കാത്തിരിപ്പിന് വിരാമം; ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി, ആഴ്ചയിൽ 5 ദിവസം ടെസ്റ്റ്

തിരുവനന്തപുരം: കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതിനെത്തുടർന്നുണ്ടായ പരാതികളിൽ സർക്കാർ ഇടപെടൽ. ഇതിന്റെ ഭാഗമായി അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവർത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താൻ തീരുമാനമായി. നിലവിൽ ഒരു ദിവസം അനുവദിച്ചിരുന്ന സ്ലോട്ടുകളുടെ എണ്ണം 50 ആക്കി ഉയർത്തിയിട്ടുണ്ട്. മുൻപ് കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരുന്ന സമയത്ത് ഒരു ദിവസം 60 പേർക്കുണ്ടായിരുന്ന സ്ലോട്ടുകൾ 40 ആയി കുറച്ചിരുന്നു, ഇതാണ് ഇപ്പോൾ 50 ആയി വർധിപ്പിച്ചത്.
പുതിയ പരിഷ്കാരം അനുസരിച്ച് 50 സ്ലോട്ടുകളിൽ 28 എണ്ണം പുതിയ ഡ്രൈവിങ് ടെസ്റ്റുകൾക്കായും 20 എണ്ണം റീടെസ്റ്റിനായും നീക്കിവെക്കും. ബാക്കിയുള്ള രണ്ട് സ്ലോട്ടുകൾ വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവർക്ക് മുൻഗണന നൽകുന്നതിനായി മാറ്റിവെച്ചിട്ടുണ്ട്. സബ് ആർടിഒ ഓഫീസുകളിൽ നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമുണ്ടായിരുന്ന ടെസ്റ്റുകൾ ഇനി മുതൽ അഞ്ച് ദിവസവും നടത്തും. അപേക്ഷകൾ വലിയ തോതിൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് താൽക്കാലികമായി ഇത്തരം ഒരു ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഡ്രൈവിങ് ടെസ്റ്റിന് പുറമെ ലേണേഴ്സ് ലൈസൻസിനുള്ള കാത്തിരിപ്പും കുറയ്ക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. ലേണേഴ്സ് ടെസ്റ്റിന് അപേക്ഷിച്ച് എട്ടു ദിവസത്തിനുള്ളിൽ സ്ലോട്ടുകൾ ലഭ്യമാക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. അടുത്ത മൂന്ന് മാസത്തെ ഈ മാറ്റങ്ങൾ കൃത്യമായി പഠിച്ചതിനുശേഷം മാത്രമേ ദീർഘകാലാടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Kerala government increases driving test slots to 50 per day, 5 days a week for the next 3 months.