നിയമസഭയിൽ പൊതുജനത്തിനും ചോദ്യം ചോദിക്കാൻ അവസരമുണ്ടാക്കും- സ്പീക്കർ

തിരുവനന്തപുരം: തിരഞ്ഞെടുക്കപ്പട്ട പ്രതിനിധികൾക്ക് മാത്രമല്ല അവരെ തിരഞ്ഞെടുക്കുന്ന ജനങ്ങൾക്കും നിയമസഭയിൽ പങ്കാളിത്തം നൽകുന്ന രീതിയിൽ ചരിത്രപരമായ ചില തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ചില വിദേശ ജനപ്രതിനിധി സഭകളിലുള്ളതുപോലെ പൊതുജനത്തിനും ചോദ്യം ചോദിക്കാൻ അവസരം ഉണ്ടാകണം. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പ്രസ്‌ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ സൗണ്ട് പാർക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്സ് ആക്ടിങ് കോഴ്‌സിന്റെയും സ്റ്റുഡിയോ കോംപ്ലക്സിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സ്പീക്കർ. നിയമസഭയെ ജനകീയമാക്കാൻ നിരവധി പദ്ധതികൾ മനസ്സിലുണ്ട്. 138 വർഷത്തെ ചരിത്രമുള്ള കേരള നിയമസഭയിലെ പുസ്തകങ്ങൾ ഓഡിയോ ബുക്കുകളാക്കാനുള്ള പരിശ്രമമുണ്ടാകുമെന്നും തിരുവഞ്ചൂർ അറിയിച്ചു.
പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്.ശ്രീകേഷ് അധ്യക്ഷത വഹിച്ചു. പ്രൊഫ. അലിയാർ, സൗണ്ട് പാർക്ക് അക്കാദമി ഡയറക്ടർ ബാലകൃഷ്ണൻ പെരിയ, ഐ.ജെ.ടി. ഡയറക്ടർ പി.വി.മുരുകൻ, പി.എ.സലിം, പ്രസ് ക്ലബ് സെക്രട്ടറി പി. ആർ.പ്രവീൺ, ട്രഷറർ വിനീഷ് തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Introduction of public questioning system in the Kerala Assembly., Proposal to convert historical assembly documents into audiobooks., Speaker's vision for a more people-centric legislative process., Inauguration of the new Voice Acting course at Press Club Institute of Journalism.