'ആശ'മാരുടെ ആവശ്യം ഏറ്റെടുത്ത് പ്രതിപക്ഷം, അധിക ഓണറേറിയം പ്രഖ്യാപിച്ച് തദ്ദേശ സ്ഥാപനങ്ങള്‍

സെക്രട്ടേറിയറ്റിനു മുന്നിൽ നേരത്തെ നടന്ന ആശ വർക്കർമാരുടെ സമരം | ഫോട്ടോ: എസ് ശ്രീ​കേഷ് / മാതൃഭൂമി
സെക്രട്ടേറിയറ്റിനു മുന്നിൽ നേരത്തെ നടന്ന ആശ വർക്കർമാരുടെ സമരം | ഫോട്ടോ: എസ് ശ്രീ​കേഷ് / മാതൃഭൂമി

കോട്ടയം/കൊച്ചി:  വേതനവർധനവ് ഉൾപ്പെടെ ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ ആശമാർ നടത്തുന്ന സമരം ദിവസങ്ങൾ പിന്നിടുമ്പോൾ ഓണറേറിയം വർധിപ്പിച്ച് വിവിധ ​നഗരസഭകളും പഞ്ചായത്തുകളും. യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂർ, മണ്ണാർക്കാട്, മരട് ന​ഗരസഭകളും ബിജെപി ഭരിക്കുന്ന കോട്ടയം മുത്തോലി ​ഗ്രാമപഞ്ചായത്തുമാണ് അധിക ഓണറേറിയം പ്രഖ്യാപിച്ചിരിക്കുന്നത്. പെരുമ്പാവൂർ, മരട് ന​ഗരസഭകൾ  2000 രൂപയും മണ്ണാർക്കാട് ന​ഗരസഭ 2100 രൂപയും മുത്തോലി ​ഗ്രാമപഞ്ചായത്ത് 7000 രൂപയും അധിക ഓണറേറിയം നൽകും.

സർക്കാർ നിലവിൽ കൊടുത്തുവരുന്ന ഓണറേറിയത്തിനും ഇൻസെന്റീവിനും പുറമേയാണ് ഈ തുക പഞ്ചായത്ത് ​- ന​ഗരസഭ തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പണി ചെയ്യുന്നവർക്ക് വേതനം നൽകണം, അത് ഔദാര്യമല്ല അവകാശമാണെന്ന് മുത്തോലി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി പറഞ്ഞു. ഒരു വർഷം ഒരു ആശയ്ക്ക് 84,000 രൂപ അധികം ലഭിക്കും. ഇതിനായി പഞ്ചായത്ത് ബഡ്ജറ്റിൽ 12 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസം കോണ്‍ഗ്രസ് ഭരിക്കുന്ന കോന്നി, എലപ്പുള്ളി, തൊടിയൂർ ​ഗ്രാമപഞ്ചായത്തുകളും ബിജെപി ഭരിക്കുന്ന പാലക്കാട് ​ന​ഗരസഭയും അധിക ഓണറേറിയം പ്രഖ്യാപിച്ചിരുന്നു.  ​കോന്നി ഗ്രാമപഞ്ചായത്ത് ആശപ്രവർത്തകർക്ക് 2000 രൂപ വീതവും  എലപ്പുള്ളി, തൊടിയൂർ ഗ്രാമപഞ്ചായത്തുകളും പാലക്കാട് നഗരസഭയും  1000 രൂപ വീതവും അധികം നൽകുന്നതിന് ബഡ്ജറ്റിൽ തുക മാറ്റിവെച്ചിരുന്നു. ആശവർക്കർമാരുടെ സമരത്തോട് കേരള സർക്കാർ മുഖം തിരിക്കുന്ന സാഹചര്യത്തിലാണ് യുഡിഎഫും ബിജെപിയും ഭരിക്കുന്ന ​നഗരസഭകളും പഞ്ചായത്തുകളും ഓണറേറിയം ഇനത്തിൽ തനതുഫണ്ടിൽ നിന്ന് തുക മാറ്റിവെക്കുന്നത്.

Content Highlights: Several Kerala Panchayats & Municipalities increase Asha worker honorarium