ചില കമന്റുകൾ ട്രോളുകളായി വരുന്നുണ്ടെന്ന് കെ. രാജൻ, ചെയറിനെ അപമാനിക്കുന്ന പണി പറ്റില്ലെന്ന് സ്പീക്കർ

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്‌ പ്രസംഗത്തിനിടെ കൊമ്പുകോർത്ത് സ്പീക്കറും മുൻ മന്ത്രി കെ. രാജനും. പ്രസംഗം നീണ്ടതോടെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ടു.

ഇതോടെ ‘‘അങ്ങ് ഇടയിൽക്കയറി നടത്തുന്ന ചില കമന്റുകൾ വളരെ മോശപ്പെട്ടവിധം ട്രോളുകളായി വരുന്നുണ്ടെ’’ന്ന് രാജൻ പറഞ്ഞതാണ് സ്പീക്കറെ ചൊടിപ്പിച്ചത്.

‘‘ദയവായി ചെയറിനെ ചോദ്യം ചെയ്യരുത്. വാക്കൗട്ട് പ്രസംഗത്തിൽ ചെയറിനെ അപമാനിക്കുന്ന പണി പറ്റില്ല. വിഷയത്തിലൂന്നി സംസാരിക്കാം. ചെയ്യേണ്ടതിൽനിന്ന് വ്യതിചലിക്കരുത്’’-സ്പീക്കർ ഓർമിപ്പിച്ചു. പറയാനുള്ളത് അംഗത്തിന്റെ അവകാശമാണെന്നും സഭയിലെ മാനദണ്ഡം പാലിച്ചാണ് മുന്നോട്ടുപോകുന്നതെന്നുമായിരുന്നു രാജന്റെ മറുപടി.

കഴിഞ്ഞ ദിവസം വാക്കൗട്ട് പ്രസംഗം നടത്തി ‘‘ഞാനും എന്റെ കക്ഷിയും ഇറങ്ങിപ്പോകുന്നു’’വെന്ന പതിവുവാചകം രാജൻ പറഞ്ഞപ്പോൾ ‘‘ആയിക്കോട്ടെ’’യെന്നു സ്പീക്കർ പറഞ്ഞത് ട്രോളായി പ്രചരിക്കുന്നുണ്ട്. ഇതുകൂടി ഉദ്ദേശിച്ചായിരുന്നു രാജന്റെ കമന്റ് പ്രയോഗം.

Content Highlights: Heated confrontation between Speaker Thiruvanchoor Radhakrishnan and K. Rajan during a walkout speech., Rajan alleged that the Speaker's remarks were being turned into social media trolls., The Speaker warned against insulting the Chair during assembly proceedings., Conflict highlights the ongoing tension regarding parliamentary decorum and social media influence.