ചുവപ്പുനാടയുടെ കുരുക്കഴിഞ്ഞു, കോളേജ് അധ്യാപക നിയമനത്തിന് സർക്കാർ

#പി.കെ. മണികണ്ഠൻ
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ചുവപ്പുനാടയിലെ കുരുക്കുനീങ്ങി കോളേജ് അധ്യാപക നിയമനം സംബന്ധിച്ച ഫയൽ ഉന്നത വിദ്യാഭ്യാസ വകുപ്പ്, മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയ്ക്കായി അയച്ചു. പുതുതായി 138 തസ്തികകൾ സൃഷ്ടിക്കേണ്ടതിനാൽ വിഷയം മന്ത്രിസഭയുടെ അനുമതിക്ക് സമർപ്പിക്കുമെന്നാണ് വിവരം.

കോളേജ് അധ്യാപകരെ നിയമിക്കാൻ സിപിഎമ്മും സർക്കാരും നയപരമായ തീരുമാനമെടുത്തിട്ടും ഫയൽ ഉദ്യോഗസ്ഥതലത്തിൽ കുരുങ്ങിയതിനെക്കുറിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. ഒട്ടേറെ പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി ഈ മാസം തീരുന്നതുകൂടി പരിഗണിച്ച് സർക്കാർ വിഷയത്തിൽ ഇടപെടുകയായിരുന്നു.

നാലുവർഷ ബിരുദത്തിന്റെ ഭാഗമായുള്ള ജോലിഭാരം കണക്കാക്കിയിട്ടില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ തടസ്സവാദം. അധികമായുള്ള 90 തസ്തിക മറ്റിടങ്ങളിലേക്കു മാറ്റാതെ പുതിയ നിയമനം നടത്താനാവില്ലെന്നും നിലപാടെടുത്തു.

നേരത്തേ അധികമായി കണക്കാക്കിയ 90 തസ്തികകൾ പുതുതായി പരിഗണിക്കും. 48 തസ്തികകൾ വേറേയും സൃഷ്ടിക്കും. പിജി വെയ്റ്റേജ് ഇല്ലാതാക്കി ജോലിഭാര ഉത്തരവ് പുറപ്പെടുവിച്ച 2020-നു മുൻപും ശേഷവും അനുവദിച്ച കോഴ്‌സുകൾക്ക് തസ്തിക സൃഷ്ടിക്കാത്തതിനാലാണ് ഈ ക്രമീകരണം. പുതുതായി അനുവദിച്ച കോഴ്‌സുകൾക്കുള്ള തസ്തികയ്ക്കു പുറമേ, വിരമിച്ച ഒഴിവിൽ 238 ഒഴിവുകളുണ്ടെന്നാണ് അധ്യാപകസംഘടനകളുടെ വാദം.

Content Highlights: Kerala government moves to appoint college teachers, clearing bureaucratic hurdles. File sent to CM for approval to create 138 new posts.