ഉമേഷ് വള്ളിക്കുന്നിന് കാരണം കാണിക്കൽ നോട്ടീസ്; പോലീസ് ഉദ്യോഗസ്ഥരെ വിമർശിച്ചതിന്‌ പിരിച്ചുവിടും

#മാതൃഭൂമി ന്യൂസ്
ഉമേഷ് വള്ളിക്കുന്ന്| Photo: https://www.facebook.com/umeshvallikkunnu
ഉമേഷ് വള്ളിക്കുന്ന്| Photo: https://www.facebook.com/umeshvallikkunnu

കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥരെ വിമർശിച്ച മുതിർന്ന സിപിഒ ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടേക്കും. ഉമേഷിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ആണ് നോട്ടീസ് നൽകിയത്. കഴിഞ്ഞ 18 മാസമായി ഉമേഷ് സസ്പെൻഷനിലാണ്.

നിലവിൽ ആറന്മുള സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ഉമേഷ് വള്ളിക്കുന്ന്. സർവീസിലിരിക്കെ ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും പോലീസ് സംവിധാനത്തേയും വിമർശിച്ചു കൊണ്ട് നിരവധി പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇതേത്തുടർന്ന് മൂന്ന് തവണ സസ്പെഷനും മുപ്പതോളം അച്ചടക്ക നടപടികളും നേരിട്ടിട്ടുണ്ട്. ഇപ്പോൾ സർവീസിൽനിന്ന് പിരിച്ചുവിടാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ 15 ദിവസത്തിനകം മറുപടി നൽകണമെന്ന്‌ അറിയിച്ചുകൊണ്ടാണ് നോട്ടീസ് ലഭിച്ചിരിക്കുന്നതെന്ന് ഉമേഷ് വള്ളിക്കുന്ന് പറഞ്ഞു.

നോട്ടീസിന് മറുപടി നൽകാൻ പതിനഞ്ചു ദിവസത്തെ സമയമുണ്ടെന്നും അതിനുള്ളിൽ മറുപടി നൽകുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

"അച്ചടക്ക നടപടികൾ ചൂണ്ടിക്കാട്ടി, പോലീസ് സേനയിൽ തുടരാൻ യോഗ്യനല്ല എന്ന് പറഞ്ഞാണ് നോട്ടീസ് തന്നിട്ടുള്ളത്. വിചിത്രമായ സംഭവമാണ് കാരണമായി പറഞ്ഞിരിക്കുന്ന പലതും. കാടുപൂക്കും എന്ന സിനിമയിലെ പോസ്റ്ററും സംഭാഷണവും പങ്കുവെച്ചതാണ് ഇതിൽ ഒന്ന്. യുഎപിഎ കേസ് നിലനിൽക്കുന്ന സമയത്ത് പങ്കുവെച്ചു, പോലീസിനെ അപമാനിച്ചു എന്നതായിരുന്നു ഇത്. ആതിരയെ പ്രണയിച്ച് കല്യാണം കഴിച്ചതായിരുന്നു മറ്റൊന്ന്. അസാന്മാർഗ്ഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാണ് ഇതിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത്തരത്തിൽ പല കാര്യങ്ങളും പറഞ്ഞിട്ടാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. ഇതിനുള്ള മറുപടി നൽകും. നടപടി ഉണ്ടാവുകയാണെങ്കിൽ ട്രിബ്യൂണലിലും കോടതിയിലും നേരിടും"- ഉമേഷ് വള്ളിക്കുന്ന് പറഞ്ഞു.

താൻ പോലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കിയിട്ടില്ലെന്നും സേനയ്ക്ക് കളങ്കമുണ്ടാക്കിക്കൊണ്ടിരിക്കുന്ന കീടങ്ങളേയും അഴിമതിക്കാരേയും കള്ളന്മാരേയും ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Senior Civil Police Officer Faces Dismissal Over Social Media Criticism