എസ്ഐആർ: എന്യൂമറേഷൻ ഫോം വിതരണം 99% പൂർത്തിയായി, അടിയന്തര യോഗത്തിന് BLO മാർക്ക് നിർദേശം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർപട്ടിക തീവ്ര പരിഷ്കരണപ്രക്രിയയുമായി ബന്ധപ്പെട്ട എന്യൂമറേഷൻ ഫോം വിതരണം 99% പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ. വോട്ടർമാരെ കണ്ടെത്താൻ കഴിയാത്ത ഫോമുകളുടെ എണ്ണം 60,344 ആയി ഉയർന്നിട്ടുണ്ടെന്നും ഇത് പുനഃപരിശോധനയ്ക്ക് വിധേയമാകുന്ന മൊത്തം വോട്ടർമാരുടെ 0.22% വരുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ ലഭ്യമായ കണക്കാണിത്.

അതേസമയം എല്ലാ ബിഎൽഒ മാരും മുഴുവൻ ഡാറ്റയും ഡിജിറ്റൈസ് ചെയ്തിട്ടില്ലെന്നും യഥാർഥ കണക്ക് ഇതിലും കൂടുതലാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയ പാർട്ടികൾ, നാമനിർദ്ദേശം ചെയ്ത ബൂത്ത് ലെവൽ ഏജന്റുമാരുമായി ചേർന്ന് അടിയന്തരമായി യോഗങ്ങൾ സംഘടിപ്പിക്കാൻ എല്ലാ ബി.എൽ.ഒമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പരമാവധി കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനും ഭാവിയിൽ പരാതികൾ ഉണ്ടാവാതിരിക്കുന്നതിനുമാണ് നടപടി.

ഫോമുകൾ സ്വീകരിക്കുന്നതിനും അവ അപ്‌ലോഡ് ചെയ്യുന്നതിനുമായി ബൂത്ത് ലെവൽ ഓഫീസർമാർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ‘കളക്ഷൻഹബ്ബുകൾ’ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം തുടരുകയാണ്. നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ ഹബ്ബുകൾ ബുധനാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സന്ദർശിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കളക്ടർമാർ ഇത്തരം ഹബ്ബുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.

Content Highlights: Kerala Chief Electoral Officer on sir process