ഡിജിറ്റലാകാത്ത നിയമസഭയ്ക്ക് പരിപാലനച്ചെലവ്; ഊരാളുങ്കല്‍ ആവശ്യപ്പെട്ടത് 1.5 കോടി രൂപ

നിയമസഭ
നിയമസഭ

തിരുവനന്തപുരം: ഇ-നിയമസഭാ പദ്ധതി അപൂര്‍ണമായി തുടരുമ്പോഴും ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റി പരിപാലനച്ചെലവായി ആവശ്യപ്പെട്ടത് ഒന്നരക്കോടി രൂപ. 2019-ല്‍ തുടങ്ങിയ പദ്ധതി 2023-ല്‍ ഭാഗികമായി നടപ്പായിത്തുടങ്ങിയപ്പോഴാണ് പരിപാലനച്ചെലവ് ആവശ്യപ്പെട്ട് കത്തയച്ചത്. ഇതുസംബന്ധിച്ച് നടന്ന അന്വേഷണത്തിലാണ് ഇ-നിയമസഭാ പദ്ധതിയിലെ ക്രമക്കേട് പുറത്തുവന്നത്.

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ഈ മേഖലയിലുള്ള വൈദഗ്ധ്യം വിലയിരുത്താതെയും ടെന്‍ഡര്‍ ഒഴിവാക്കിയുമാണ് 2019 -ല്‍ 52.31 കോടി രൂപയ്ക്ക് കരാര്‍ നല്‍കിയത്. കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഹാര്‍ഡ്വേര്‍ ഉപകരണങ്ങള്‍ക്ക് 33.84 കോടി രൂപയും സോഫ്റ്റ്വേറിന് 18.46 കോടി രൂപയുമായിരുന്നു ഊരാളുങ്കലിന്റെ പ്രതിഫലം. സഭാനടപടി പൂര്‍ണമായും ഡിജിറ്റലാക്കുകയായിരുന്നു ലക്ഷ്യം.

എന്നാല്‍, ഇപ്പോഴും പദ്ധതി പൂര്‍ത്തീകരിച്ചിട്ടില്ല. സോഫ്റ്റ്വേറുകള്‍ അപൂര്‍ണമാണെന്ന് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകളില്‍ വ്യക്തമാണ്.

ഊരാളുങ്കല്‍ ബില്ല് നല്‍കുന്നമുറയ്ക്ക് പ്രതിഫലം കൈമാറണമെന്നായിരുന്നു കരാറെങ്കിലും 2019-ല്‍ ബില്‍ നല്‍കാതെ 30 ശതമാനം തുക മുന്‍കൂറായി നല്‍കി. തുടര്‍ന്ന് പലപ്പോഴായി 29 കോടിരൂപ ഊരാളുങ്കല്‍ കൈപ്പറ്റി. കരാര്‍ 12 തവണ നിയമസഭാ സെക്രട്ടേറിയറ്റ് നീട്ടിക്കൊടുത്തു.

ഹാര്‍ഡ്വേര്‍ ഉപകരണങ്ങളുടെ 9.4 കോടി രൂപയുടെ കണക്ക് നല്‍കിയിരുന്നില്ല. പണം കൈപ്പറ്റി അഞ്ചുവര്‍ഷത്തിനുശേഷം ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് അപൂര്‍ണമായ രേഖകള്‍ കൈമാറിയത്.

പദ്ധതി അനിശ്ചിതമായി നീളുന്നതിനിടെ ഉപയോഗിച്ചുതുടങ്ങാത്ത ഐടി ഉപകരണങ്ങളുടെ വാറന്റിക്കാലാവധി അവസാനിച്ചു. ഇവയുടെ അറ്റകുറ്റപ്പണിക്ക് അനുബന്ധ കരാര്‍ നല്‍കാനുള്ള നടപടി പുരോഗമിക്കുകയാണ്.

ഇ-നിയമസഭാ പദ്ധതി വിവാദമായതിനിടെ കരാറില്‍ ക്രമക്കേടില്ലെന്ന വാദവുമായി നിയമസഭാ സെക്രട്ടേറിയറ്റ് രംഗത്തെത്തി.

കരാര്‍ അനുസരിച്ചുള്ള തുകമാത്രമാണ് നല്‍കിയതെന്നും മുന്‍കൂര്‍പണം അനുവദിച്ചത് ക്രമീകരിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണെന്നും പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു. കരാറിന് വിരുദ്ധമായി ഊരാളുങ്കലിന് പണം കൈമാറിയെന്ന ആരോപണം ശരിവെക്കുന്നതാണ് വിശദീകരണം.

Content Highlights: E-Assembly Project in Kerala Plagued by Delays, Cost Escalations, and Alleged Irregularities