വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: ധനബില്ലിൽ ഒഴിവാക്കില്ല; അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ

തിരുവനന്തപുരം: വീര്യംകുറഞ്ഞ മദ്യത്തിന് നികുതി ഏർപ്പെടുത്തിയ ബജറ്റ് നിർദേശം ധനബില്ലിൽ നിന്ന് ഒഴിവാക്കില്ല. വീര്യംകുറഞ്ഞ മദ്യം വിൽക്കാൻ അനുമതി നൽകണോയെന്ന കാര്യം യു.ഡി.എഫിന്റെ തീരുമാനത്തിന് വിധേയമായേ നടപ്പാക്കൂവെന്ന് നിയമസഭയിൽ പ്രഖ്യാപിച്ച സ്ഥിതിക്ക് തത്കാലം അത് അടഞ്ഞ അധ്യായംതന്നെയാണെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട്.
യു.ഡി.എഫിന്റെ നയപരമായ തീരുമാനത്തിന് വിട്ട ഒരുനിർദേശത്തിൽ മുന്നോട്ടുപോകാൻ ഏകപക്ഷീയമായി മുഖ്യമന്ത്രിക്കാകില്ല. വീര്യംകുറഞ്ഞ മദ്യ വിൽപ്പനയ്‌ക്കെതിരേ രംഗത്തുവന്ന വി.എം. സുധീരനാണ് ഇതുസംബന്ധിച്ച് പാർട്ടിയിൽ ഇനി ചർച്ച വേണ്ടെന്നും നികുതി നിർദേശം ധനബില്ലിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടത്.
വീര്യംകുറഞ്ഞ മദ്യം, ധാതുമണൽ ഇടനാഴി തുടങ്ങിയ കാര്യങ്ങളിൽ കോൺഗ്രസിൽ ഉയർന്ന അഭിപ്രായവ്യത്യാസങ്ങൾ നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് നൽകിയ മറുപടിയോടെ പരിഹരിക്കപ്പെടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതീക്ഷ. മദ്യത്തിൽ മുന്നോട്ടില്ലെന്നും ധാതുമണലിൽ സ്വകാര്യ പങ്കാളിത്തമില്ലെന്നും വ്യക്തമാക്കിയതോടെ സുധീരൻ അടക്കമുള്ളവർ തന്നെ അഭിനന്ദിക്കേണ്ടതാണെന്നും മുഖ്യമന്ത്രി കരുതി.
പക്ഷേ ഈ മറുപടി സുധീരന് തൃപ്തികരമായില്ല. യു.ഡി.എഫ് പ്രകടനപത്രികയ്ക്ക് വിരുദ്ധമായതിനാൽ സംഗതി കൈയോടെ പിൻവലിക്കണമെന്നാണ് അദേഹത്തിന്റെ നിലപാട്. ധാതുമണൽ പുതുതായി ഖനനം ചെയ്യുന്നില്ലെന്നും കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ കൺസോർഷ്യം മൂല്യവർധന നടത്തുന്നതേയുള്ളൂവെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇക്കാര്യങ്ങളിൽ മുഖ്യമന്ത്രിയും സുധീരനും തമ്മിൽ ആശയവിനിമയം നടന്നെങ്കിലും നിലപാടുകളിൽ മാറ്റമുണ്ടായിട്ടില്ല.
ഒന്നാംതീയതിമുതൽ മൂന്നുദിവസത്തേക്കാണ് ഇനി നിയമസഭ ചേരുന്നത്. ബജറ്റിന്റെ പൊതുചർച്ച മാത്രമേ നിലവിൽ നടന്നിട്ടുള്ളൂ. ഇനി വകുപ്പുകളുടെ ധനാഭ്യർഥന, ധനവിനിയോഗ ബിൽ, ധനബിൽ എന്നിവ പാസാക്കണം. 47 വകുപ്പുകളിൽ സാധാരണ 10-13 ദിവസം വരെയെടുത്താണ് ധനാഭ്യർഥന പാസാക്കുന്നത്. എന്നാൽ ഈ വർഷത്തേക്കുള്ള പുതുക്കിയ ബജറ്റായതിനാൽ ഈ നടപടിക്രമങ്ങളെല്ലാം മൂന്നുദിവസംകൊണ്ട് പൂർത്തിയാക്കും.
ബജറ്റിലെ നികുതി നിർദേശങ്ങൾ വിവിധ നിയമങ്ങളിൽ മാറ്റംവരുത്തുന്നതോടെയാണ് നടപ്പാകുന്നത്. ഇതിനായുള്ള ധനബില്ലിൽ വീര്യംകുറഞ്ഞ മദ്യത്തിനുള്ള നികുതി ഘടനയും ഉൾപ്പെടും. ബജറ്റിൽ വന്ന നിർദേശമാണെങ്കിലും ധനബില്ലിൽനിന്ന് വേണമെങ്കിൽ ഒഴിവാക്കാമെങ്കിലും മുഖ്യമന്ത്രി അതിന് തയ്യാറല്ല. ഒഴിവാക്കാനായിരുന്നെങ്കിൽ ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് മറുപടി പറയുമ്പോൾ അത് പിൻവലിക്കുമായിരുന്നു.
Content Highlights: The tax proposal on low-alcohol beverages remains in the 2026 Finance Bill. CM V.D. Satheesan asserts that the decision is closed and will not be unilaterally withdrawn. Internal party disagreements between the CM and V.M. Sudheeran regarding the UDF manifesto. The 2026 revised budget proceedings will be fast-tracked to conclude in three days. Mineral sand mining policy remains under state-public sector consortium control.