഘാടകര്‍ മാത്രമെന്ന്. ഇത് സ്വകാര്യം, പോലീസിനെന്തുകാര്യം എന്ന് ചുരുക്കം. ഉമ തോമസ് എം.എല്‍.എ.യ്ക്കുണ്ടായ അപകടത്തെത്തുടര്‍ന്ന് പൊതു, സ്വകാര്യ പരിപാടികളുടെ സുരക്ഷാ പരിശോധന എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് ഈ മറുപടി കിട്ടുക.

വി.ഐ.പി.കളെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടികളാണെങ്കില്‍ മാത്രം ജില്ലാപോലീസ് സൂപ്രണ്ട് നിര്‍ദേശിക്കുമ്പോള്‍ പി.ഡബ്ലു.ഡി. കെട്ടിടവിഭാഗം സ്റ്റേജ് പരിശോധിച്ച് സുരക്ഷ വിലയിരുത്തും. സ്റ്റേജ് നിര്‍മിച്ച രീതി, ഇരിപ്പിട സൗകര്യം എന്നിവ വിലയിരുത്തി ഫിറ്റ്നസ് റിപ്പോര്‍ട്ട് പോലീസിന് കൈമാറും.

സ്വകാര്യ പരിപാടികള്‍ക്ക് ഇത്തരം പരിശോധന അവര്‍ നടത്തില്ല. ഇനി അഗ്‌നിരക്ഷാസേനയുടെ എന്‍.ഒ.സി.യുടെ കാര്യം. അത് നല്‍കുന്നത് ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിന്റെ ആവശ്യപ്രകാരമാണ്. അഗ്‌നിസുരക്ഷാ ക്രമീകരണങ്ങള്‍ മാത്രമേ അവര്‍ പരിശോധിക്കൂ. ഫയര്‍ എക്സിങ്ഗ്യൂഷര്‍, വാട്ടര്‍ ടാങ്ക്, ആവശ്യം വന്നാല്‍ സേനയുടെ വാഹനം എത്താനുള്ള വഴി എന്നിവ ഒരുക്കാന്‍ നിര്‍ദേശിക്കും. പ്രത്യേക അപേക്ഷ നല്‍കിയാല്‍ അഗ്‌നിരക്ഷാ വാഹനം വേദിക്ക് സമീപം സജ്ജമാക്കും. ഇതിന് 7000 രൂപ ഫീസടയ്ക്കണം.

സ്വകാര്യപരിപാടികള്‍ക്ക് മൈക്ക് പ്രവര്‍ത്തിപ്പിക്കാന്‍ പോലീസിന്റെ അനുമതിവേണം. പരിപാടികളില്‍ മന്ത്രിമാരോ വി.ഐ.പി.കളോ പങ്കെടുക്കുന്നുണ്ടെങ്കില്‍ മാത്രമേ പോലീസിന്റെ സുരക്ഷാപരിശോധനയുള്ളൂ. സ്വകാര്യ പരിപാടികളില്‍ സുരക്ഷാ വീഴ്ചയുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സംഘാടകര്‍ക്കുമാത്രമെന്ന് അധികൃതര്‍.

വീണുകിടക്കുന്നയാളെ എടുക്കുമ്പോള്‍ കൂടുതല്‍ കരുതല്‍ വേണം

അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുമ്പോഴും ഏറെ ശ്രദ്ധവേണം. അപകടത്തില്‍പ്പെട്ടയാള്‍ ശ്വാസമെടുക്കുന്നുണ്ടോയെന്നും പള്‍സ് ഉണ്ടോയെന്നും നോക്കണം. വീണുകിടക്കുന്നയാളെ ഒരിക്കലും പെട്ടെന്ന് വലിച്ചുയര്‍ത്താനോ കൈയിലോ കാലിലോ പിടിച്ച് പൊക്കിമാറ്റാനോ ശ്രമിക്കരുത്. പരിക്കേറ്റയാളുടെ തലയും കഴുത്തും ശരീരവും അധികം ചലിപ്പിക്കാതെവേണം ആശുപത്രിയിലേക്കു മാറ്റാന്‍. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആന്തരിക ക്ഷതമേല്‍ക്കാന്‍ സാധ്യത കൂടും. ബോധം നഷ്ടപ്പെട്ട് പിന്നീട് എഴുന്നേറ്റാല്‍ കുഴപ്പമില്ലെന്നും കരുതരുത്. കാരണം ബോധം നഷ്ടപ്പെട്ടാല്‍ തലച്ചോറില്‍ രക്തസ്രാവത്തിന് സാധ്യതയുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ പേരുണ്ടെങ്കില്‍ പരിക്കേറ്റയാളെ ശരീരത്തിന്റെ എല്ലാഭാഗങ്ങളും ഒരുപോലെ താങ്ങി ഉയര്‍ത്തി സ്‌ട്രെച്ചറില്‍ കിടത്തി ആശുപത്രിയിലേക്ക് മാറ്റണം. സ്‌ട്രെച്ചര്‍ ഇല്ലെങ്കില്‍ കട്ടിയുള്ള ബോര്‍ഡില്‍ കിടത്തി സ്ഥലത്തുനിന്ന് നീക്കാം.

കഴുത്തും തലയും പ്രത്യേകം കരുതണം. ആദ്യമിനിറ്റുകള്‍ വളരെ പ്രധാനമാണെന്നും കോട്ടയത്തെ സര്‍ജനായ ഡോ. ബിബിന്‍ പി.മാത്യു പറഞ്ഞു.

Content Highlights: Following MLA Uma Thomas`s accident, questions arise about safety at public and private events