കാർഷിക സർവകലാശാല നീക്കിയത് 4100 കിലോഗ്രാം ഇ-മാലിന്യം

തൃശ്ശൂർ: ഇലക്‌ട്രോണിക് മാലിന്യ നിർമാർജനയജ്ഞവുമായി കേരള കാർഷിക സർവകലാശാല രംഗത്തെത്തിയപ്പോൾ പ്രധാന കാമ്പസിൽനിന്നുമാത്രം നീക്കിയത് 4,100 കിലോഗ്രാം ഇ-മാലിന്യം. മാലിന്യമുക്ത കേരളം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേരളസർക്കാർ സ്ഥാപനമായ ക്ലീൻ കേരള മിഷനുമായി ചേർന്നാണ് ഇ-മാലിന്യ നിർമാർജന യജ്ഞം നടപ്പാക്കിയത്.
ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവച്ചേക്കാവുന്ന നാലുടണ്ണിലധികം മാലിന്യമാണ് സർവകലാശാലയുടെ കാര്യക്ഷമമായ ഇടപെടൽമൂലം ശേഖരിച്ച് പരിസ്ഥിതിസൗഹൃദപരമായി സംസ്‌കരിക്കാനായത്. ഇതുവഴി സർവകലാശാലയ്ക്ക് 41000 രൂപ കിട്ടുകയും ചെയ്തു.
ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് ഡയറക്ടർ ഡോ. പി.ഒ. നമീർ, സിസ്റ്റംസ് മാനേജർ ബിജു വി.ആർ., പ്രോഗ്രാമർമാരായ അനീഷ് സി.വി., സെൻലാൽ പി.കെ., ഷീബ എസ്., ബെൻസി വർഗീസ് എന്നിവർ നേതൃത്വം നൽകി. മാതൃകാപരമായ ഇ-മാലിന്യ റീസൈക്ലിങ്ങിന് നേതൃത്വം നൽകിയ സർവകലാശാലാസംഘത്തെ വൈസ് ചാൻസലർ ബി. അശോക് അഭിനന്ദിച്ചു.
Content Highlights: kerala agricultural university-e waste