കേരളത്തിൽ ആഡംബരക്കപ്പലുകളെ വരവേൽക്കാൻ എട്ടു തുറമുഖം, വികസനത്തിന് സ്വകാര്യ പങ്കാളിത്തവും

#ടി.ജി. ബേബിക്കുട്ടി
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

തിരുവനന്തപുരം: ആഡംബര(ക്രൂസ്)ക്കപ്പലുകളെ വരവേൽക്കാൻ വിഴിഞ്ഞം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, ബേപ്പൂർ, അഴീക്കൽ, ബേക്കൽ എന്നീ എട്ടുതുറമുഖങ്ങൾ സജ്ജമാവും. തുറമുഖങ്ങളുടെ വികസനത്തിന് പൊതു-സ്വകാര്യ-പങ്കാളിത്ത മാതൃകകൾ തേടാവുന്നതാണെന്നും സർക്കാർ അംഗീകരിച്ച ക്രൂസ് വിനോദസഞ്ചാരനയം വ്യക്തമാക്കുന്നു. ഉല്ലാസനൗകകൾക്കും യാട്ടുകൾക്കുമായി സ്വകാര്യ പങ്കാളിത്തത്തോടെ നിർത്തിയിടൽ കേന്ദ്രം വികസിപ്പിക്കുന്നത് പരിഗണിക്കാവുന്നതാണെന്നും നയം നിർദേശിക്കുന്നു.

ആദ്യഘട്ടമായി കൊല്ലം, വിഴിഞ്ഞം, ആഴീക്കൽ, ബേപ്പൂർ തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള സഞ്ചാരം പരിഗണിക്കാം. രാജ്യാന്തര പ്രശസ്തിയുള്ള ആഡംബരക്കപ്പലുകൾക്ക് അടുക്കുന്നതിനായി തുറമുഖത്തിന്റെ ആഴം പത്തുമീറ്ററെങ്കിലും വേണം. തുടക്കത്തിൽ കൊല്ലംപോലെ സാധ്യതയുള്ളവയുടെ ആഴം പത്തുമീറ്ററായി വർധിപ്പിക്കേണ്ടതുണ്ട്.

ആഴക്കുറവുകാരണം ഏതെങ്കിലും തുറമുഖത്ത് അടുക്കാനാവാത്ത കപ്പലുകളിൽനിന്ന് സഞ്ചാരികളെ തീരത്ത് എത്തിക്കുന്നതിനുള്ള ചെറുബോട്ടുകളും (ടെൻഡർ ബോട്ട്), അവയ്ക്കാവശ്യമായ ജെട്ടികളും ഒരുക്കണമെന്നും നയം ശുപാർശചെയ്യുന്നു. എമിഗ്രേഷൻ കൗണ്ടറുകൾ, ചെക്കിൻ കൗണ്ടറുകൾ തുടങ്ങിയ സൗകര്യങ്ങളും തുറമുഖങ്ങളിൽ ഉണ്ടാവണം.

വിനോദസഞ്ചാരികൾക്ക് ആഭ്യന്തരയാത്രകളിൽ ദുരനുഭവങ്ങളുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളും നയം നിർദേശിക്കുന്നുണ്ട്. ആഡംബര കോച്ചുകളിൽ നടത്തുന്ന പാക്കേജ് ടൂറിസത്തിൽ എതിർപ്പുയരാതിരിക്കാൻ ടാക്സി, ഓട്ടോ തൊഴിലാളികൾക്ക് പരിശീലനവും ബോധവത്കരണവും നൽകണം.

വരവേൽക്കാൻ കളരിപ്പയറ്റും തെയ്യവും

കപ്പലുകളിലെത്തുന്ന സഞ്ചാരികളെ വരവേൽക്കാൻ ടെർമിനലുകളിൽത്തന്നെ തനത് കലാരൂപങ്ങളായ കഥകളിയും തെയ്യവും കളരിപ്പയറ്റുമൊക്കെ പ്രദർശിപ്പിക്കാം. പാർക്ക്, െറസ്റ്ററന്റ്, ബാർ, ജിംനേഷ്യം, ഷോപ്പിങ് ആർക്കേഡ് തുടങ്ങിയവയൊക്കെ ഇത്തരം കേന്ദ്രങ്ങളിലാകാം. ഇതിനും സ്വകാര്യപങ്കാളിത്തം തേടാവുന്നതാണ്. ആയുർവേദത്തിന് പ്രത്യേക പ്രാധാന്യം നൽകി വെൽനെസ് ടൂറിസവും ഇതിന്റെ ഭാഗമാക്കാവുന്നതാണ്.

Content Highlights: Kerala gears up to welcome luxury cruise ships with 8 ports ready. Explore new tourism policies for port development and enhanced visitor experience.