കേരളത്തിന് കേന്ദ്രം നൽകിയത് ആമയും ആമമുട്ടയും മാത്രം- എം.വി. ഗോവിന്ദൻ

പേരാമ്പ്ര (കോഴിക്കോട്): പത്ത് ബജറ്റിലും അവഗണിച്ച് കേരളത്തെ അപമാനിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. എൽ.ഡി.എഫ്. വികസനമുന്നേറ്റജാഥയ്ക്ക് പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
29 ആവശ്യങ്ങൾ മുന്നോട്ടുവെച്ചപ്പോൾ ആമയും ആമമുട്ടയുമാണ് ബജറ്റിൽ നൽകിയത്. എൽ.ഡി.എഫ്. സർക്കാരിനെ ഒരിഞ്ച് മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്ന താക്കീതാണിത്.
ഫെഡറൽ സംവിധാനത്തിന് കത്തിവെക്കുകയും മതനിരപേക്ഷ ഉള്ളടക്കത്തെ തകർക്കുകയുമാണ്. ബി.ജെ.പി.യുടെ ഭൂപടത്തിൽ കേരളമില്ല. പക്ഷേ, ഇന്ത്യൻ ഭൂപടത്തിൽ പ്രധാനനാടായി കേരളത്തെ ലോകം അംഗീകരിച്ചുകഴിഞ്ഞു. കേന്ദ്രസർക്കാരിനെ ആശ്രയിച്ചുമാത്രം കേരളത്തിന് മുന്നോട്ടുപോകാൻകഴിയില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് കിഫ്ബി ഉപയോഗിച്ച് വികസനം നടപ്പാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജമാഅത്തൈ ഇസ്ലാമിയെ മതനിരപേക്ഷപ്രസ്ഥാനമായി കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ സർട്ടിഫൈചെയ്യുകയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. നേരത്തേയുള്ള കോലിബി സഖ്യത്തിനൊപ്പം ജമാഅത്തൈ ഇസ്ലാമി സഖ്യംകൂടിയായി മാറിക്കഴിഞ്ഞു. സി.പി.എം. ജമാഅത്തൈ ഇസ്ലാമിക്കൊപ്പം ഒരുദിവസംപോലും രാഷ്ട്രീയ ഐക്യം ഉണ്ടാക്കിയിട്ടില്ല. ഇനി ഉണ്ടാക്കുകയുമില്ല. അവർ ഏകപക്ഷീയമായി തീരുമാനിച്ച് വോട്ടുചെയ്തിട്ടുണ്ടാകും.
കനഗോലുവിന്റെ ഗീബൽസിയൻ സിദ്ധാന്തമനുസരിച്ച് സതീശൻ നുണമാത്രം പറയുകയാണ്. ബി.ജെ.പി.യുമായി ചങ്ങാത്തമുള്ളത് വി.ഡി. സതീശനാണ്. വികസനത്തെപ്പറ്റിമാത്രം യു.ഡി.എഫിന്റെ ജാഥയിൽ പറയുന്നില്ല. പറഞ്ഞുതുടങ്ങിയാൽ എൽ.ഡി.എഫ്. നടത്തിയ വികസനം ചർച്ചയാകുമെന്നറിയാം.
എൽ.ഡി.എഫിനുനേരേ അപവാദപ്രചാരണമാണ് യു.ഡി.എഫിന്റെ മുഖ്യ ആയുധം. എസ്.ഐ.ആർ. പിണറായി വിജയനാണ് കൊണ്ടുവന്നതെന്നുവരെ പ്രചരിപ്പിക്കുകയാണ്.
ഇതിനയെല്ലാം അതിജീവിച്ച് എൽ.ഡി.എഫ്. മൂന്നാംതവണയും അധികാരത്തിൽവരുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായി. സി.പി.എം. ജില്ലാസെക്രട്ടേറിയറ്റംഗം എസ്.കെ. സജീഷ്, എൽ.ഡി.എഫ്. നിയോജകമണ്ഡലം കൺവീനർ പി.കെ.എം. ബാലകൃഷ്ണൻ, ജാഥാംഗങ്ങളായ പി.പി. ദിവാകരൻ, കെ.എസ്. സലീഖ, പി. സന്തോഷ്‌കുമാർ എം.പി., അഡ്വ. മാത്യു കുന്നപ്പള്ളി, അഡ്വ. പി.എം. സുരേഷ്ബാബു, മനയത്ത് ചന്ദ്രൻ, യു. ബാബു ഗോപിനാഥ്, വടകോട് മോനച്ചൻ, അഡ്വ. എ.ജെ. ജോസഫ്, കാസീം ഇരിക്കൂർ, അഡ്വ. നൈസ് മാത്യു, സത്യൻ മൊകേരി, കെ.കെ. ലതിക, മുഹമ്മദ് ഇഖ്ബാൽ, പി. ഗവാസ് തുടങ്ങിയവർ സംസാരിച്ചു.
Content Highlights: CPM State Secretary MV Govindan slams the Central Govt for neglecting Kerala in 10 budgets. LDF`s development rally in Peramangalam highlights state`s progress despite central hurdles.