സ്വപ്ന ബജറ്റ് അല്ല, പ്രായോഗിക ബജറ്റ്; ചെയ്യാൻ കഴിയുന്നതേ പറയൂ- ബജറ്റ് അവതരണത്തിന് മുൻപ് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സ്വപ്ന ബജറ്റ് അല്ല, പ്രായോഗികമായ ബറ്റാകും അവതരിപ്പിക്കുക. ഇടതുപക്ഷ സർക്കാർ ചെയ്യാൻകഴിയുന്ന കാര്യങ്ങളേ പറയൂ എന്നും ധനമന്ത്രി ബജറ്റവതരണത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒട്ടേറെ ജനകീയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികളെ മുതൽ മുതിർന്നവരെ വരെ ബജറ്റിൽ പരിഗണിക്കുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകണം, നാട്ടിൽ തന്നെ ആളുകൾ നിൽക്കണം, സ്വന്തം നാട്ടിലെ സാമ്പത്തികാവസ്ഥകൂടി ശക്തമാക്കണം, നല്ലൊരു കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുണ്ടാകും, മന്ത്രി പറഞ്ഞു.
ചെയ്യാവുന്ന കാര്യമാണ് ഇടതുപക്ഷം പറയുന്നത്, പറയുന്ന കാര്യം ചെയ്യും എന്ന് കഴിഞ്ഞ പത്ത് വർഷമായി ഇടതുപക്ഷം ഭരണത്തിലിരുന്നപ്പോൾ ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് പറ്റാത്ത കാര്യങ്ങൾ പറയുന്ന ബജറ്റ് അല്ല അവതരിപ്പിക്കുന്നത്. പ്രായോഗികമായ, സാമ്പത്തിക വശങ്ങൾ കണ്ടിട്ടാണ് ബജറ്റവതരിപ്പിക്കുന്നത്. സ്വപ്ന ബജറ്റ് അല്ല, മന്ത്രി പറഞ്ഞു.
ശമ്പള പരിഷ്കരണം, ക്ഷേമ പെൻഷൻ വർധന അടക്കമുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Content Highlights: Kerala Finance Minister KN Balagopal previews the upcoming budget, promising practical, popular announcements for all age groups. Focus on employment, welfare, and economic growth.