അനന്തുവിന്റെ മരണം: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ,കാട്ടുപന്നികളെ സംസ്ഥാനത്തിന് കൊല്ലാം-കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: നിലമ്പൂര്‍ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്ര വനം മന്ത്രി ഭുപേന്ദര്‍ യാദവ്. പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് അനന്തുവെന്ന കുട്ടി മരിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണെന്ന് കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി.
മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന പന്നികളെ കൊല്ലാന്‍ പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മലപ്പുറത്ത് തന്നെ ഇതേപോലെ നിരവധി ആളുകള്‍ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് മരിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും അനാസ്ഥയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
മനുഷ്യജീവന് അപകടമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ സംസ്ഥാനങ്ങളിലെ വനം മേധാവികള്‍ക്ക് അധികാരമുണ്ടെന്നും അതിന് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരളം മുമ്പും ഈ അധികാരം പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ അവശ്യഘട്ടങ്ങളില്‍ അധികാരം കേരളം വിനിയോഗിക്കുന്നില്ല.
വഴിക്കടവിലെ അനന്തുവിന്റെ മരണം ദൗര്‍ഭാഗ്യകരമാണ്. 2025ല്‍ മാത്രം മൂന്നുപേര്‍ ഇത്തരത്തില്‍ മരിച്ചിട്ടുണ്ടെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു. വൈദ്യുത വേലിക്ക് 240 വോള്‍ട്ട് വൈദ്യുതി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.
അപകടമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാന്‍ കേന്ദ്രത്തിന്റെ പ്രത്യേക അനുമതി വേണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിരുന്നത്. ഈ വാദമാണ് കേന്ദ്രമന്ത്രി നിഷേധിക്കുന്നത്. അക്രമകാരികളായ വന്യജീവികളെ കൊല്ലാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
Content Highlights: A boy died by electrocution from a wild boar trap in Kerala. The central minister blames the state