തോറ്റവർ ജയിച്ചു, ജയിച്ചവർ തോറ്റു; മാറിമറിഞ്ഞ് അക്ഷയ സംരംഭകരുടെ പരീക്ഷാഫലം

തിരുവനന്തപുരം: പുതിയ അക്ഷയകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള സംരംഭകർക്കായി നടത്തിയ പരീക്ഷയുടെ ഫലം മണിക്കൂറുകൾക്കുള്ളിൽ മാറിമറിഞ്ഞു. ബുധനാഴ്ച രാവിലെ 11.30-നാണ് ആദ്യം ഫലം പ്രഖ്യാപിച്ചത്. രാത്രി എട്ടരയോടെ ആദ്യപട്ടിക മാറ്റിമറിച്ച് വീണ്ടും ഫലപ്രഖ്യാപനം വന്നു.
ആദ്യം തോറ്റ പലരും ജയിക്കുകയും വിജയിച്ചെന്ന് കരുതിയിരുന്നവർ തോൽക്കുകയുംചെയ്തു. സംസ്ഥാനസർക്കാരിന്റെ വിവര സാങ്കേതിക വകുപ്പിനുവേണ്ടി എൽ.ബി.എസ്. നടത്തിയ പരീക്ഷയിലാണ് മറിമായം
രണ്ടാം ഫലപ്രഖ്യാപനത്തിൽ പലർക്കും പത്തുമുതൽ 20 മാർക്കിന്റെ വരെ വ്യത്യാസമുള്ളതായാണ് സൂചന. മൂന്നുമാസം മുമ്പാണ് ഒ.എം.ആർ. പരീക്ഷ നടത്തിയത്. ഇനി അഭിമുഖം നടത്താനുണ്ട്. 100 മാർക്കിന്റേതായിരുന്നു ഒ.എം.ആർ. പരീക്ഷ. ഇതിൽ 50 മാർക്കിൽ കൂടുതൽ ലഭിച്ചവരെയാണ് അഭിമുഖത്തിന് പരിഗണിക്കുക. അപേക്ഷക്കൊപ്പംചേർത്ത രേഖകൾക്ക് 30 മാർക്കുണ്ട്. ഇതിൽ ഒമ്പതിൽക്കൂടുതൽ ലഭിച്ചവരാണ് പരീക്ഷ എഴുതാൻ യോഗ്യത നേടിയത്. അഭിമുഖത്തിന് പരമാവധി 30 മാർക്കാണ് ലഭിക്കുക. 100 മാർക്കിനാണ് ഒ.എം.ആർ. പരീക്ഷയെങ്കിലും 40 ആയിട്ടാണ് മൊത്തം പോയിന്റിൽ പരിഗണിക്കുക.
ഒരാഴ്ച മുൻപ് ഉത്തരസൂചിക വൈബ്‌സൈറ്റിൽ പുനഃപ്രസിദ്ധീകരിച്ചിരുന്നു. മുമ്പ് ഐ.ടി. വകുപ്പ് നേരിട്ടായിരുന്നു പരീക്ഷ നടത്തിയിരുന്നത്. ആരോപണങ്ങൾ ഉയർന്നതോടെയാണ് എൽ.ബി.എസിനെ ഏല്പിച്ചത്. സംസ്ഥാനത്ത് 1000 അക്ഷയ കേന്ദ്രങ്ങളാണ് പുതിയതായി ആരംഭിക്കുന്നത്. സാങ്കേതികപ്പിഴവ്- എൽ.ബി.എസ്.
ഫലം വൈബ്സൈറ്റിൽ അപ് ലോഡ് ചെയ്തപ്പോൾ വന്ന സാങ്കേതികപ്പിഴവുകൾ തിരുത്തുകയാണ് ഉണ്ടായതെന്നാണ് എൽ.ബി.എസിന്റെ വാദം.
Content Highlights: Akshaya Centre exam results were revised hours after the initial announcement., LBS conducted the OMR examination for the IT department of Kerala., Candidates noticed a difference of 10 to 20 marks in the revised list., LBS attributed the sudden change to technical errors during website upload.