വാർത്താചോർച്ചാ വിവാദം: CM ഓഫീസ് ഇടപെട്ടു, കൃഷി പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അശോക് തെറിച്ചു

തിരുവനന്തപുരം: കേരപദ്ധതിക്കുള്ള ലോകബാങ്ക് സഹായം വകമാറ്റിയെന്ന വാർത്ത മാധ്യമങ്ങളിൽ വന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിൽ കൃഷി പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് മാറ്റി. കെടിഡിഎഫ്‌സി ചെയർമാനും എംഡിയുമായി സെക്രട്ടേറിയറ്റിനുപുറത്താണ് നിയമനം. പകരം നിയമിച്ച ടിങ്കുബിസ്വാൾ ചുമതലയേറ്റു. കാർഷിക സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്ത് അശോക് തുടരും.
വാർത്ത ചോർന്നതിനുപിന്നിൽ ഉന്നതകേന്ദ്രങ്ങളാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം നിർദേശിച്ചതനുസരിച്ചാണ് ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടത്. കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ഇ-മെയിലിൽനിന്ന് പുറത്തുപോയ ലോകബാങ്ക് സന്ദേശം എബ്രഹാം ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. എന്നാൽ, ഇതിന്റെ അന്വേഷണച്ചുമതല അശോകിനുതന്നെ ലഭിച്ചു.
വിവാദത്തിലായ ഇ-മെയിൽ കൃഷിവകുപ്പിലെ നാല് ഉദ്യോഗസ്ഥർമാത്രം കൈകാര്യംചെയ്യുന്നതാണെന്നും എന്നാൽ, അവർ അത് തുറന്നിട്ടില്ലെന്നുമാണ് റിപ്പോർട്ടിൽ അശോക് ചൂണ്ടിക്കാട്ടിയത്. അവർ അല്ലാതെ തുറന്നത് ചോർത്തലാണെന്നും ഐടി നിയമപ്രകാരം കുറ്റകരമാണെന്നും വാദിച്ച് അശോക് അന്വേഷണം അവസാനിപ്പിച്ചു. മാധ്യമങ്ങളിൽ വാർത്തവന്നശേഷമാണ് ഇ-മെയിൽ സന്ദേശത്തിന്റെ പ്രിന്റ് എടുത്തതെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് കൃഷിമന്ത്രി വഴി ചീഫ് സെക്രട്ടറിക്ക് അശോക് കൈമാറിയിരുന്നു. ഇത് മുഖ്യമന്ത്രിക്ക് ലഭിച്ചതിനുപിന്നാലെയാണ് അശോകിന്റെ സ്ഥാനചലനം.
അശോക് നിയമനടപടിക്ക്
കെടിഡിഎഫ്‌സി ചെയർമാൻ സ്ഥാനം പ്രിൻസിപ്പൽ സെക്രട്ടറിക്ക് തുല്യമായ തസ്തികയായി ഉയർത്തിയാണ് അശോകിനെ നിയമിച്ചതെങ്കിലും ജൂനിയർ ഓഫീസർമാരാണ് സാധാരണായായി ഈ പദവിയിൽ എത്തുന്നത്. ഉത്തരവിലെ അപാകം ചൂണ്ടിക്കാട്ടി അശോക് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചേക്കും.
Content Highlights: Kerala Agriculture Secretary Transferred Amidst World Bank Fund Diversion Probe