കടമെടുപ്പ് വിഹിതം: ഇടപെടണമെന്ന് എംപിമാരോട് മുഖ്യമന്ത്രി, റെയിൽവേ വികസനത്തിനും സമ്മർദം വേണം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന്‌ കേന്ദ്രം 2024-25ൽ വെട്ടിക്കുറച്ച 6757 കോടി രൂപയും 2025-26ലെ 3323 കോടിയും പുനഃസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കടമെടുപ്പുപരിധി 3.5 ശതമാനമായി ഉയർത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളുടെ 2024-25 സാമ്പത്തികവർഷത്തെ മൂലധന നിക്ഷേപങ്ങൾക്കുവേണ്ടിയുള്ള പ്രത്യേകപദ്ധതിയായ എസ്എഎസ്‌സിഐയുടെ ഭാഗമായി ലഭിക്കേണ്ട 300 കോടി ലഭ്യമാക്കാൻ ഇടപെടൽ വേണമെന്നും അദ്ദേഹം കേരളത്തിലെ എംപിമാരുടെ യോഗത്തിൽ ആവശ്യപ്പെട്ടു. പാർലമെന്റ് സമ്മേളനത്തിനുമുന്നോടിയായാണ് ഓൺലൈനായി യോഗം ചേർന്നത്.

വന്യജീവിസംരക്ഷണ ഭേദഗതി ബില്ലിന് അനുമതി ലഭ്യമാക്കാൻ ഇടപെടണം. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് കേന്ദ്രാവിഷ്കൃത പദ്ധതിയുടെ കീഴിൽ 620 കോടി രൂപയുടെ പ്രത്യേക കേന്ദ്രസഹായം ലഭിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, മുനുഷ്യ-വന്യജീവി സംഘർഷം ഇല്ലാതാക്കുന്നതിനും കൃഷി സംരക്ഷിക്കുന്നതിനും നിലവിലുള്ള മാർഗരേഖകൾ നടപ്പാക്കുകയാണ് വേണ്ടതെന്ന് എംപിമാർ ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷക്ഷേമവകുപ്പിന് കേന്ദ്രം അനുവദിച്ച പണം ചെലവഴിച്ചതിന്റെ സർട്ടിഫിക്കറ്റ് സംസ്ഥാനം നൽകിയിട്ടില്ലെന്നും ഇത് കേന്ദ്രഫണ്ട് അനുവദിക്കുന്നതിന് തടസ്സമായിട്ടുണ്ടെന്നും പി.വി. അബ്ദുൽ വഹാബ്, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ ചൂണ്ടിക്കാട്ടി. തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം ഇതുസംബന്ധിച്ച യോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

റെയിൽവേ വികസനത്തിന് സമ്മർദം വേണം

തിരുവനന്തപുരം-മംഗലാപുരം റൂട്ടിൽ മൂന്നും നാലും പാളത്തിനുള്ള സർവേ നടത്തുകയും ഈ റൂട്ടിൽ നമോ ഭാരത് റാപ്പിഡ് റെയിൽ അനുവദിക്കുകയും വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തലശ്ശേരി-മൈസൂരു റെയിൽ പദ്ധതി, നിലമ്പൂർ-നഞ്ചൻകോട് പദ്ധതി, അങ്കമാലി-ശബരി റെയിൽപ്പാത തുടങ്ങിയവയ്ക്കായും സമ്മർദം ചെലുത്തണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമിച്ചുനൽകുന്ന വീടുകൾക്ക് മുന്നിൽ പിഎംഎവൈ ലോഗോ വെക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന സംസ്ഥാന ആവശ്യം അംഗീകരിച്ചുകിട്ടുന്നതിനായി ഇടപെടണം. മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് 2221.03 കോടി ആവശ്യപ്പെട്ടിട്ടും 260.56 കോടി മാത്രമാണ് കേന്ദ്രസഹായം ലഭിച്ചത്.

ഖാദി ഉത്‌പന്നങ്ങളെ ജിഎസ്ടി പരിധിയിൽനിന്നൊഴിവാക്കണം. കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി ഗ്ലോബൽ സിറ്റി, കൊച്ചി (നോഡ്-2) പദ്ധതി, എയിംസ്, അട്ടപ്പാടി ജലസേചന പദ്ധതി, പ്രവാസി പുനരധിവാസത്തിനായി 1000 കോടിയുടെ പാക്കേജ് തുടങ്ങിയ ആവശ്യങ്ങളും പാർലമെന്റിൽ ഉന്നയിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

Content Highlights: Kerala's Financial Demands: CM Pinarayi Vijayan Urges Centre to Restore Borrowing Limits & Boost Investments