അധ്യാപികയുടെ ഫോൺവിവരങ്ങൾ ചോർത്തിയ സംഭവം ഡിവൈഎസ്‌പിയെ സർക്കാർ കുറ്റവിമുക്തനാക്കി

കോഴിക്കോട്: സുഹൃത്തിനുവേണ്ടി മലപ്പുറം സ്വദേശിയായ അധ്യാപികയുടെ ഫോൺവിവരങ്ങൾ ചോർത്തിയ സംഭവത്തിൽ വകുപ്പുതല നടപടിനേരിട്ട ഡിവൈഎസ്‌പിയെ കുറ്റവിമുക്തനാക്കി ആഭ്യന്തരവകുപ്പ്.
നിലവിൽ സംസ്ഥാന ഇൻറലിജൻസ് ഉദ്യോഗസ്ഥനായ കെ. സുദർശനന്റെ ‘കുടുംബം സംരക്ഷിക്കാനാണെന്ന’ വാദം അംഗീകരിച്ചാണ് കുറ്റവിമുക്തനായിക്കാണിച്ച് സർക്കാർ ഉത്തരവിറക്കിയത്.
സുദർശനന്റെ തടഞ്ഞുവെച്ച ശമ്പള ഇൻക്രിമെന്റ് നൽകുന്നതിനും സർവീസ് രേഖകളിൽ കുറ്റവിമുക്തമാക്കുന്നതിനും ഉത്തരവ് നിർദേശിച്ചു. 2021 സെപ്‌റ്റംബർ 25-നാണ് കൃത്യംനടന്നത്. പൊന്നാനി സ്വദേശിയായ അധ്യാപികയുടെ ഫോൺകോളുകളുടെ വിശദാംശങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് സബ്ഡിവിഷനിൽ ജോലിചെയ്യവേ സുദർശനൻ, നിയമവിരുദ്ധമാർഗത്തിലൂടെ കൈക്കലാക്കിയെന്നായിരുന്നു പരാതി. ഈ വിശദാംശങ്ങൾ ഭർത്താവിന് കൈമാറുകയും അത് അധ്യാപികയുടെ അനുമതിയില്ലാതെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൈമാറുകയുംചെയ്തു.
പോലീസ് അന്വേഷണത്തിൽ സുദർശനൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ശമ്പള ഇൻക്രിമെന്റ് തടഞ്ഞ് സർവീസ് അച്ചടക്കനടപടി കൈക്കൊണ്ടു. ഇതിനെതിരേ കെ. സുദർശനൻ നൽകിയ ഹർജിയും റിവ്യൂഹർജിയും സംസ്ഥാനസർക്കാർ നിരസിച്ചിരുന്നു. അതിനുശേഷം നൽകിയ ദയാഹർജിയിലാണ് കുടുംബത്തെ രക്ഷിക്കാൻവേണ്ടിമാത്രം ചെയ്ത പ്രവർത്തിയാണിത് എന്ന വാദം അദ്ദേഹം ഉന്നയിച്ചത്. അത് അംഗീകരിച്ചാണ് ഇപ്പോൾ സുദർശനനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്.
Content Highlights: Kerala DySP accused of leaking a teacher`s phone data has been acquitted by the Home Department