‘ഇനി ഇടുക്കി സീറ്റ് തിരികെ കിട്ടുമോ?’; കേരള കോൺഗ്രസ് നേതൃത്വത്തോട് ചോദ്യവുമായി നേതാക്കൾ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

തൊടുപുഴ: ഇടുക്കി സീറ്റ് കോൺഗ്രസിന് നൽകിയതിന്റെ നീരസം മാറാതെ കേരള കോൺഗ്രസ് ഇടുക്കി ജില്ലാ നേതാക്കൾ. പാർട്ടിയുടെ, മന്ത്രിയെയും ചീഫ് വിപ്പിനെയും അനുമോദിക്കാൻ ചേർന്ന കേരള കോൺഗ്രസ് യോഗത്തിലാണ്, ‘ആ സീറ്റ് ഇനി തിരികെ കിട്ടുമോ’ എന്ന ചോദ്യം ചില നേതാക്കൾ ഉന്നയിച്ചത്. സീറ്റ് വിട്ടുനൽകിയില്ലായിരുന്നെങ്കിൽ കേരള കോൺഗ്രസ് അവിടെ വിജയിക്കുമായിരുന്നുവെന്നും, ധാരണയുണ്ടാക്കിയത് പാർട്ടിപ്രവർത്തകരെയാകെ നിരാശരാക്കിയെന്നുമുള്ള നീരസവും പങ്കുവെച്ചു.

മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മോൻസ് ജോസഫിനും ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫിനും കഴിഞ്ഞ ദിവസമാണ് തൊടുപുഴയിൽ സ്വീകരണം നൽകിയത്. പാർട്ടിക്ക് ഏറ്റവും കൂടുതൽ പ്രവർത്തകരുള്ള ജില്ലയിലൊന്നാണ് ഇടുക്കി. ഭൂപ്രശ്നങ്ങളുൾപ്പെടെ ഏറ്റെടുത്ത്‌ സമരമുഖത്തുനിന്ന പാർട്ടിപ്രവർത്തകരെ, സമവായതീരുമാനം ആകെ നിരാശയിലാക്കി.

സീറ്റ്‌ വിട്ടുനൽകിയതിൽ പാർട്ടിയിലെ ചിലനേതാക്കൾ കോൺഗ്രസ് നേതാക്കളുമായി ഗൂഢാലോചന നടത്തിയെന്ന് സംശയിച്ചാൽ തെറ്റുപറയാനാകില്ല. ഒരുതവണത്തേക്ക്‌ ഇടുക്കി സീറ്റ് വിട്ടുനൽകിയെന്നുപറഞ്ഞ്‌ പ്രവർത്തകരെ കബളിപ്പിക്കുകയാണെന്നും, അടുത്തതവണ സീറ്റ്‌ തിരികെപ്പിടിക്കാൻ കഴിയുമെന്ന് നേതാക്കൾക്ക് ഉറപ്പുനൽകാൻ കഴിയുമോ എന്നും യോഗത്തിൽ ചോദ്യമുയർന്നു. ഇടുക്കി സീറ്റ് വിട്ടുനൽകാതിരിക്കാൻ പരമാവധി ശ്രമിച്ചെന്നും, എന്നാൽ, കോൺഗ്രസിന്റെ കടുത്ത സമ്മർദത്തിനൊടുവിലാണ് വിട്ടുവീഴ്ച ചെയ്യേണ്ടിവന്നതെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.

Content Highlights: Kerala Congress leaders voice dissent over Idukki seat allocation to Congress.