'ഉമ്മന്‍ ചാണ്ടി ഈ വാഹനത്തിന്റെ ഐശ്വര്യം'; ഹോളി മരിയ ബസും ടിറ്റോയെന്ന മുതലാളിയും

ഇരിട്ടി: ബസുകളുടെ മുന്നില്‍ ദൈവങ്ങളുടെ ചിത്രം കണ്ട് ശീലിച്ചവര്‍ തലശ്ശേരി-ഇരിട്ടി-വാണിയപ്പാറ-രണ്ടാംകടവ് റൂട്ടിലോടുന്ന ഹോളി മരിയ ബസില്‍ കയറിയാല്‍ ഒന്നമ്പരക്കും. ദൈവങ്ങള്‍ക്ക് പകരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രമാണ് ഹോളി മരിയയെ അലങ്കരിക്കുന്നത്. ബസുടമ വാണിയപ്പാറ സ്വദേശി ടിറ്റോ ബേബി ഫിലിപ്പിന്റെ കടുത്ത ആരാധനയാണ് ഉമ്മന്‍ ചാണ്ടിയെ 'ഈ വാഹനത്തിന്റെ ഐശ്വര്യമാക്കിയത്'. പല പാര്‍ട്ടിയില്‍പ്പെട്ടവര്‍ കയറുന്ന ബസില്‍ ഇതാകാമോ എന്ന ചോദ്യത്തിന് ടിറ്റോയുടെ മറുപടിയിങ്ങനെ- ''വിമര്‍ശനത്തിനോ പുകഴ്ത്തലിനോ ഞാന്‍ ചെവികൊടുക്കാറില്ല, ഇതെന്റെ വിശ്വാസം.''
ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ മണര്‍കാട് പള്ളിക്കത്തോട് സ്വദേശിയാണ് ടിറ്റോ ബേബി ഫിലിപ്പ്. വാണിയപ്പാറയിലെ സോണിയാ ജോസഫിനെ വിവാഹം കഴിച്ചതോടെ 25 വര്‍ഷമായി വാണിയപ്പാറയിലാണ് സ്ഥിരതാമസം. ഉമ്മന്‍ ചാണ്ടിയെ കുഞ്ഞുനാളിലെ കണ്ടും അറിഞ്ഞും പരിചയിച്ച ടിറ്റോയ്ക്ക് ആ നന്മയെ മറക്കാനാവില്ല. കണ്ണൂര്‍-ബെംഗളൂരു ടൂറിസ്റ്റ് ബസില്‍ ദീര്‍ഘകാലം ഡ്രൈവറായിരുന്നു ടിറ്റോ. ഒരു ബസിന്റെ മുതലാളിയാകണമെന്ന ആഗ്രഹം സാധിക്കാന്‍ 'സാറില്‍നിന്ന് കിട്ടിയ സഹായം ഒരിക്കലും മറക്കാന്‍ കഴിയില്ല' ടിറ്റോയ്ക്ക്.
മുതലാളിയായെങ്കിലും ഇപ്പോഴും ഡ്രൈവറായോ കണ്ടക്ടറായോ ക്ലീനറായോ അദ്ദേഹം മിക്കപ്പോഴും ബസിലുണ്ടാകും. ഉമ്മന്‍ ചാണ്ടി മരിച്ചപ്പോള്‍ ആദരാഞ്ജലിയുമായി ഉമ്മന്‍ ചാണ്ടിയുടെ കളര്‍ഫോട്ടോ ബസിന് മുന്നില്‍ ഒട്ടിച്ചിരുന്നു. ബസ് നിര്‍ത്തിയിട്ട് ചായ കഴിച്ചുവരുന്നതിനിടയില്‍ ആരോ അത് കീറിയെറിഞ്ഞു. ഇതോടെ ആര്‍ക്കും നശിപ്പിക്കാനാവാത്ത രീതിയില്‍ ഫോട്ടോ ബസിനുള്ളില്‍ ഉറപ്പിച്ചുനിര്‍ത്തണമെന്നായി. അങ്ങനെ ബസിനുള്ളില്‍ കുഞ്ഞൂഞ്ഞിന്റെ ചിത്രം സ്ഥാപിച്ചിട്ട് രണ്ടുവര്‍ഷമായി.
യാത്രക്കാരില്‍ ചിലര്‍ ഫോട്ടോ തൊട്ട് വണങ്ങുന്നത് ടിറ്റോ കണ്ടിട്ടുണ്ട്. ''ചിലര്‍ പരിഹാസത്തോടെ ഇതെന്താ കോണ്‍ഗ്രസ് സമ്മേളനത്തിന് പോകുന്ന ബസാണോ എന്ന് ചോദിക്കും. അവര്‍ക്ക് അവരുടെ വിശ്വാസം, എനിക്ക് എന്റെ വിശ്വാസം'' - ടിറ്റോ പറഞ്ഞു. കഴിഞ്ഞദിവസം ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മദിനത്തില്‍ ബസിന്റെ മുന്നിലെ ഗ്ലാസില്‍ വലിയ ചിത്രം ഒട്ടിച്ചാണ് ഓടിയത്. ഡ്രൈവര്‍സീറ്റിലുണ്ടായിരുന്ന ടിറ്റോ, ഉമ്മന്‍ ചാണ്ടിയുടെ ചിത്രമുള്ള ബാഡ്ജ് പോക്കറ്റിനുമുകളില്‍ കുത്തിവെക്കുകയും ചെയ്തു.
Content Highlights: A Kerala bus owner displays a portrait of former CM Oommen Chandy, expressing his deep respect