'കേരളത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റും, 2050-ഓടെ പൂർണ കാർബൺ ന്യൂട്രൽ സംസ്ഥാനം'

#ന്യൂസ് ഡെസ്ക്
AI Image
AI Image

തിരുവനന്തപുരം: കേരളത്തെ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ബജറ്റവതരണവേളയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ ലാൻഡ് മാനേജ്മെന്റ് നയം സർക്കാർ രൂപവത്കരിക്കുമെന്നും അദ്ദേഹം ബജറ്റവതരണത്തിൽ കൂട്ടിച്ചേർത്തു. 2050-ഓടുകൂടി കേരളത്തെ പൂർണമായും കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ബജറ്റിലെ മറ്റ് പ്രസക്ത പ്രഖ്യാപനങ്ങൾ

  • പുനരുപയോഗ ഊർജ്ജസ്രോതസ്സുകളുടെ വലിയ തോതിലുള്ള ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഗ്രീൻ അമോണിയ, ഗ്രീൻ മെഥനോൾ, ഗ്രീൻ ഹൈഡ്രജൻ എന്നിവയാക്കി മാറ്റുന്നതിലൂടെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബായി കേരളത്തെ മാറ്റും. ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ ലാൻഡ് മാനേജ്മെന്റ് നയം സർക്കാർ രൂപീകരിക്കും.
  • മുൻകാലങ്ങളിൽ പ്രസക്തമായിരുന്ന ഭൂനിയമങ്ങൾ പരിശോധിക്കുകയും കാലാനുസൃതമായ മാറ്റങ്ങൾ ആവശ്യമായവ പരിഷ്‌കരിക്കുകയും ചെയ്യും.
  • ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, സമർപ്പിതവും ആസൂത്രിതവുമായ ഒരു സാമ്പത്തിക മേഖല, അനുമതികൾക്കുള്ള സുഗമമായ നടപടിക്രമങ്ങൾ, പദ്ധതി വേഗവും വിജയവും നിക്ഷേപകർക്ക് ഉറപ്പ് നൽകുന്ന പ്രത്യേക ഇൻവെസ്റ്റ്മെന്റ് സോൺ നടപ്പാക്കും.
  • മത്സ്യത്തൊഴിലാളികൾക്കുള്ള പദ്ധതികളുടെ നിർവ്വഹണത്തിന് ഫിഷറീസ് സബ് പ്ലാൻ ആവിഷ്‌കരിക്കും. മണ്ണെണ്ണ സബ്സിഡി 75 രൂപയായായി ഉയർത്തും. അപകട ഇൻഷുറൻസ് തുക പരിഷ്‌കരിക്കും. രക്ഷാപ്രവർത്തനങ്ങൾക്ക് റെസ്‌ക്യൂ ബോട്ടുകളും വനിതകൾക്ക് മത്സ്യ വിപണനത്തിന് ഷീ സ്‌കൂട്ടറുകളും അനുവദിക്കും.
  • വിവിധ പ്രദേശങ്ങളെ പരിസ്ഥിതി സൗഹൃദവുമായ ആഗോള മത്സരക്ഷമതയുള്ള നഗരങ്ങളാക്കി മാറ്റുന്നതിന് കേരള അർബൻ ഗ്രോത്ത് മിഷൻ രൂപവത്കരിക്കും.
  • പ്രകൃതി ദുരന്തങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് സംവിധാനങ്ങൾ, കാലാവസ്ഥാ മോഡലിങ്, ജിയോ സ്പെഷ്യൽ ഇന്റലിജൻസ്, റിസ്‌ക് അനലിറ്റിക്സ്, അടിയന്തര പ്രതികരണ ഏകോപനം എന്നിവ സമന്വയിപ്പിക്കാൻ 'കേരള ഡിസാസ്റ്റർ റെസിലിയൻസ് സെന്റർ' സ്ഥാപിക്കും.
  • റെമിറ്റൻസ് ഇക്കോണമി എന്ന നിലയിൽനിന്ന് ഇൻവെസ്റ്റ്മെന്റ് ഇക്കോണമി എന്ന നിലയിലേക്ക് കേരളത്തെ മാറ്റുന്നതിൽ പ്രവാസികളുടെ പങ്ക് ഉറപ്പാക്കാൻ പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് രൂപവത്കരിക്കും.
  • സ്വർണവിനിമയ കേന്ദ്രവും ആഭരണ നിർമാണ പാർക്കും സ്ഥാപിക്കുന്നതിന് സർക്കാർ പിന്തുണ നൽകും.
  • പെരുമ്പാവൂർ കേന്ദ്രീകരിച്ച് ഫർണിച്ചർ ഹബ്ബ് സ്ഥാപിക്കും.
  • സൃഷ്ടിപരമായ കഴിവുകളും സാങ്കേതിക മികവുകളും ഒരുമിപ്പിച്ച് ഭാവിയിലെ സമ്പദ്വ്യവസ്ഥയുടെയും വ്യവസായങ്ങളുടെയും പ്രധാന ചാലക ശക്തിയായി ജെൻ സി ആന്റ് ന്യൂ ജെൻ തലമുറയെ മാറ്റാനുള്ള പദ്ധതികൾ രൂപീകരിക്കും.
  • തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വികസനഫണ്ട് പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനമായി ഉയർത്തും
  • മൂന്ന് വർഷത്തിനുള്ളിൽ പാലിന്റെ പ്രതിദിന ഉൽപാദനം ഒരു കോടി ലിറ്ററായി ഉയർത്തും.
  • മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തും. ഇതിനായുള്ള ബജറ്റ് വിഹിതം ഉയർത്തും.
  • 2050-ഓടുകൂടി കേരളത്തെ പൂർണമായും കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കും.
  • ഗ്രാമസഭയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത ഗ്രാമസഭാംഗങ്ങൾക്ക് ഓൺലൈനായി പങ്കെടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തും.
  • സഹകരണ സംഘങ്ങളിലെ നിക്ഷേപത്തുക യഥാസമയം മടക്കിനൽകാൻ കഴിയുന്ന തരത്തിൽ നിക്ഷേപ ഗ്യാരന്റി സ്‌കീമിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാനുള്ള പദ്ധതി നടപ്പിലാക്കും.
  • കാൽനടയാത്രക്കാർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന റോഡ് സംസ്‌കാരം വളർത്തുന്നതിന് സമഗ്രമായ ട്രാഫിക് നയം രൂപവത്കരിക്കും.
  • തോട്ടംമേഖലയിൽ കൂടുതൽ സ്ഥലം ടൂറിസത്തിനായി ഉപയോഗിക്കാവുന്ന വിധത്തിൽ ആവശ്യമായ നിയമഭേദഗതി കൊണ്ടുവരും.

Content Highlights: Transformation of Kerala into a global Green Hydrogen Hub., Target to become a fully carbon-neutral state by 2050., Implementation of a new Land Management policy., Establishment of Special Investment Zones to boost the economy., Launch of Kerala Urban Growth Mission for sustainable city development.