എസി റോഡ് പ്രവൃത്തിയിൽ വൻ ക്രമക്കേട്; കേരള റോഡ് ഫണ്ട് ബോർഡിൽ ഗുരുതര വീഴ്ചയെന്ന് CAG റിപ്പോർട്ട്, 21 കോടിയുടെ അധിക ബാധ്യത

തിരുവനന്തപുരം: കേരള റോഡ് ഫണ്ട് ബോർഡിന്റെയും വിനോദസഞ്ചാര വകുപ്പിന്റെയും റീബിൽഡ് കേരളയുടെയും പദ്ധതി ആസൂത്രണത്തിലും നടത്തിപ്പിലും ഗുരുതര വീഴ്ചകൾ സംഭവിച്ചതായി സിഎജി റിപ്പോർട്ട്. റോഡ് ഫണ്ട് ബോർഡ് കരാറുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വരുത്തിയ വീഴ്ച മൂലം 21 കോടി 33 ലക്ഷം രൂപയുടെ അധിക ചെലവുണ്ടായതായി സിഎജി കണ്ടെത്തി.
ആലപ്പുഴ-ചങ്ങനാശ്ശേരി (എസി) റോഡിന്റെ നിലവാരം ഉയർത്തലിൽ കാര്യമായ ക്രമക്കേടുകൾ നടന്നതായി സിഎജി കണ്ടെത്തി. പാലത്തിന് വീതി കൂട്ടുന്നതിനായി സാങ്കേതിക ന്യായീകരണം തേടാതെ രൂപകല്പനയിൽ മാറ്റങ്ങൾ വരുത്തുകയും ചെലവുകൾ താരതമ്യം ചെയ്യാതിരിക്കുകയും ചെയ്തത് മൂലം കരാറുകാരൻ കോടികൾ ലാഭമുണ്ടാക്കി. കൂടാതെ, പണി നടക്കുന്നതിന് ഏകദേശം മൂന്ന് വർഷം മുൻപുവരെ തുക അനുവദിച്ചതിലൂടെ കരാറുകാരന് 39.27 കോടി രൂപയുടെ അനർഹമായ ആനുകൂല്യവും അധിക സാമ്പത്തിക നേട്ടവും ലഭിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഏകദേശം 51 ലക്ഷം രൂപ ചെലവാക്കിയ പയ്യാമ്പലം അഡ്വഞ്ചർ പാർക്ക് പദ്ധതി ഇപ്പോഴും പൂർത്തിയായിട്ടില്ല. വള്ളിയൂർകാവിൽ 4.78 കോടി രൂപ മുടക്കി നിർമിച്ച എക്സിബിഷൻ സ്പേസ് ഉപയോഗമില്ലാതെ കിടക്കുകയാണെന്നും സിഎജി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു
കൂടാതെ, ചരക്ക് സേവന നികുതി സമർപ്പിക്കുന്നതിലുണ്ടായ കാലതാമസവും കൃത്യതയില്ലായ്മയും കാരണം പലിശയും പിഴപ്പലിശയും ഉൾപ്പെടെ രണ്ട് കോടിയിലധികം രൂപയുടെ അനാവശ്യ കടബാധ്യത ബോർഡിനുണ്ടായി. കരാറുകാർക്ക് അനധികൃതമായി തുക അനുവദിച്ചതും സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകാത്തതും ഖജനാവിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി.
വിനോദസഞ്ചാര വകുപ്പിൽ സാധ്യതാ പഠനങ്ങൾ നടത്താതെ പദ്ധതികൾ പ്രഖ്യാപിച്ചതും നിർമാണം ആരംഭിച്ചതും കാരണം കോടിക്കണക്കിന് രൂപയുടെ പൊതുപണം പാഴായി. അപ്രോച്ച് റോഡുകളും പാലങ്ങളും ഇല്ലാതെയും ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കാതെയും പദ്ധതികൾ ആരംഭിച്ചതിനാൽ അവ ഫലപ്രാപ്തിയിലെത്തിയില്ല. കൂടാതെ, ബോട്ട് ജെട്ടികളുടെ നിർമാണത്തിലും ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. പദ്ധതികളുടെ നിർമാണത്തിനുശേഷം കൃത്യമായ പരിപാലനം നടക്കാത്തതിനാൽ പൂർത്തിയായ പല കേന്ദ്രങ്ങളും ഇപ്പോൾ കാടുപിടിച്ച് കിടക്കുകയാണ്.
Content Highlights: KRFB delays caused an extra expenditure of Rs 21.33 crore., GST payment delays resulted in a penalty of Rs 2.12 crore., Tourism department launched projects without feasibility studies, wasting public funds., Major projects like Payyambalam Adventure Park and Valliyurkavu exhibition space remain unused.